കാലിക്കറ്റ് സര്‍വകലാശാല കാമ്പസ് ചാട്ടചിലന്തി വൈവിധ്യത്താല്‍ സമൃദ്ധം
ഇരിങ്ങാലക്കുട: കാലിക്കറ്റ് സര്‍വകലാശാല കാമ്പസില്‍ നടത്തിയ പഠനത്തില്‍ ചാട്ടചിലന്തികളുടെ വന്‍ വൈവിധ്യം കണ്ടെത്തി. പത്തുമാസം നീണ്ട പഠനത്തില്‍ 33 ജനുസുകളില്‍ വരുന്ന 46 ഇനം ചാട്ടചിലന്തികളെയാണ് കണ്ടെത്തിയത്. ഇന്ത്യയില്‍ ഇതാദ്യമായാണ് ഒരു പ്രത്യേക സ്ഥലത്തുനിന്നും ഇത്രയധികം ചാട്ടചിലന്തികളുടെ സാന്നിധ്യം കണ്ടുപിടിക്കുന്നത്. വല നെയ്യാത്ത ഇവ ഇരയെ ചാടിവീണു കീഴ്പ്പെടുത്തുന്നതുകൊണ്ടാണു ഇവയെ ചാട്ടചിലന്തികള് എന്നു വിളിക്കുന്നത്. മൂന്നു നിരകളിലായി എട്ടുകണ്ണുള്ള ഇവയുടെ അവസാന ജോഡി കണ്ണുകള്‍ തലയുടെ പിന്‍ഭാഗത്തായാണ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടു ഇവക്കു തല തിരിക്കാതെ തന്നെ പുറകിലുള്ളതും കാണാന്‍ സാധിക്കും. മുന്‍ നിരയിലുള്ള മധ്യഭാഗത്തുള്ള രണ്ടു വലിയ കണ്ണുകളാണു ഇവയെ എളുപ്പം തിരിച്ചറിയാന്‍ സഹായിക്കുന്നത്. ഈ കണ്ണുകളാണു ഇവയെ എളുപ്പം തിരിച്ചറിയാന്‍ സഹായിക്കുന്നത്. ഈ കണ്ണുകള്‍ ഉപയോഗിച്ച് ഇവക്കു ഇരയിലേക്കുള്ള ദൂരം വ്യക്തമായി മനസിലാക്കാനും കൃത്യമായി ഇരയുടെ ശരീരത്തിലേക്കു ചാടി വീഴാനും സാധിക്കുന്നു. കാഴ്ച ശക്തി വളരെ കൂടുതലുള്ള ഇവക്കു രാത്രിയും പകലും ഇര പിടിക്കാന്‍ സാധിക്കും. വര്‍ണ വൈവിധ്യമുള്ള ശരീരത്തോടുകൂടിയ ആണ് ചിലന്തി പ്രത്യേക തരത്തില്‍ നൃത്തം ചെയ്താണു പെണ് ചിലന്തിയെ ഇണ ചേരാന്‍ ആകര്‍ഷിക്കുന്നത്. ഈ കുടുംബത്തില്‍ വരുന്ന ചില അംഗങ്ങള്‍ക്കു വിഷവാഹികളായ കടന്നല് പോലുള്ള ജീവികളുമായി ശരീര സാദൃശ്യമുള്ളതിനാല്‍ മറ്റു ശത്രുക്കളില്‍ നിന്നും രക്ഷപ്പെടാന്‍ സാധിക്കും. ലോകത്തിലെ ഏറ്റവും വലിയ ചിലന്തി കുടുംബമായ ചാട്ടചിലന്തി കുടുംബത്തില്‍ നിന്നും ഇതുവരെയായി 644 ജനുസുകളില്‍ വരുന്ന 6175 ഇനം ചിലന്തികളെയാണു ലോകത്താകമാനം കണ്ടെത്തിയിട്ടുള്ളത്. 500 ഏക്കറോളം വരുന്ന കാലിക്കറ്റ് സര്‍വകലാശാല കാമ്പസിലെ അക്കേഷ്യ തോട്ടങ്ങളിലും തേക്കിന് തോട്ടങ്ങളിലും മാവിന് തോട്ടങ്ങളിലും കുറ്റികാടുകളിലും പുല്മേടുകളിലുമാണു പഠനം നടത്തിയത്. മറ്റു ചിലന്തികളുടെ വലയില്‍ അതിക്രമിച്ചു കയറി അതിനെ പിടിച്ചു കഴിക്കുന്ന മീശക്കാരന് ചിലന്തി, ശരീരത്തില്‍ വിവിധ നിറങ്ങളോടുകൂടിയ മയില്‍പീലി ചിലന്തി, വളരെ ചെറിയ കറുത്ത നിറത്തിലുള്ള കുഞ്ഞികറുമ്പന് ചിലന്തി, കണ്ടാല്‍ തേളിനെ പോലിരിക്കുന്ന തേള് ചിലന്തി, ഒറ്റ നോട്ടത്തില്‍ പുളിയുറുമ്പിനെ പോലിരിക്കുന്ന പുളിയുറുമ്പു ചിലന്തി, ചുവന്ന കണ്ണുകളുള്ള ചെങ്കണ്ണന്‍ ചിലന്തി, മുഖ്യമായും ഈച്ചകളെ പിടിച്ചു ഭക്ഷിക്കുന്ന ഈച്ച പിടിയന്‍ ചിലന്തി, മഞ്ഞ നിറത്തില്‍ വണ്ടിനെ പോലെ ഇരിക്കുന്ന മഞ്ഞവണ്ടു ചിലന്തി, തുരുമ്പു നിറത്തിലുള്ള തലയോട് കൂടിയ തുരുമ്പു തലയന് ചിലന്തി എന്നിവയെയാണു ഈ പഠനത്തില്‍ മുഖ്യമായും കണ്ടെത്തിയത്. വ്യത്യസ്തമായ ചെറിയ ചെറിയ ആവാസവ്യവസ്ഥകള്‍ ഈ പ്രദേശത്തു ഉള്ളതുകൊണ്ടാണു ഇത്രയധികം വ്യത്യസ്തയിനം ചിലന്തികളെ കണ്ടെത്താന്‍ സാധിച്ചത്. കാലിക്കറ്റ് സര്‍വകലാശാല ജന്തുശാസ്ത്ര വിഭാഗം മേധാവി ഡോ. ഇ. പുഷ്പലതയുടെയും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ ജൈവവൈവിധ്യ ഗവേഷണകേന്ദ്രം മോധാവി ഡോ. എ.വി. സുനില്‍കുമാറിന്റെയും നേതൃത്വത്തില്‍ ഗവേഷണ വിദ്യാര്‍ഥിനിയായ ആതിര ജോസാണ് പഠനങ്ങള്‍ നടത്തിയത്. കേരളത്തിലെ ചാട്ടചിലന്തികളുടെ ജനിതക വര്‍ഗീകരണം എന്ന വിഷയത്തില്‍ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്റെ ഫെല്ലോഷിപ്പോടുകൂടിയാണു പഠനം നടത്തുന്നത്. ഇവരുടെ കണ്ടെത്തല്‍ ഈജിപ്തില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന സെര്‍കെട് എന്ന അന്താരാഷ്ട്ര ശാസ്ത്രമാസികയുടെ അവസാന ലക്കത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.