ശസ്ത്രക്രിയയില്‍ അശ്രദ്ധ സംഭവിച്ചതിനു നഷ്ടപരിഹാരം നല്കാന് ഉത്തരവ്
ഇരിങ്ങാലക്കുട: പിത്തസഞ്ചിയിലെ കല്ല് നീക്കം ചെയ്യുന്നതിനായി ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗിക്കു പിത്തസഞ്ചി നീക്കം ചെയ്ത ശസ്ത്രക്രിയയില്‍ അശ്രദ്ധ സംഭവിച്ചതിനു നഷ്ടപരിഹാരം നല്കാന് ഉത്തരവ്. ശസ്ത്രക്രിയക്കു ശേഷം ഗുരുതരാവസ്ഥയില്‍ ആയതിനെ തുടര്‍ന്ന് ഇരിങ്ങാലക്കുടയിലെ ആശുപത്രിയില്‍ നിന്നു സ്വമേധയാ വിടുതല്‍ വാങ്ങി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് വീണ്ടും ശസ്ത്രക്രിയക്കു വിധേയമായതിനെ തുടര്‍ന്നാണു അപകടാവസ്ഥ തരണം ചെയ്ത് രോഗി രക്ഷപ്പെട്ടത്. തുടര്‍ന്ന് ആശുപത്രി അധികൃതരുടെയും ഡോക്ടര്‍ രാജീവ് മേനോന്റെയും ഭാഗത്തുനിന്നുമുള്ള അശ്രദ്ധമൂലമാണു അപകടാവസ്ഥ ഉണ്ടായതെന്നു ആരോപിച്ച് ഇരിങ്ങാലക്കുട ശക്തി നഗര്‍ ഹൗസിംഗ് കോളനിയിലെ ആലുക്കല്‍ ജിഷ മേജോ തൃശൂര്‍ ഉപഭോക്തൃതര്‍ക്ക പരിഹാരഫോറം മുമ്പാകെ 2008 ല്‍ ഫയല്‍ ചെയ്ത കേസിലാണു സി.ടി. സാബു പ്രസിഡന്റും ഡോക്ടര്‍ കെ. രാധാകൃഷ്ണന് നായര്‍, മെമ്പര്‍ എസ്. ശ്രീജ എന്നിവരും അടങ്ങിയ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന് ശ്രദ്ധേയമായ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. 2008 ലാണു കേസിനാസ്പദമായ സംഭവം നടക്കുന്നത്. നെഞ്ചെരിച്ചലും വയറുവേദനയും പുറംവേദനയുമായി 2008 സെപ്റ്റംബര്‍ ഒന്നിനു ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗിയോടു ഓപ്പറേഷന് വേണമെന്നു ഡോക്ടര്‍ ആവശ്യപ്പെട്ടപ്പോള്‍ പ്രസവം കഴിഞ്ഞ് കുഞ്ഞിനു നാലുമാസം മാത്രമായിട്ടുള്ളതിനാല്‍ കീഹോള്‍ സര്‍ജറിയാണു താത്പര്യപ്പെടുന്നതെന്നു രോഗി ഡോക്ടറോടു പറഞ്ഞിരുന്നു. ആ സമയത്ത് രോഗിയെ വേറെ എവിടേക്കെങ്കിലും മാറ്റിയാല്‍ ജീവപായം സംഭവിക്കുമെന്നും തുറന്ന സര്‍ജറിയാണ് നല്ലതെന്നു ഡോക്ടര്‍ പറയുകയും ആശുപത്രിയില്‍ എല്ലാ സംവിധാനങ്ങളും സജീകരണങ്ങളും ഉണ്ടെന്നു പറഞ്ഞ് വിശ്വസിപ്പിച്ചതിനെ തുടര്‍ന്നാണ് പിറ്റേദിവസം ശസ്ത്രക്രിയക്ക് വിധേയമാവുകയും പിത്തസഞ്ചി നീക്കം ചെയ്യുകയും ചെയ്തത്. തുടര്‍ന്ന് നാലു ദിവസം കഴിഞ്ഞപ്പോള്‍ രോഗിക്ക് ഛര്‍ദിയും ശരീരവേദനയും മറ്റും വീണ്ടും വരികയും ഗുരുതരാവസ്ഥയില്‍ ആവുകയും ചെയ്തു. തുടര്‍ന്ന രോഗിയും ബന്ധുക്കളും സ്വമേധയാ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് വാങ്ങി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുയും ഉടനെ അടിയന്തര ശസ്ത്രക്രിയക്കു വിധേയമാക്കുകയും ചെയ്തു. പിന്നീട് തുടര്‍ ചികിത്സകള്‍ക്കു ശേഷമാണ് രോഗി ജീവാപായം സംഭവിക്കാതെ രക്ഷപ്പെട്ടത്. ഒരു ശസ്ത്രക്രിയക്ക് മുമ്പായി ആ ശസ്ത്രക്രിയ നടത്തുമ്പോഴും ആയതിനു ശേഷവും ഉണ്ടായേക്കാവുന്ന ഭവിഷ്യത്തുകളും തന്നെ ബോധ്യപ്പെടുത്തിയിരുന്നില്ലായെന്നും കൂടാതെ ആശുപത്രിയിലെ പരിമിതമായിട്ടുള്ള സൗകര്യങ്ങള്‍ മറച്ചുവെച്ചാണ് തന്നെ ശസ്ത്രക്രിയക്കു വിധേയമാക്കിയതെന്നും രോഗി ആരോപിച്ചിരുന്നു. ഇരുഭാഗത്തു നിന്നും ഹാജരാക്കിയ തെളിവുകളും ആശുപത്രി രേഖകളും കൂടാതെ വിദഗ്ധന്മാരായ ഡോക്ടര്‍മാരുടെ മൊഴികളും വിശദമായി പരിശോധിച്ച ജില്ല ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മീഷന് 200 ല്‍ സുപ്രീംകോടതി പുറപ്പെടുവിച്ച ശസ്ത്രക്രിയക്കും മറ്റും വേണ്ടതായ സമ്മതം എടുക്കുമ്പോള്‍ പാലിക്കേണ്ട നിബന്ധനകള്‍ ഡോക്ടറും ആശുപത്രി ധികൃതരും പാലിച്ചിട്ടില്ലായെന്നും കൂടാതെ ആശുപത്രിയില്‍ ആ സമയത്ത് ഗുരുതരാവസ്ഥകള്‍ നേരിടാന്‍ വേണ്ട സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ലായെന്നും നിരീക്ഷിച്ച കമ്മീഷന് ആശുപത്രി അധികൃതരോടും ഡോക്ടറോടും രണ്ടര ലക്ഷം രൂപ പരാതി തിയതി മുതല്‍ 12 ശതമാനം പലിശ സഹിതം ഒരു മാസത്തിനകത്ത് പരാതിക്കാരിക്കു കൊടുക്കാനും പരാതി ചെലവായി 5000 രൂപ കൊടുക്കാനും ഉത്തരവിട്ടു. പരാതിക്കാരിക്കുവേണ്ടി അഡ്വക്കേറ്റുമാരായ പി. പ്രമോദ്, രശ്മി പ്രമോദ്, റിച്ചാര്ഡേവിഡ്, പി. വിപിന്‍ എന്നിവര്‍ ഹാജരായി. വിധിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.