ചുരുളഴിയാത്ത ആനീസ് കൊലപാതകത്തിനു ഇന്ന് ഒരാണ്ട്!!!
ഇരിങ്ങാലക്കുട: നാടിനെ നടുക്കിയ കോമ്പാറ ആനീസ് കൊലക്കേസിലെ പ്രതി ആര് ? ഈ ചോദ്യത്തിന് ഉത്തരം തേടിയുള്ള പോലീസിന്റെ യാത്രക്കും ഇനിയും ഫലം കണ്ടെത്താനായിട്ടില്ല. 2019 നവംബര്‍ 14 നാണു ഇരിങ്ങാലക്കുട ഈസ്റ്റ് കോമ്പാറയില്‍ കൂനന്‍ വീട്ടില്‍ പരേതനായ പോള്‍സന്റെ ഭാര്യ ആനീസ് കൊല്ലപ്പെട്ടത്. ആനീസ് കൊല്ലപ്പെട്ട ദിവസം വീടിന്റെ പരിസരത്ത് കര്ട്ടണ് വില്പനക്കാരനെ കണ്ടിരുന്നു എന്നുള്ളതാണു കൊലയാളിയാര് എന്ന ചോദ്യത്തിനു പോലീസിനു ചൂണ്ടികാണിക്കാവുന്ന ഏകതുമ്പ്. ഇയാളെ കണ്ടെത്താന്‍ കേരളത്തിലങ്ങോളമിങ്ങോളമുള്ള കര്ട്ടണ് വില്പനക്കാര് തമ്പടിക്കുന്ന സ്ഥലങ്ങളിലെല്ലാം പോലീസ് തെരച്ചില്‍ നടത്തിയിരുന്നു. എന്നീട്ടും കണ്ടെത്താനായില്ല. കൊലപാതകം നടന്നിട്ട് ഒരു വര്‍ഷം പിന്നിടുമ്പോഴും കൊലയാളി അഥവാ കൊലയാളി സംഘം അജ്ഞാതരായി കഴിയുന്നു. ഒരു പക്ഷേ, ഇന്നേവരെ കേരള പോലീസ് നടത്തിയതില്‍ വെച്ചേറ്റവും മികച്ച കേസന്വേഷണമായിട്ടുപോലും ആനീസ് കൊലക്കേസിലെ കുറ്റവാളികളെ പിടികൂടാന്‍ കഴിയുന്നില്ലെന്നതാണു ശ്രദ്ധേയം
കൊലയ്ക്കു പിന്നിലെ ലക്ഷ്യം അവ്യക്തം… എന്തിനു വളകള്‍ മാത്രം ?????
ഭര്‍ത്താവിന്റെ മരണശേഷം ഒറ്റയ്ക്കു താമസിച്ചിരുന്ന ആനീസിനു രാത്രി കൂട്ടുകിടക്കാന്‍ വരാറുള്ള അടുത്ത വീട്ടിലെ പരിയാടത്ത് രമണി വൈകീട്ട് വീട്ടില്‍ എത്തിയപ്പോഴാണു വീടിന്റെ മുന്നിലെ വാതില്‍ പുറത്തുനിന്ന് അടച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് അകത്തു കയറിനോക്കിയപ്പോഴാണു രക്തത്തില്‍ കുളിച്ചു മരിച്ച നിലയില്‍ ആനീസിനെ കണ്ടത്. അലമാരിയില്‍ മറ്റും വെച്ചിരുന്ന സ്വര്‍ണാഭരണങ്ങളോ പണമോ എടുക്കാതെ ആനീസിന്റെ കൈയ്യിലെ വളകള്‍ മാത്രം മോഷ്ടിക്കാന്‍ കാരണമെന്തായിരിക്കുമെന്ന ചോദ്യമാണു പോലീസിനു ഉത്തരം കിട്ടാതെ നില്‍ക്കുന്നത്. വളരെ എളുപ്പത്തില്‍ ഒരു മോഷ്ടാവിനു എടുത്തുകൊണ്ടുപോകാന്‍ സാധിക്കുന്ന സ്വര്‍ണവും പണവും തൊടാതെ ആനീസ് അണിഞ്ഞിരുന്ന വളകള്‍ മാത്രം മോഷ്ടാവ് കവര്‍ന്നതിന്റെ പിന്നിലെന്തെങ്കിലും കഥയോ രഹസ്യമോ ഉണ്ടോയെന്നാണു പോലീസ് ചികയുന്നത്. നാലു മക്കളുള്ള ആനിസിന്റെ മകനും ഭാര്യയും ഇംഗ്ലണ്ടിലാണ്. മറ്റു മൂന്നു പെണ്മക്കളുടെ വിവാഹം കഴിഞ്ഞതിനാല്‍ അവര്‍ ഭര്തൃവീട്ടിലാണു താമസം. രാവിലെ പള്ളിയില്‍ പോയതിനു ശേഷം 8.30 നു വീട്ടില്‍ തിരിച്ചെത്തിയിരുന്നു. ഉച്ചക്ക് 12.30 നു ഇംഗ്ലണ്ടിലെ മകന് വിളിച്ചിരുന്നുവെങ്കിലും ഫോണ്‍ എടുത്തിരുന്നില്ല. ഇതിനാല്‍ കൊലപാതകം നടന്നതു രാവിലെ 8.30 നും 12.30 നും ഇടയിലാണെന്നാണു പോലീസ് കരുതുന്നത്. ജീവിച്ചിരുന്നാല്‍ മോഷ്ടിക്കാന്‍ ശ്രമിച്ചയാളെ തിരിച്ചറിയുമോ എന്ന ഭയമാണു കൊലയ്ക്കു കാരണമെന്നാണു പോലീസ് സംശയിക്കുന്നത്.
തെളിവുകള്‍ ശൂന്യം, ഇതാണ് പോലീസിനെ കുഴയ്ക്കുന്നത്
ഒരു മോഷ്ടാവ് ഒരിക്കലും മോഷണമോ കൊലയോ നടത്താന്‍ തെരഞ്ഞെടുക്കാത്ത സമയമാണു ആനീസ് കൊലക്കേസിലുണ്ടായിരിക്കുന്നത്. ഒരു തെളിവു പോലും ഇതുവരെയും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടില്ല. സിസിടിവി ദൃശ്യങ്ങളോ ദൃക്സാക്ഷികളോ ഇതുവരെ ഉണ്ടായിട്ടില്ല. സാധാരണ കൊലപാതകം നടന്ന സ്ഥലത്തുന്നിന്നും ലഭിക്കുന്ന സൂചനകളോ തുമ്പുകളോ തെളിവുകളോ വിരലടയാളമോ ഒന്നും ഈ കേസുകളില്‍ സഹായകമായിട്ടില്ല. ഇത് ബോധപൂര്‍വം ചെയ്തതാണോ അതോ അവിചാരിതമായി സംഭവിച്ചതാണോ എന്ന കാര്യത്തില്‍ ആശയകുഴപ്പമുണ്ട്. ആയുധം പൊതിഞ്ഞുകൊണ്ടുവന്നതാണെന്നു സംശയിക്കുന്ന ഒരു മലയാള ദിനപത്രത്തിന്റെ തൃശൂര്‍ എഡിഷന്റെ പേജു മാത്രമാണു പോലീസിനു ലഭിച്ചത്. ആയുധം കണ്ടത്താന്‍ സമീപപ്രദേശങ്ങളിലെല്ലാം കാടും പടലും വെട്ടിതെളിച്ചു തിരച്ചില്‍ നടത്തിയെങ്കിലും യാതൊരു ഫലവും ഉണ്ടായില്ല. കൊലപാതകം നടന്ന വീട്ടിലോ അയല്‍പ്പക്കങ്ങളിലോ സിസിടിവി കാമറ ഇല്ല. അന്യസംസ്ഥാനക്കാര്‍, ആനീസിന്റെ ലൗബേര്‍ഡ് ബിസിനസിലെ ഇടപാടുകള്‍, ബന്ധുക്കള്‍ തുടങ്ങി നിരവധി പേരെ പോലീസ് വിശദമായി ചോദ്യം ചെയ്തെങ്കിലും പ്രതികളിലേക്കുള്ള സൂചനകള്‍ ലഭിച്ചില്ല.മാത്രമല്ല വളരെ എളുപ്പത്തില്‍ എടുത്തുകൊണ്ടുപോകാവുന്ന പണ്ടവും പണവും വേണ്ടെന്നുവച്ച് കയ്യില്‍ മുറുകി കിടക്കുന്ന വള മോഷ്ടിക്കുന്ന രീതിയും പ്രഫഷണല്‍ മോഷ്ടാക്കള്‍ക്കു ഉണ്ടാവില്ലെന്നും കിട്ടിയ സമയം കൊണ്ട് വീടു കാലിയാക്കുന്ന രീതിയാണു പൊതുവേയെന്നും പോലീസ് വിശദീകരിക്കുന്നു.
അന്വേഷണം പഴുതുകളടച്ച്
ആനീസിന്റെ ഭര്‍ത്താവ് പോള്‍സണ്‍ മുമ്പ് ഇറച്ചി വ്യാപാരം നടത്തിയിരുന്നതിനാല്‍ ഇവരുടെ സ്ഥാപനത്തില്‍ മുമ്പ് ജോലി ചെയ്തിരുന്ന അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. കൊലപാതകം നടന്ന ദിവസം രാവിലെ 9.30 സമയത്ത് കര്ട്ടണ് വില്‍ക്കുന്നതിനായി രണ്ടു പേര് വന്നിരുന്നുവെന്നു അയല്വാസിയാസ സ്ത്രീ പറഞ്ഞിരുന്നു. ഇതനുസരിച്ച് വീടുകളില്‍ കയറി ഗൃഹോപകരണങ്ങളും തുണിത്തരങ്ങളും മറ്റും വില്ക്കുവാന് വരുന്ന പരിചയക്കാരല്ലാത്തവരെ കുറിച്ചും അന്വേഷണം നടത്തി. കൊലപാതകത്തിനു ദൃക്സാക്ഷികള്‍ ഇല്ലാത്തതിനാല്‍ പരമാവധി ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുന്നതിനായി തൃശൂരില്‍ നിന്നുള്ള വിരലടയാള വിദഗ്ദരും ഫോറന്‍സിക് വിഭാഗവും എത്തിയിരുന്നു. ഡോഗ് സ്ക്വാഡിലെ നായ കൊലപാതകം നടന്ന വീട്ടില്‍ നിന്നും മണം പിടിച്ച ശേഷം വീടിനു പുറത്തേക്കു റോഡിലേക്കു ഇറങ്ങി 200 മീറ്ററോളം കിഴക്കോട്ടു പോയെങ്കിലും തിരിച്ചു വന്ന് കോമ്പാറയിലേക്കുള്ള വഴിയിലുടെ കുറച്ച് ദൂരം പോയിരുന്നു. തെളിവുകള്‍ ഒന്നും തന്നെ അവശേഷിക്കാതെയാണു കൃത്യം നടത്തിയിരിക്കുന്നത്. കൊലയാളി വിരലടയാളം പതിയാതിരിക്കുവാന്‍ അതീവ ജാഗ്രത പാലിച്ചിരുന്നുവെന്നാണു കരുതുന്നത്. മൂര്‍ച്ചയേറിയ ആയുധം കൊലയ്ക്കു ഉപയോഗിച്ചതിനാലും മനക്കരുത്തുള്ള വ്യക്തികള്‍ക്കാണു ഇത്തരം കൃത്യങ്ങള്‍ ചെയ്യുവാന്‍ സാധിക്കൂ എന്നുള്ളതിനാലുമാണു മാംസവ്യാപാരശാലയിലെ ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് അന്വേഷണം നീങ്ങിയിരുന്നത്. കൊലപാതക ശ്രമത്തിനിടയില്‍ വീട്ടമ്മയ്ക്കു രക്ഷപ്പെടുവാനുള്ള അവസരം ഇല്ലാതെ പോയതിന്റെ പിന്നിലും ഈ കാരണങ്ങള്‍ തന്നെയാണ്. യാതൊരു വിധത്തിലുള്ള ബലപ്രയോഗത്തിന്റെ ലക്ഷണങ്ങള്‍ പോലീസിനു കണ്ടെത്താനായില്ല. സംഭവസമയത്ത് ശബ്ദം വെക്കുവാന്‍ പോലും വീട്ടമ്മക്ക് കഴിഞ്ഞിരുന്നില്ല. ഈ വീടുമായി വളരെയധികം പരിചയമുള്ള വ്യക്തിയാണു ഇതിനു പിന്നിലെന്നാണു പിന്നിലെന്നാണു പോലീസ് ആദ്യം സംശയിച്ചിരുന്നത്. സംശയം തോന്നാത്ത വിധത്തില്‍ വീടിനകത്തേക്കു കയറുവാനും കൃത്യം നടത്തിയ ശേഷം ആഭരണങ്ങളുമായി എളുപ്പത്തില്‍ പുറത്തേക്കിറങ്ങി രക്ഷപ്പെടുവാനും സാധിക്കണമെങ്കില്‍ വീടും പരിസരവും വീട്ടുകാരെയും കുറിച്ച് വ്യക്തമായ അറിവുണ്ടെങ്കിലേ സാധിക്കൂ. വീട് ക്യാമ്പാക്കി അന്വേഷണം, ക്രൈംബ്രാഞ്ചിനു കൈമാറാന്‍ കത്തു നല്കി
പെരുമ്പാവൂര്‍ ജിഷ കൊലക്കേസ് അന്വേഷിച്ച സംഘത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി അന്വേഷണ സംഘം വിപുലീകരിച്ചിരുന്നു. ആനീസ് മരിച്ച വീട് ക്യാമ്പാക്കിയാണു അന്വേഷണം നടന്നത്. ഇപ്പോള്‍ ഡിവൈഎസ്പി ഓഫീസിനു മുകളില്‍ അന്വേഷണ സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. കേസ് ക്രൈംബ്രാഞ്ചിനു വിടണമെന്നാവശ്യപ്പെട്ട് ഒമ്പതു മാസം മുമ്പു വീട്ടുകാര്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും കത്തു നല്‍കിയിരുന്നു. ഇതുവരെയും തെളിയിക്കുവാന്‍ പോലീസിനു സാധിക്കാത്തതിനാല്‍ ക്രൈംബ്രാഞ്ചിനും കേസ് കൈമാറാന്‍ നീക്കം ആരംഭിച്ചിട്ടുണ്ട്.