കൂടല്‍മാണിക്യം ക്ഷേത്രോത്സവം പഞ്ചാരിപ്പെരുമയുടെ കൂടി ഉത്സവം
കൂടല്മാണിക്യത്രത്തില് ശീവേലിയനുബന്ധിച്ച് നടന്ന പഞ്ചാരിമേളം.
ഇരിങ്ങാലക്കുട: കലകളുടെ ഉത്സവമായ ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രോത്സവം പഞ്ചാരിപ്പെരുമയുടെ കൂടി ഉത്സവമാണ്. പഞ്ചാരിമേളം പിറന്നുവീണ കാലം മുതല്ക്കേ അതിനെ കൈപിടിച്ച് വളര്‍ത്തിയതില്‍ ഇരിങ്ങാലക്കുടയ്ക്ക് വലിയ സ്ഥാനമാണുള്ളത്. ഇരിങ്ങാലക്കുട ഉത്സവത്തിന് പഞ്ചാരിമേളത്തിന് അത്രയേറെ പ്രാധാന്യം നല്കുന്നു. ഉത്സവത്തിന് വിസ്തരിച്ചുള്ള 16 പഞ്ചാരിമേളങ്ങളാണ് ആസ്വാദകഹൃദയങ്ങളെ മേളലഹരിയിലാഴ്ത്തി കൊട്ടികയറുക. കിഴക്കേ നടപ്പുരയില്നിന്നും ആരംഭിക്കുന്ന മേളം പടിഞ്ഞാറെ നടപ്പുരയില്‍ അവസാനിക്കുന്നിടത്ത് മേളം കൊട്ടുന്ന വേദിക്ക് പലതവണ മാറ്റങ്ങള്‍ സംഭവിക്കുന്നു.
ഇവിടെ കലാകാരന്മാര്ക്കൊപ്പം ആസ്വാദകരും സഞ്ചരിക്കുന്നു. 15 ഉരുട്ടുചെണ്ടയും അതിന്റെ മൂന്നിരട്ടി വീക്കന്ചെണ്ടക്കാരും അത്രത്തോളം തന്നെ കൊമ്പുകാരും അണിനിരക്കുന്ന പഞ്ചാരിമേളം കൊടിപ്പുറത്ത് വിളക്ക് ദിവസം വിസ്തരിച്ചുള്ള വിളക്കാചാരത്തിന് ശേഷമാണ് ആരംഭിക്കുക. തുടര്‍ന്നുള്ള ദിവസങ്ങളില്‍ രാവിലെ ശീവേലിക്കും രാത്രി വിളക്കിനും പഞ്ചാരിയുടെ നാദവിസ്മയങ്ങള്‍ 17 ആനയുടെ അകമ്പടിയോടെ എഴുന്നള്ളുന്ന സംഗമേശ്വരനു മുന്നില്‍ കൊട്ടിതിമിര്ക്കും. ചെണ്ടയും ഇലത്താളവും കൊമ്പും കുഴലും ഒരേ താളത്തില്‍ സംയോജിപ്പിക്കുമ്പോള്‍ പഞ്ചാരിയുടെ ലഹരി കാതുകളിലൂടെ ഹൃദയത്തിലേക്കെത്തും.
കേള്‍വിക്കാരന്റെ കയ്യും മെയ്യും അറിയാതെ താളത്തിനൊപ്പം ചലിച്ചുതുടങ്ങും. കേരളത്തിലെ ക്ഷേത്രങ്ങളില്‍ എല്ലാം ഈ താളവിസ്മയം അരങ്ങേറുമെങ്കിലും അതിന്റെ മാസ്മരികത അനുഭവിച്ചറിയണമെങ്കില്‍ കൂടല്‍മാണിക്യം ക്ഷേത്രത്തിലെ തിരുവുത്സവത്തിന് മാത്രമേ സാധിക്കൂ. തിരുവുത്സവത്തിന് പഞ്ചാരിമേളം പതികാലം കൊട്ടി ആരംഭിക്കുക കിഴക്കേ നടപ്പുരയിലാണ്. 15 ഗജവീരന്മാരുടെയും രണ്ട് കുട്ടികൊമ്പന്മാരുടെയും ആലവട്ടങ്ങളുടെയും വെണ്ചാമരങ്ങളുടെയും അകമ്പടിയോടെ എഴുന്നള്ളിനില്‍ക്കുന്ന സംഗമേശന്റെ തിരുമുമ്പില്‍ സൗമ്യദീപ്തമായ നാദധാരയായി പതികാലം എന്ന് പറയപ്പെടുന്ന പഞ്ചാരിമേളത്തിന്റെ ഒന്നാം കാലത്തിന് മേളപ്രമാണി കാലമിടും. ഉരുട്ടുചെണ്ടക്കാര് വലം കയ്യിലെ കോലുകൊണ്ട് കാലം ഇട്ടുകഴിഞ്ഞാല്‍ കുറുംകുഴലില്‍ രാഗവിസ്താരം ആരംഭിക്കും. പതികാലത്തില്‍ ഇടതുകയ്യും വലതുകയ്യിലെ കോലും കൊണ്ട് ഉരുട്ടുചെണ്ടയില്‍ നിന്നും ഉയരുന്ന നാദധ്വനികള്ക്കൊപ്പം കുറുംകുഴലില്‍ ശങ്കരാഭരണം രാഗവിസ്താരം ആസ്വാദകഹൃദയങ്ങളില്‍ കുളിര്മഴയായിപെയ്തിറങ്ങും.
അഞ്ച് കാലങ്ങളുള്ള പഞ്ചാരിമേളത്തിന്റെ ഒന്നാം കാലം കിഴക്കേ നടപ്പുരയില്‍ അവസാനിപ്പിച്ച് നടപ്പുരയില്‍ നിന്നും പുറത്തേക്ക് കടന്നുനിന്നാണ് പഞ്ചാരിയുടെ രണ്ടാം കാലം കൊട്ടികയറുന്നത്. തെക്കേ നടയില്‍ രണ്ടാം കാലം അവസാനിപ്പിച്ച് മൂന്നാം കാലത്തിനായി കയ്യും കോലും ചെണ്ടയില്‍ വീഴുമ്പോള്‍ ആകാശത്തിന് കീഴില്‍ കൂടല്‍മാണിക്യസ്വാമിയുടെ തെക്കേ നടയില്‍ കത്തിജ്വലിച്ചുനില്‍ക്കുന്ന സൂര്യന്റെ വര്‍ണശോഭയാല്‍ ആലവട്ടങ്ങളും വെണ്‍ചാമരങ്ങളും പട്ടുകുടകളുമായി നില്ക്കുന്ന ഗജവീരന്മാര് പഞ്ചാരിയുടെ താളത്തില്‍ ചെവിയാട്ടി നില്ക്കുന്നുണ്ടാകും. മേളപ്പകിട്ടോടെ നില്ക്കുന്ന കലാകാരന്മാരും ചമയപ്പകിട്ടോടെ നില്ക്കുന്ന ഗജവീരന്മാരും ചേര്‍ന്ന് ആസ്വാദകരെ വശ്യതയുടെ ലഹരിയിലാഴ്ത്തി തെക്കേ നടയില്‍ നിന്നും പടിഞ്ഞാറെ നടപ്പുരയിലേക്ക് ആനയിക്കും. മൂന്നാം കാലം അവസാനിപ്പിച്ച് നാലാം കാലം കൊട്ടിതുടങ്ങിയതിനുശേഷമാണ് പടിഞ്ഞാറെ നടപ്പുരയിലേക്ക് കയറുക. നാലാം കാലം അവസാനിപ്പിച്ച് അഞ്ചാം കാലത്തിലേക്ക് കടക്കുമ്പോഴേക്കും ഉച്ചത്തില്‍ കത്തിനില്‍ക്കുന്ന മേടവെയില്‍ അതിന്റെ ഉച്ചസ്ഥായിയിലേക്ക് എത്തിയിട്ടുണ്ടാകും. മേടച്ചൂടിന്റെ കാഠിന്യം വകവെയ്ക്കാതെ ടിഞ്ഞാറെ നടപ്പുര കാണികളുടെ കടലായി മാറിയിട്ടുണ്ടാകും.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വിദ്യാര്‍ഥികള്‍ സ്വപ്നങ്ങളെ എത്തിപ്പിടിക്കാന്‍ പരിശ്രമിക്കണം: നിമിഷി ത്രിപാഠി ഐപിഎസ്
ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അഡ്വ. തോമസ് ഉണ്ണിയാടനെ അനുമോദിച്ചു
ഏഴ് ദിവസം, 13 കഥകള്‍, കഥകളി ഏറെ ശ്രദ്ധേയമായി
നടവരമ്പ് സെന്ററില്‍ ചെറുതുരുത്തി സ്വദേശികള്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ട നിലയില്‍
കൂടല്‍മാണിക്യം ക്ഷേത്രത്തിലെ അന്നദാനം പണ്ടേ പ്രശസ്തം, പ്രസാദ ഊട്ടിന് ആയിരങ്ങള്‍
കണ്ണുകള്‍ക്ക് ആനന്ദമായി തീര്‍ഥക്കര പ്രദക്ഷിണം