കാട്ടൂര്‍ പഞ്ചായത്തിലെ പരിശോധന കര്‍ശനമാക്കി ആരോഗ്യവകുപ്പും പഞ്ചായത്തും
കാട്ടൂര്‍: കോവിഡ്-19 അതിവ്യാപനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറത്തിറക്കിയ മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെയുള്ള നടപടികള്‍ കര്‍ശനമാക്കി ആരോഗ്യവകുപ്പും കാട്ടൂര്‍ പഞ്ചായത്തും. കാട്ടൂരില്‍ രണ്ട്, നാല്, ഏഴു വാര്‍ഡുകള്‍ കണ്ടൈയ്ന്‍മെന്റ് സോണുകള്‍ ആക്കുകയും കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുകയും ചെയ്ത സാഹചര്യത്തിലാണു നടപടികള്‍ കര്‍ശനമാക്കിയത്. ഇതിന്റെ ഭാഗമായി കാട്ടൂരിലെ മാര്‍ക്കറ്റ് ഉള്‍പ്പെടെയുള്ള വിവിധ സ്ഥലങ്ങളില്‍ പരിശോധന നടത്തി. മാസ്ക് കൃത്യമായി ധരിക്കാത്തവര്‍, സാമൂഹിക അകലം പാലിക്കാത്തവര്‍, മാനദണ്ഡങ്ങള്‍ പാലിക്കാത്ത കടയുടമകള്‍ ഉള്‍പ്പെടെ 16 ഓളം പേര്‍ക്കെതിരെ നടപടി എടുക്കുകയും പിഴയടപ്പിക്കുകയും ചെയ്തു. ഇനിയും ഇത്തരത്തില്‍ ആവര്‍ത്തിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കുകയും കടകളുടെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതുള്‍പ്പെടെയുള്ള മേല്‍നടപടികള്‍ കൈക്കൊള്ളുമെന്നും പരിശോധനക്കു നേതൃത്വം നല്കിയ ആരോഗ്യവകുപ്പ് ഇന്‍സ്പെക്ടര്‍ ഉമേഷ് അറിയിച്ചു. സംസ്ഥാനത്ത് മിക്ക സ്ഥലങ്ങളിലും ക്ലസ്റ്റര്‍ ഉള്‍പ്പെടെ രൂപപ്പെട്ടെങ്കിലും കുറേ കാലങ്ങളായി കാട്ടൂരില്‍ കോവിഡ് രോഗികള്‍ വളരെ കുറവായിരുന്നു. ബസാറിലേക്കുള്ള വാഹനങ്ങളുടെ പ്രവേശനം ഉള്‍പ്പെടെ പഞ്ചായത്ത് കൈക്കൊണ്ട ക്രമീകരണങ്ങളുടെ ഭാഗമായി സമീപ പ്രദേശങ്ങളില്‍ അതിവ്യാപനം ഉണ്ടായിട്ടും കാലങ്ങളായി കാട്ടൂര്‍ സുരക്ഷിതമായിരുന്നു. നിയന്ത്രണങ്ങളില്‍ കനത്ത പ്രതിഷേധം വ്യാപാരികള്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ സംഘടനകളില്‍ നിന്നു ഉണ്ടായതോടെ നിയന്ത്രണങ്ങളില്‍ ഇളവു വരുത്താന്‍ പഞ്ചായത്ത് നിര്‍ബന്ധിതമാകുകയായിരുന്നു. ഇതിനെ തുടര്‍ന്നാണു കോവിഡ് പടരുന്ന അവസ്ഥയിലേക്കു പഞ്ചായത്തിലെ വിവിധ സ്ഥലങ്ങള്‍ മാറിയത്. ഈ പശ്ചാത്തലത്തില്‍ കോവിഡ് പരിശോധന ശക്തമാക്കാന്‍ പ്രസിഡന്റ് ടി.കെ. രമേഷ് ആരോഗ്യവകുപ്പിനു നിര്‍ദേശം നല്‍കുകയായിരുന്നു. വ്യാപനത്തിന്റെ തോത് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളില്‍ പോലീസ് ഉള്‍പ്പെടെയുള്ള വകുപ്പുകളുടെ സഹായത്തോടെ കോവിഡ് പരിശോധന ശക്തമാക്കുമെന്നു പ്രസിഡന്റ് ടി.കെ. രമേഷ് അറിയിച്ചു. ആരോഗ്യവകുപ്പ് ഇന്‍സ്പെക്ടര്‍ ഉമേഷ് നേതൃത്വം നല്കിയ സംഘത്തില്‍ ജൂണിയര്‍ ഇന്‍സ്പെക്ടര്‍ രതീഷ്, പഞ്ചായത്ത് ഉദ്യോഗസ്ഥരായ ആദിത് കൃഷ്ണ, ഷിജിന് എന്നിവര്‍ പങ്കെടുത്തു.