സംരംഭക ശേഷി ഉണര്‍ത്തിയ സംരംഭക വികസന പരിപാടികള്‍ ‘ടൈക്കൂണ്‍’ സമാപിച്ചു
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് ഓഫ് എന്ജിനീറിംഗിലെ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് ഡിപ്പാര്‍ട്മെന്റ് നടത്തിയ ‘ടൈക്കൂണ്‍ 2020’ എന്ന പേരില്‍ സംഘടിപ്പിച്ച ഒരു ആഴ്ച്ച നീണ്ടു നിന്ന സംരംഭക വികസന പരിപാടികള്‍ സമാപിച്ചു. ഇന്നത്തെ മാറുന്ന ജീവിത സാഹചര്യങ്ങളില്‍ കോവിഡ് അനന്തര കാലഘട്ടത്തില്‍ ഒരു പുതിയ സംരംഭം തുടങ്ങുവാനുള്ള എല്ലാവിധ മാര്‍ഗനിര്‍ദേശങ്ങളും പ്രോത്സാഹനവും നല്കാന് ഉതകുന്ന രീതിയില്‍ ആയിരുന്നു ടൈക്കൂണ്‍. കേരളത്തില്‍ ഇന്നോളം കാണാത്ത രീതിയില്‍ വിദ്യാര്‍ഥികളുടെ സ്വയം സംരംഭകത്വ ബോധം ഉണര്‍ത്താന്‍ വേണ്ടിയാണു ഈ പരിപാടി സംഘടിപ്പിച്ചതെന്നു ക്ഷണം സ്വീകരിച്ചെത്തിയ വിശിഷ്ട വ്യക്തികള്‍ പറഞ്ഞു. ഈസ്റ്റേണ്‍ ഗ്രൂപ്പിന്റെ ചെയര്മാന് നവാസ് എം. മീരനും അഗ്രോ പാര്‍ക്ക് ചെയര്മാന് ഡോ. ബൈജു നെടുംകേരിയും ഉദ്ഘാടന കര്‍മം നിര്‍വഹിച്ചു. മെക്കാനിക്കല്‍ വിഭാഗം മേധാവി എം.ടി. സിജോ അധ്യക്ഷത വഹിച്ചു. ക്രൈസ്റ്റ് കോളജ് ഓഫ് എന്ജിനീറിംഗിലെ എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര, ജോയിന്റ് ഡയറക്ടര്‍ ഫാ. ജോയ് പയ്യപ്പിള്ളി, പ്രിന്‍സിപ്പല്‍ ഡോ. സജീവ് ജോണ്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. വി.ഡി. ജോണ്‍, മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് ഡിപ്പാര്‍ട്ട്മെന്റ് സ്റ്റുഡന്റ്സ് അസോസിയേഷന് സെക്രട്ടറി അലന് ഷാജു എന്നിവര്‍ പ്രസംഗിച്ചു. ഗവണ്മെന്റ് അംഗീകൃത എന്‍ജിഒ ആയ അഗ്രോ പാര്‍ക്കിന്റെ ചെയര്മാന് ഡോ. ബൈജു നെടുംകേരി ഭക്ഷ്യ സംസ്കരണത്തിനു ഉപയോഗിക്കുന്ന അനവധി യന്ത്രങ്ങളുടെ ഓണ്‍ലൈന്‍ എക്സ്പോ നടത്തി. മത്സ്യങ്ങളുടെ ഓണ്‍ലൈന്‍ വിപണനത്തിലൂടെ ശ്രദ്ധേയനായ ‘ഫ്രഷ് ടു ഹോം’ സഹ സ്ഥാപകന്‍ മാത്യു ജോസഫ് അദ്ദേഹത്തിന്റെ അനുഭവങ്ങള്‍ പങ്കുവെക്കുകയും സാങ്കേതിക വിദ്യയുടെ വിവിധ തരം സാധ്യതകളെ പറ്റി ചര്‍ച്ച ചെയ്യുകയും ചെയ്തു. തൃശൂര്‍ ഡിസ്ട്രിക്ട് ഇന്‍ഡസ്ട്രിയല്‍ സെന്ററിലെ അസിസ്റ്റന്റ് ഡയറക്ടര്‍ റഹ്മത് അലി പുതിയ പ്രസ്ഥാനങ്ങള്‍ക്കു ആവശ്യമായിട്ടുള്ള നിയമ വശങ്ങളെ കുറിച്ചും സബ്സിഡി സ്കീമുകളെ കുറിച്ചും അദ്ദേഹത്തിന്റെ അറിവുകള്‍ പങ്കുവെച്ചു. വി ഗാര്‍ഡിന്റെ സ്ഥാപകന്‍ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി അദ്ദേഹത്തിന്റെ അനുഭവങ്ങള്‍ പങ്കു വെയ്ക്കുന്നതിനൊപ്പം ചെറുകിട സംരംഭങ്ങളുടെ കേരളത്തിലെ ഭാവി സാധ്യതകളെ പറ്റി ഉള്ള അദ്ദേഹത്തിന്റെ ആശയങ്ങള്‍ നല്‍കുകയും ചെയ്തു. ‘സാമ്പത്തിക സ്വാതന്ത്ര്യം’ എന്ന വിഷയത്തെ കുറിച്ച് ‘ഫണ്ട് ഫോളിയോ’ സിഇഒ ശരീക് ഷംസുദ്ദീന് പ്രസംഗിച്ചു. കേന്ദ്ര ഗവണ്മെന്റിന്റെ കീഴില്‍ ഉള്ള എംഎസ്എംഇ കേരളയുടെ ഡെപ്യൂട്ടി ഡയറക്ടര്‍ ജി.എസ്. പ്രകാശ് പുതിയ പ്രസ്ഥാനങ്ങള്‍ക്കു ആവശ്യമായിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്കി. വിദ്യാര്‍ഥികളുടെ സംരംഭക ശേഷി വര്‍ധിപ്പിക്കാനുള്ള ക്യാപ്റ്റന്‍ കൂള്‍ എന്ന മത്സരം സംഘാടകരുടെ പ്രവര്‍ത്തന മികവിന്റെ നേര് സാക്ഷ്യമായിരുന്നു. വിവിധ കലാലയങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ മാറ്റുരച്ച മത്സരത്തില്‍ മിഷാന മുഹമ്മദ്, അന്സണ് ജോസ്, മുഹമ്മദ് ആഷിക് എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. അതേ ദിവസം ബിസിനസ് പ്ലാനിംഗ് അതുപോലെ തന്നെ അതിന്റെ വിപണന തന്ത്രങ്ങള്‍ എന്നിവയെ കുറിച്ചുള്ള ഇട്ടീര കാവുങ്ങലിന്റെ സെഷനോടു കൂടി പരിപാടികള്‍ സമാപിച്ചു. സമാപന ചടങ്ങില്‍ ടൈക്കൂണിന്റെ കോ-ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ച മെക്കാനിക്കല്‍ ഡിപ്പാര്‍ട്മെന്റ് അസിസ്റ്റന്റ് പ്രഫ. ഡോണി ഡൊമിനിക് പ്രസംഗിച്ചു.