ബോയ്സ് സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ കെട്ടിട നിർമാണ പ്രവർത്തനങ്ങൾ ഹൈക്കോടതി സ്റ്റേ ചെയ്തു
ഇരിങ്ങാലക്കുട: മോഡൽ ബോയ്സ് സ്കൂൾ ഗ്രൗണ്ടിന്റെ സ്കൗട്ട് ആൻഡ് ഗൈഡ്സ് ജില്ലാ ആസ്ഥാന മന്ദിരത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ തടഞ്ഞു കൊണ്ട് കേരള ഹൈക്കോടതി ഉത്തരവ്. ഗ്രൗണ്ടിന്റെ വികസനവുമായി ബന്ധപ്പെട്ട് സ്കൂൾ പിടിഎയുടെയും പൂർവ വിദ്യാർഥി സംഘടനയുടെയും എതിർപ്പിനെ മറികടന്ന് നഗരസഭാ അധികൃതരും സ്കൗട്ട് ആൻഡ് ഗൈഡ്സും നടത്തിയ ഗ്രൗണ്ട് നിരത്തൽ ഉൾപ്പെടെയുള്ള നിർമാണ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോയപ്പോഴാണു സ്കൂൾ പിടിഎയും ഒഎസ്എയും കോടതിയെ സമീപിച്ചത്. ഇതിനെത്തുടർന്നാണു ഹൈക്കോടതി പ്രവർത്തനങ്ങൾ സ്റ്റേ ചെയ്തത്. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതു വരെ നിർമാണ പ്രവർത്തനങ്ങൾ നിർത്തി വെക്കാനാണു കോടതി ഉത്തരവ്. പിടിഎ പ്രസിഡന്റ് ടി.എ. നൗഷാദ്, വൈസ് പ്രസിഡന്റ് റെജി സെബാസ്റ്റ്യൻ, ഒഎസ്എ പ്രസിഡന്റ് റിട്ട. പ്രഫ. ജോസ് തെക്കേത്തല, സെക്രട്ടറി സി.പി. ഉണ്ണികൃഷ്ണൻ എന്നിവരാണു നിയമ നടപടികൾക്കു നേതൃത്വം നല്കുന്നത്.