വഴിവിളക്കുകള്‍ പുനഃസ്ഥാപിച്ചില്ല; അപകട മരണങ്ങള് തുടര്‍ക്കഥയായ കരുവന്നൂര്‍ പാലത്തില്‍ ഇരുട്ട് മാത്രം
കരുവന്നൂര്‍: അപകട മരണങ്ങള് തുടര്‍ക്കഥയായ പാലത്തില്‍ സുരക്ഷാ വേലി സ്ഥാപിക്കുന്നതിന്റെ ഭാഗമായി മാസങ്ങള്‍ക്ക് മുന്‍പ് അഴിച്ചുമാറ്റിയ വഴിവിളക്കുകള്‍ പുനഃസ്ഥാപിക്കാന്‍ അധികൃതര്‍ തയാറാകുന്നില്ലെന്ന് പരാതി. ദിവസവും നൂറുകണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന തൃശൂര്‍ കൊടുങ്ങല്ലൂര്‍ സംസ്ഥാന പാതയുടെ ഭാഗമായ കരുവന്നൂര്‍ പാലത്തിനു മുകളില്‍ രാത്രി ഇരുട്ടു മൂടിയ സ്ഥിതിയാണ്. പാലത്തിന്റെ തെക്കു ഭാഗത്ത് നടപ്പാതയോട് ചേര്‍ന്നുള്ള ഭാഗം തകര്‍ന്ന് കുഴിയായി കിടക്കുകയാണ്.
പ്രദേശത്ത് വെളിച്ചമില്ലാത്തതിനാല്‍ രാത്രി കാല്‍നടയാത്രികര്‍ അപകടത്തില്‍ പെടുത്തും. തൃശൂര്‍ കൊടുങ്ങല്ലൂര്‍ റോഡിന്റെ നവീകരണം നടത്തുന്ന കെസ്ടിപിഎ കരാര്‍ കമ്പനിയാണ് പാലത്തിന്റ ഇരു കൈവരികളിലും സുരക്ഷാ വേലി സ്ഥാപിച്ചത്. പാലത്തില്‍ അടിയന്തരമായി വഴിവിളക്കുകള്‍ സ്ഥാപിക്കണമെന്ന് കോണ്‍ഗ്രസ് പൊറത്തിശേരി മണ്ഡലം 33, 35 ബൂത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ഡിസിസി സെക്രട്ടറി സതീഷ് വിമലന്, റപ്പായി കോറോത്തു പറമ്പില്‍, കെ.കെ. അബ്ദുല്ലക്കുട്ടി, ടി.എം. ധര്മരാജന്, കെ.എ. അബൂബക്കര്‍, പി.ഒ. റാഫി എന്നിവര്‍ പ്രസംഗിച്ചു.