കൂടല്‍മാണിക്യം മണിമാളിക ആദ്യം പൊളിക്കാന്‍ നിര്‍ദേശം: പിന്നെ ലൈസന്‍സ് പുതുക്കാനും

പൊളിക്കാന്‍ ഉത്തരവിട്ട കൂടല്‍മാണിക്യം മണിമാളികക്കെട്ടിടത്തിലെ കടകള്‍ക്കു നഗരസഭ തന്നെ ലൈസന്‍സ് പുതുക്കി നല്കി
ഇരിങ്ങാലക്കുട: അപകടാവസ്ഥയില്‍ നില്ക്കുന്ന കൂടല്‍മാണിക്യം ദേവസ്വം ഉടമസ്ഥതയിലുള്ള മണിമാളികക്കെട്ടിടം പൊളിച്ചുനീക്കാന്‍ ഉത്തരവിട്ട നഗരസഭ, അതിലെ കടകളുടെ ലൈസന്‍സ് പുതുക്കി നല്കി. അപകടാവസ്ഥയിലായ കെട്ടിടം എത്രയും വേഗം പൊളിച്ചുനീക്കി, വിവരം രേഖാമൂലം അറിയിക്കണമെന്നാവശ്യപ്പെട്ട് നഗരസഭാ സെക്രട്ടറി ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ക്കു ഉത്തരവ് നല്‍കിയത് കഴിഞ്ഞ ഡിസംബറിലാണ്. കെട്ടിടം ഉപയോഗ്യമല്ലെന്ന സൂചനയെത്തുടര്‍ന്ന് നഗരസഭാ ഓവര്‍സിയര്‍ നടത്തിയ പരിശോധനയില്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര ദ്രവിച്ച് അപകടാവസ്ഥയിലാണെന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നു. കെട്ടിടം വഴിയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഭീഷണിയായി നില്ക്കുന്ന സാഹചര്യത്തില്‍, കെട്ടിടം ഉപയോഗിക്കുന്നത് നഗരസഭ നിരോധിക്കുകയും ചെയ്തിരുന്നു. കുട്ടംകുളത്തിനു സമീപം പേഷ്കാര്‍ റോഡിലേക്കു തിരിയുന്ന ഭാഗത്ത് എല്‍ ആകൃതിയിലാണ് മണിമാളികക്കെട്ടിടം സ്ഥിതി ചെയ്യുന്നത്. അറുപതിലേറെ വര്‍ഷം പഴക്കമുള്ള ഈ കെട്ടിടം എത്രയും വേഗം പൊളിച്ചു നീക്കണമെന്നു ദേവസ്വം എന്‍ജിനീയറിംഗ് വിഭാഗവും പൊതുമരാമത്ത് എന്‍ജിനീയറും പരിശോധന നടത്തി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്ന് ദേവസ്വം നല്കിയ നോട്ടീസിന്റെ അടിസ്ഥാനത്തില്‍ കെട്ടിടത്തിലെ വാടകക്കാരില്‍ ചിലര്‍ ഒഴിഞ്ഞുപോയെങ്കിലും ചിലര്‍ കോടതിയെ സമീപിച്ചിരിക്കുന്നതിനാല്‍ കെട്ടിടം പൊളിക്കുന്ന പ്രവൃത്തികള്‍ വൈകുകയായിരുന്നു. ഇതിനിടയിലാണ് കെട്ടിടത്തിലെ കടക്കാര്‍ക്കു നഗരസഭ ലൈസന്‍സ് പുതുക്കി നല്‍കിയത്. കഴിഞ്ഞ ദിവസം നടന്ന കൗണ്‍സില്‍ യോഗത്തില്‍ എല്‍ഡിഎഫ് അംഗം പി.വി. ശിവകുമാര്‍ വിഷയം ഉന്നയിക്കുകയും സ്ഥാപനങ്ങള്‍ക്കു നല്കിയ ലൈസന്‍സ് റദ്ദാക്കണമെന്നാവശ്യപ്പെടുകയും ചെയ്തിരുന്നു.

പ്രദീപ് മേനോന്- ദേവസ്വം ചെയര്മാന് അപകടാവസ്ഥയിലാണെന്നു നഗരസഭയും പൊതുമരാമത്തുവകുപ്പും സര്‍ട്ടിഫൈ ചെയ്ത മണിമാളികക്കെട്ടിടത്തില് കച്ചവടം ചെയ്യാന്‍ സ്ഥാപനങ്ങള്‍ക്കു ലൈസന്‍സ് നല്‍കിയത് നഗരസഭയുടെ ഗുരുതര കൃത്യവിലോപമാണ്. നഗരസഭ ഒളിച്ചുകളി നടത്തുകയാണ്. നഗരസഭാ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കും.
കെ.എസ്. അരുണ്‍-നഗരസഭാ സെക്രട്ടറി
കെട്ടിടത്തിലെ വ്യാപാരസ്ഥാപനങ്ങള്‍ക്കു ലൈസന്‍സ് പുതുക്കി നല്‍കിയിട്ടുണ്ടോയെന്നു പരിശോധിച്ചുവരികയാണ്. വ്യാപാരസ്ഥാപനങ്ങള്‍ ലൈസന്‍സ് പുതുക്കുന്നതിനായിഫീസ് അടച്ചിട്ടുണ്ട്. നേരത്തെ നഗരസഭ പൊളിക്കാന്‍ ഉത്തരവിട്ട കെട്ടിടമാണെന്ന കാര്യം അറിയാതെ ലൈസന്‍സ് പുതുക്കി നല്‍കിയിട്ടുണ്ടെന്നാണ് അറിയുന്നത്. അങ്ങനെ നല്കിയിട്ടുണ്ടെങ്കില് അത് റദ്ദാക്കാന്‍ ഉത്തരവ് നല്‍കിയിട്ടുണ്ടെന്നും സെക്രട്ടറി പറഞ്ഞു.