കൂടല്‍മാണിക്യം; വലിയവിളക്കിന് ലക്ഷദീപങ്ങള്‍ തെളിഞ്ഞു, ഇന്ന് പള്ളിവേട്ട
കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ വലിയ വിളക്കിനോടനുബന്ധിച്ച് ലക്ഷദീപങ്ങള്‍ തെളിഞ്ഞപ്പോള്‍.
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഇന്ന് വൈകീട്ട് പള്ളിവേട്ട. ക്ഷേത്രോത്സവം സമാപനത്തിലേക്കു നീങ്ങുമ്പോള്‍ ക്ഷേത്രമതില്‍ക്കെട്ടിനകത്തെ നാദതാളലയങ്ങളാല് മുഖരിതമായ അന്തരീക്ഷം പട്ടണത്തിനും കൈവരുന്നു. ഇന്നാണ് ദേവന് ആദ്യമായി ക്ഷേത്രത്തിനു പുറത്തേക്കെഴുന്നള്ളുന്നത്. ഉത്സവത്തിലെ അവസാന ശീവേലി എഴുന്നള്ളിപ്പ് ഇന്ന് രാവിലെ ഒമ്പതിന് കിഴക്കേ നടയില്‍ ആരംഭിക്കും. 17 ഗജവീരന്മാരുടെ അകമ്പടിയോടെ ഭഗവാന്റെ എഴുന്നള്ളിപ്പ് പത്മശ്രീ പെരുവനം കുട്ടന്മാരാരുടെ മേളപ്രമാണത്തില്‍ ആരംഭിക്കും. സാധാരണ ദിവസങ്ങളില്‍ നടക്കാറുള്ള മുളപൂജ പള്ളിവേട്ട ദിവസമായ ഇന്നുണ്ടാവില്ല.
പതിവുപോലെ ശീവേലി കഴിഞ്ഞ് ഉച്ചയ്ക്ക് 12.30ന് അകത്തു കയറുന്ന ദേവന് രാത്രി എട്ടരയോടെ പള്ളിവേട്ടക്കെഴുന്നള്ളുകയാണ്. അത്താഴപൂജയ്ക്ക് ആവാഹിച്ചെഴുന്നള്ളിച്ച് ശ്രീഭൂതബലി തൂവിക്കഴിഞ്ഞാല്‍ കൊടിമരച്ചുവട്ടില്‍വച്ച് ദേവന്റെ അനുവാദം വാങ്ങി പള്ളിവേട്ടയ്ക്ക് പാണികൊട്ടുന്നു. ദേവന് തന്റെ അനുചരന്മാരെയുംകൊണ്ട് ഹിംസ്രജന്തുക്കളെ നാമാവശേഷമാക്കാന്‍ പുറപ്പെടുന്നതിന്റെ പ്രതീകമാണിത്. പാണി കഴിഞ്ഞാല്‍ ഗോപുരദ്വാരത്തിലും ആല്‍ത്തറയിലും ബലിതൂകി പള്ളിവേട്ട ആല്‍ത്തറയിലേക്ക് ദേവന് എഴുന്നള്ളും. നെറ്റിപ്പട്ടം അണിയാത്ത ഒരാന മുമ്പിലും തന്ത്രിയും പരികര്മിയും പരിവാരങ്ങളും തുടര്‍ന്ന് തിടമ്പേറ്റിയ ഗജവീരനും അകമ്പടി സേവിക്കുന്ന ഉള്ളാനകളടക്കമുള്ള നാലു ഗജവീരന്മാരും എന്ന ക്രമത്തിലായിരിക്കും പള്ളിവേട്ട ആല്‍ത്തറയിലേക്കുള്ള യാത്ര.
ഉത്സവകാലത്ത് ക്ഷേത്ര മതില്കെട്ടിന് പുറത്തേക്ക് എഴുന്നള്ളുന്ന ഭഗവാന് കേരള പോലീസ് കിഴക്കേനടയില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കും. പള്ളിവേട്ടയ്ക്ക് എഴുന്നള്ളുന്നത് പൂര്‍ണ നിശബ്ദതയിലാണ്. ശബ്ദമുണ്ടാകാതിരിക്കുവാനായി ആനയുടെ കഴുത്തിലെ മണികളോ ചങ്ങലയോ അണിയിക്കാറില്ല. എഴുന്നള്ളിപ്പ് ആല്‍ത്തറയ്ക്കല്‍ എത്തിച്ചേരുമ്പോള്‍ ഒരു പന്നിയുടെ കോലം കെട്ടിയുണ്ടാക്കി ദേവന് അമ്പെയ്ത് കൊല്ലുകയാണ്. ഇതാണ് പള്ളിവേട്ട. ഇതോടനുബന്ധിച്ച് എട്ടു ദിക്കിലേക്കും ബലിതൂകലുമുണ്ട്. തിന്മയെ ഉന്മൂലനം ചെയ്ത് നന്മയെ സ്ഥാപിക്കുകയെന്നതാണു ഈ പള്ളിവേട്ടയുടെ ലക്ഷ്യം. പള്ളിവേട്ട കഴിഞ്ഞ് ഗംഭീര പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെയാണ് ദേവന് തിരിച്ചെഴുന്നള്ളുന്നത്.
ചെറുശേരി ശ്രീകുമാറിന്റെ നേതൃത്വത്തില്‍ പഞ്ചവാദ്യം നടക്കും. എഴുന്നള്ളി്പ് കുട്ടംകുളം പരിസരത്തെത്തിയാല് പഞ്ചവാദ്യം അവസാനിച്ച് പാണ്ടിമേളം ആരംഭിച്ച് ക്ഷേത്രത്തിന്റെ കിഴക്കേ നടയിലെത്തി ക്ഷേത്രത്തിനുള്ളില്‍ ഒരു പ്രദക്ഷിണം പൂര്‍ത്തിയാക്കും. തുടര്‍ന്നാണ് പള്ളിക്കുറുപ്പ്. പാണ്ടിമേളത്തിന് പെരുവനം പ്രകാശന്‍മാരാര്‍ പ്രമാണം വഹിക്കും ഇന്നലെ നടന്ന വലിയവിളക്കാഘോഷത്തിന് ക്ഷേത്രത്തിലെ എല്ലാ വിളക്കുകളിലും ജ്വാല തെളിഞ്ഞു. രാവിലെ നടന്ന ശീവേലിക്ക് പെരുവനം സതീശന് മാരാര്‍ പ്രമാണിയായി. ശീവേലിക്ക് പല്ലാട്ട് ബ്രഹ്മദത്തന് തിടമ്പേറ്റി. രാത്രി എഴുന്നള്ളിപ്പിന് പത്മശ്രീ പെരുവനം കുട്ടന്മാരാര് പ്രമാണിയായി. തിരുവമ്പാടി ദേവസ്വം ചന്ദ്രശേഖരന് തിടമ്പേറ്റി. പള്ളിവേട്ട ഉത്സവമായ ഇന്ന് രാവിലെ നടക്കുന്ന അവസാന ശീവേലിക്ക് പത്മശ്രീ പെരുവനം കുട്ടന്മാരാര് പ്രമാണം വഹിക്കും.
കൂടല്‍മാണിക്യത്തില്‍ ഇന്ന്
(മാണിക്യം വേദിയില്‍)
ഉച്ചതിരിഞ്ഞ് ഒന്നിന് തിരുവാതിരക്കളി, 4.30ന് തൃശൂര്‍ കോട്ടപ്പുറം ശ്രീനാദം ഓര്‍ക്കസ്ട്ര അവതരിപ്പിക്കുന്ന ഭക്തിഗാനമേള, 5.30ന് കോണത്തുകുന്ന് ലക്ഷ്മി ദര്‍പ്പണ നാട്യകലാകേന്ദ്രം അവതരിപ്പിക്കുന്ന ശാസ്ത്രീയ നൃത്തം, 6.15ന് എറണാകുളം സ്വരധാര ഭജന്‍സ് അവതരിപ്പിക്കുന്ന ഭജന്‍സ് ഭജ മാനേ, 7.15ന് ഭരതനാട്യം, എട്ടിന് ഭരതനാട്യം, 8.30ന് ഇരിങ്ങാലക്കുട പൂജാ പവനനും ഡോ. സ്വീറ്റിയും അവതരിപ്പിക്കുന്ന കുച്ചിപ്പുടി, 8.45ന് ദിയാദാസ് അവതരിപ്പിക്കുന്ന മോഹിനിയാട്ടം, ഒമ്പതിന് തൃശൂര്‍ രാഗസുധ അവതരിപ്പിക്കുന്ന ഭക്തിഗാനമേള.
(സംഗമം വേദിയില്‍)
രാവിലെ ഒമ്പതു മുതല്‍ ശീവേലിയ്ക്ക് പത്മശ്രീ പെരുവനം കുട്ടന് മാരാര്‍ പ്രമാണം വഹിക്കും. ഉച്ചതിരിഞ്ഞ് ഒന്നിന് തിരുവാതിരക്കളി, 1.30ന് കൊരട്ടി പത്മരാജ് മുകുന്ദന് അവതരിപ്പിക്കുന്ന വയലിന്, 2.30ന് ഭജന, 3.30ന് കോഴിക്കോട് സമ്പ്രാണ സ്പേസ് ഫോര്‍ ഡാന്‍സ് അവതരിപ്പിക്കുന്ന ഭരതനാട്യം, 4.30ന് ചെന്ത്രാപ്പിന്നി നിവേദ്യ പി. രാജേഷ് അവതരിപ്പിക്കുന്ന ഓട്ടന്തുള്ളല്, അഞ്ചിന് ശ്രീലത നമ്പൂതിരിയുടെ സംഗീതകച്ചേരി, 6.30ന് ഭരതനാട്യം, 7.30ന് മോഹിനിയാട്ടം, രാത്രി 8.15ന് പള്ളിവേട്ട പുറപ്പാട്, ഒമ്പതിന് പള്ളിവേട്ട, പള്ളിവേട്ടയ്ക്ക്് ചെറുശേരി ശ്രീകുമാറും പെരുവനം പ്രകാശന് മാരാരും പ്രമാണം വഹിക്കും.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വിദ്യാര്‍ഥികള്‍ സ്വപ്നങ്ങളെ എത്തിപ്പിടിക്കാന്‍ പരിശ്രമിക്കണം: നിമിഷി ത്രിപാഠി ഐപിഎസ്
ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അഡ്വ. തോമസ് ഉണ്ണിയാടനെ അനുമോദിച്ചു
ഏഴ് ദിവസം, 13 കഥകള്‍, കഥകളി ഏറെ ശ്രദ്ധേയമായി
നടവരമ്പ് സെന്ററില്‍ ചെറുതുരുത്തി സ്വദേശികള്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ട നിലയില്‍
കൂടല്‍മാണിക്യം ക്ഷേത്രോത്സവം പഞ്ചാരിപ്പെരുമയുടെ കൂടി ഉത്സവം
കൂടല്‍മാണിക്യം ക്ഷേത്രത്തിലെ അന്നദാനം പണ്ടേ പ്രശസ്തം, പ്രസാദ ഊട്ടിന് ആയിരങ്ങള്‍