കോവിഡ് വ്യാപനം-നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി
തിരക്കുള്ള കടകളില്‍ ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ തീരുമാനം
ഇരിങ്ങാലക്കുട: വഴിയോര കച്ചവടം കര്‍ശനമായും നിയന്ത്രിക്കാനും തിരക്കുള്ള കടകളില്‍ ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്താനും മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാനും കോവിഡ്-19 രോഗവ്യാപനം തടയുന്നതിനും മുന്‍കരുതലുകള്‍ എടുക്കുന്നതിനുമായി പ്രഫ. കെ.യു. അരുണന് എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. കോവിഡ് പ്രതിരോധത്തിനു കൂടുതല്‍ ജാഗ്രത നല്‍കുന്നതിനൊപ്പം മാസ്ക് ഉപയോഗിക്കല്‍ ജീവിതചര്യയാക്കുന്നതിലും പഞ്ചായത്ത് തല റാപിഡ് റെസ്പോണ്‍സ് ടീമിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിലും യോഗം തീരുമാനമെടുത്തു. സൂപ്പര്‍മാര്‍ക്കറ്റുകള്‍, കച്ചവട സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ കോവിഡ് മാനദണ്ഡം കര്‍ശനമായി പാലിക്കണം. 10 വയസിനു താഴെയുള്ളവരും 60 വയസിനു മുകളിലുള്ളവരും പുറത്തിറങ്ങരുത്. അതിഥി തൊഴിലാളികളെ പഞ്ചായത്ത് തലത്തില്‍ നിരീക്ഷിക്കണം. വിവാഹനടത്തിപ്പ്, മരണം എന്നിവയ്ക്കു സര്‍ക്കാര്‍ നിശ്ചയിച്ച കോവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി നടപ്പാക്കണം. കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുന്നതിനു പൊലീസിന്റെ സേവനം ഉപയോഗപ്പെടുത്തും. യോഗത്തില്‍ ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സണ്‍ നിമ്യ ഷിജു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.കെ. ഉദയപ്രകാശ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ടി.ജി. ശങ്കരനാരായണന്, കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സന്തോഷ്, മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരിത സുരേഷ്, ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസണ്‍, വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉചിത സുരേഷ്, പടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എസ്. സുധന് എന്നിവരും വകുപ്പ് തല ഉദ്യോഗസ്ഥരും പങ്കെടുത്തു.