തെക്കുംകര-ചീപ്പുചിറ മത്സ്യകാപ്പ് ബണ്ടുകള്‍ അടിയന്തരമായി കെട്ടി സംരക്ഷിക്കണം
കോണത്തുകുന്ന്: കരൂപ്പടന്ന-കടലായി റോഡിന്റെ അരംഭത്തിലുള്ളതും ഓരോ വര്‍ഷവും തുലാം മാസം 10-ാം ദിവസം കെട്ടി സംരക്ഷിക്കുന്നതുമായ തെക്കുംകര മത്സ്യകാപ്പ് ബണ്ട്, കരൂപ്പടന്ന വള്ളിവട്ടം കടവ് റോഡിലുള്ള ചീപ്പുചിറ മത്സ്യകാപ്പ് ബണ്ട് എന്നിവ അടിയന്തരമായി കെട്ടി സംരക്ഷിക്കണമെന്നു വെള്ളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതിയോടു വെള്ളാങ്കല്ലൂര്‍ ഉപഭോക്തൃ സംരക്ഷണ സമിതി ആവശ്യപ്പെട്ടു. കരൂപ്പടന്ന പുഴയില്‍ നിന്നുള്ള ഉപ്പുവെള്ളം കരൂപ്പടന്ന, കടലായി, അന്നിക്കര, വള്ളിവട്ടം, പെരുംതോട്, മുസാഫരിക്കുന്ന് താഴ്ഭാഗം എന്നിവിടങ്ങളിലെ കിണറുകളില്‍ ശുദ്ധജലം മലിനപ്പെടുന്നതു തടയുകയാണു ബണ്ട് കെട്ടി സംരക്ഷിക്കുന്നതുകൊണ്ടു ലക്ഷ്യമിടുന്നത്. പഴയ നെല്‍കൃഷി പുനരാരംഭിക്കുന്നതിനും ഇതു അത്യാവശ്യമാണ്. കഴിഞ്ഞ വര്‍ഷം പഞ്ചായത്തില്‍ നിന്നു ലഭിച്ച തുകയും പലകയും ഉപയോഗിച്ചു ബണ്ട് കെട്ടി സംരക്ഷിച്ചിരുന്നെങ്കിലും ഡിസംബര്‍ ആരംഭത്തില്‍ തന്നെ പലകകള്‍ വെള്ളത്തില്‍ ഒഴുകി കിടക്കുന്നതു കാണുകയും പോലീസിനെയും പഞ്ചായത്ത് അധികൃതരെയും അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നടപടികള്‍ ഉണ്ടായിട്ടില്ലെന്നു സമിതിയുടെ സെക്രട്ടറി എം.കെ. അഹമ്മദ് ഫസലുള്ള, പ്രസിഡന്റ് സുബ്രഹ്മണ്യന് പെരിങ്ങാട്ട് എന്നിവര്‍ പറഞ്ഞു. തെക്കുംകര കാപ്പ് ഭദ്രമായി അടക്കുകയും ദിവസങ്ങള്‍ക്കുള്ളില്‍ വെള്ളം ചോര്‍ന്നു വരുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ കടലായി പ്രദേശവാസികള്‍ കോടതിയില്‍ പരാതി നല്‍കുകയും കമ്മീഷണര്‍ മുഖേന നടത്തിയ പരിശോധനയില്‍ പ്രദേശത്തെ ഭൂരിഭാഗം കിണറുകളിലെയും വെള്ളം കുടിക്കാന്‍ സാധ്യമല്ലെന്നു ബോധ്യപ്പെട്ടിട്ടുള്ളതാണെന്നും മുന്‍സിഫ് കോടതി വെള്ളാങ്കല്ലൂര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് ഇതു സംബന്ധിച്ച് 2015 ല്‍ തെക്കുംകര ബണ്ട് ഭദ്രമായി കെട്ടി സംരക്ഷിക്കുമെന്നു വിധി നല്കിയിട്ടുള്ളതുമാണെന്നു പ്രദേശവാസികള്‍ പറയുന്നു.