മുനിസിപ്പല്‍ മൈതാനം അധികാരികളുടെ കെടുകാര്യസ്ഥത മൂലം നശിക്കുന്നതായി പരാതി
ഇരിങ്ങാലക്കുട: സ്വാതന്ത്ര്യ സമര സ്മരണകളും കായിക സ്മരണകളും ഇരമ്പുന്ന മുനിസിപ്പല്‍ മൈതാനം അധികാരികളുടെ കെടുകാര്യസ്ഥത മൂലം നശിക്കുന്നതായി പരാതി. നിര്‍മാണത്തിലിരിക്കുന്ന മുനിസിപ്പാലിറ്റിയുടെ പഴയ ലൈബ്രറി കെട്ടിടം പൊളിച്ചുമാറ്റിയ അവശിഷ്ടങ്ങളാണു മൈതാനത്ത് നിക്ഷേപിക്കുന്നത്. കെട്ടിടം പൊളിച്ചതിന്റെ അവശിഷ്ടങ്ങള്‍, കുപ്പിച്ചില്ലുകള്‍, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ എന്നിവയാണു ഇവിടെ തള്ളുന്നത്. മഴയില്‍ നനഞ്ഞു കുതിര്‍ന്ന മൈതാനത്തെ മണ്ണിലൂടെ ഭാരം നിറഞ്ഞ ലോറികള്‍ ഓടുമ്പോള്‍ ഉണ്ടാകുന്ന ടയര്‍ പാടുകള്‍ കാലങ്ങളോളം നിറഞ്ഞുനില്ക്കുകയും ഗുരുതരമായ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുകയും ചെയ്യും. മുന്‍സിപ്പല്‍ മൈതാനിയെ തകര്‍ക്കുന്ന ഇത്തരം നടപടികളില്‍ നിന്നും എത്രയും പെട്ടെന്ന് മുനിസിപ്പല്‍ അധികാരികള്‍ പിന്മാറണമെന്നു മനുഷ്യാവകാശ പരിസ്ഥിതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു.
ദിനംപ്രതി മുനിസിപ്പാലിറ്റിയില്‍ വിവിധ ആവശ്യങ്ങളുമായി വരുന്ന പൊതുജനങ്ങള്‍ക്കും കായിക താരങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ ഇട്ടിട്ടുള്ള മണ്ണ് മുനിസിപ്പാലിറ്റിയുടെ കണ്‍വെട്ടത്ത് തന്നെ നിലനിര്‍ത്തുന്നതിന്റെ പുറകില്‍ കരാറുകാരനെ സഹായിക്കുകയാണെന്നു മനുഷ്യാവകാശ പരിസ്ഥിതി സംരക്ഷണ സമിതി ജില്ലാ പ്രസിഡന്റ് ലിന്റേഷ് ഇരിങ്ങാലക്കുട ആരോപിച്ചു. മൈതാനത്തെ കെട്ടിടാവശിഷ്ടങ്ങള്‍ ട്രഞ്ചിംഗ് ഗ്രൗണ്ടിലേക്കോ അല്ലെങ്കില്‍ മറ്റ് എവിടേക്കെങ്കിലോ നീക്കം ചെയ്യണമെന്നും അല്ലാത്ത പക്ഷം ജനകീയ സമരങ്ങള്‍ നിര്‍ബന്ധിതമാകുമെന്നു സമിതി പ്രസിഡന്റ് അറിയിച്ചു. കഴിഞ്ഞ ദിവസം ശുചിത്വ അവാര്‍ഡുകള്‍ വാങ്ങി വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്ന നഗരസഭ തന്നെയാണോ ഈ നടപടികള്‍ക്കു നേതൃത്വം നല്കുന്നതെന്നു മൈതാന സംരക്ഷണ സമിതി പറഞ്ഞു.