തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന്, പുല്ലുവെട്ടല്‍ തടഞ്ഞു
ഇരിങ്ങാലക്കുട: മുന്‍ കൗണ്‍സിലറുടെ നേതൃത്വത്തില്‍ പുല്ലു വെട്ടാനുള്ള ശ്രമം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നാരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. നഗരസഭ 13-ാം വാര്‍ഡ് ആസാദ് റോഡില്‍ തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് നാമനിര്‍ദേശ പത്രിക സമര്‍പ്പണം നടന്നുകൊണ്ടിരിക്കെ മുന്‍ ഇടതുപക്ഷ കൗണ്‍സിലര്‍ മീനാക്ഷി ജോഷിയുടെ നേതൃത്വത്തില്‍ പുല്ല് വെട്ടിയതാണു വിവാദമായത്. യുഡിഎഫ് നേതാക്കളായ സി.എം. ബാബു, ഭാസ്കരന് എളയേടത്ത്, ബീവി അബ്ദുള്‍ കരീം, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തിലാണു തടഞ്ഞത്. അഞ്ചു വര്‍ഷം കൗണ്‍സിലറായി ഇരുന്നിട്ടും പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനു ശേഷം നടത്തുന്ന ഇത്തരം കാര്യങ്ങള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണെന്നു യുഡിഎഫ് വാര്‍ഡ് കമ്മിറ്റി ആരോപിച്ചു. പിന്നീട് ഇരിങ്ങാലക്കുട സിഐ അനീഷ് കരീമിന്റെ നേതൃത്വത്തില്‍ പോലീസ് എത്തി ഇരുകൂട്ടരുമായി ചര്‍ച്ച നടത്തി പുല്ലുവെട്ട് നവിര്ത്തിവെപ്പിച്ചു. എന്നാല്‍ ഒറ്റയ്ക്ക് താമസിക്കുന്നയാളുടെ വീടിനു മുന്നിലെ പുല്ല് വെട്ടണമെന്ന ആവശ്യത്തെ തുടര്‍ന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് പുല്ല് വെട്ടിയതെന്നു മീനാക്ഷി ജോഷി അറിയിച്ചു.