വര്‍ണ്ണക്കുട ഡിസംബര്‍ 26 മുതല്‍; സംഘാടക സമിതിയായി
ഇരിങ്ങാലക്കുട: ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രി ഡോ. ആര്. ബിന്ദുവിന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുടയുടെ സ്വന്തം സാംസ്കാരികോത്സവമായി ഉയര്‍ന്നുകഴിഞ്ഞ വര്‍ണ്ണക്കുട 26 മുതല്‍ 29 വരെ അരങ്ങേറും. ഇരിങ്ങാലക്കുട മുനിസിപ്പല്‍ മൈതാനം വേദിയായ വര്‍ണ്ണക്കുട ജനകീയോത്സവത്തിന് സംഘാടകസമിതിയായി. സംഘാടകസമിതി രൂപീകരണ യോഗം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു.
മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു. തെന്നിന്ത്യയിലെ പ്രസിദ്ധ കലാതാരങ്ങള്ക്കൊപ്പം പ്രാദേശിക കലാകാരന്മാരും കലാകാരികളും അരങ്ങിലെത്തുന്ന വര്‍ണ്ണക്കുടയുടെ വിജയത്തിനായി 501 അംഗ സംഘാടകസമിതിയ്ക്കാണ് രൂപംനല്കിയത്. കലാസാംസ്കാരിക പ്രവര്‍ത്തകരും ജനപ്രതിനിധികളും സാമൂഹിക പ്രവര്‍ത്തകരും ഉള്‍പ്പെട്ടതാണ് സംഘാടകസമിതി. മന്ത്രി ഡോ. ആര്. ബിന്ദുവാണ് സംഘാടകസമിതി ചെയര്‍പേഴ്സണ്‍.