വിവാഹ വാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ചു; പ്രതിയ്ക്ക് 10 വര്‍ഷം കഠിനതടവും പിഴയും

ഇരിങ്ങാലക്കുട: പത്തൊമ്പതുക്കാരിയായ കോളജ് വിദ്യാര്‍ഥിനിയെ വിവാഹവാഗ്ദാനം നല്കി ലൈംഗീകമായി പീഡിപ്പിച്ച കേസില്‍ പ്രതിയ്ക്ക് 10 വര്‍ഷം കഠിനതടവും എഴുപത്തയ്യായിരം രൂപ പിഴയും ശിക്ഷ വിധിച്ചുകൊണ്ട് ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യല്‍ കോടതി ജഡ്ജ് വിവീജ സേതുമോഹന് വിധി പ്രസ്താവിച്ചു. കാരുമാത്ര എരാട്ടുപറമ്പില് മുഹമ്മദ് സാഗര്‍ (42) നെയാണ് കോടതി ശിക്ഷിച്ചത്.
2018 ആഗസ്റ്റ് മാസം മുതല്‍ 2019 മാര്‍ച്ച് വരെയുള്ള കാലയളവിനുള്ളില്‍ ചാലക്കുടിയിലെ പ്രമുഖ വിദ്യാഭ്യാസ്ഥാപനത്തില് വിദ്യാര്‍ഥിനിയായിരുന്ന യുവതിയെ വിവാഹിതനാണെന്ന കാര്യം മറച്ച് വെച്ച് വിവാഹവാഗ്ദാനം നല്കി അതിരപ്പിള്ളിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ എത്തിച്ച് പിഡിപ്പിക്കുകയും മൊബൈല്‍ഫോണില്‍ യുവതിയുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തുകയും ആയത് അശ്ലീലസൈറ്റുകളില്‍ അപ്ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി മറ്റൊരു റിസോര്‍ട്ടിലും യുവതിയുടെ വീട്ടില്‍ വെച്ചും പീഡിപ്പിച്ചുവെന്നാണ് കേസ്.
ഇരിങ്ങാലക്കൂട പോലീസ് ചാര്‍ജ്ജ് ചെയ്ത കേസില്‍ പ്രോസിക്യൂഷന് ഭാഗത്തുനിന്നും 23 സാക്ഷികളേയും റിസോര്‍ട്ടുകളിലെ ഗസ്റ്റ് രജിസ്റ്റര്‍ ഉള്‍പ്പടെ 35 രേഖകളും തൊണ്ടിവസ്തുക്കളായി രണ്ട് മൊബൈല്‍ഫോണുകളും പ്രതിഭാഗത്തുനിന്ന് രണ്ടു സാക്ഷികളെയും 13 രേഖകളും ഹാജരാക്കി തെളിവ് നല്‍കിയിരുന്നു. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് പോലീസ് സബ്ബ് ഇന്‍സ്പെക്ടര്‍ ആയിരുന്ന എം.ജെ. ജിജോ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയ കേസില്‍ ഇന്‍സ്പെക്ടര്‍ അനീഷ് കരീം ആണ് കുറ്റപത്രം സമര്‍പ്പിച്ചത്.
പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. വിജു വാഴക്കാല ഹാജരായി. ലെയ്സണ്‍ ഓഫീസര്‍ ടി. ആര്. രജിനി പ്രോസിക്യൂഷന് നടപടികള്‍ ഏകോപിപ്പിച്ചു. പ്രതിയെ തൃശൂര്‍ ജില്ലാ ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു. പിഴ സംഖ്യ ഈടാക്കിയാല്‍ ആയത് അതിജീവിതയ്ക്ക് നഷ്ടപരിഹാരമായി നല്കുവാനും കൂടാതെ, അതിജീവിതയ്ക്ക് മതിയായ നഷ്ടപരിഹാരം നല്കാന് ജില്ലാ ലീഗല്‍ സര്‍വ്വീസ് അഥോറിറ്റിക്ക് നിര്‍ദ്ദേശം നല്കുവാനും ഉത്തരവില്‍ വ്യവസ്ഥയുണ്ട്.