കലാവേദികള്‍ സജീവമായി, ക്ഷേത്രസന്നിധി ആസ്വാദകര്‍ കയ്യടക്കി
കൂടല്‍മാണിക്യം ഉത്സവത്തോടനുബന്ധിച്ച് മധുലിത മൊഹാപാത്രയും സംഘവും അവതരിപ്പിച്ച ഒഡീസി നൃത്തം.
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ഉത്സവം അഞ്ചു ദിവസം പിന്നിട്ടപ്പോള്‍ ശീവേലികളും കലാപരിപാടികളും ക്ഷേത്രകലകളുമെല്ലാം സജീവമായതോടെ ക്ഷേത്രസന്നിധി ആസ്വാദകര്‍ കയ്യടക്കി. ഇന്നലെ ആയിരങ്ങളാണു ഉത്സവം കാണാനും കലാപരിപാടികള്‍ ആസ്വദിക്കാനുമായി സംഗമപുരിയിലേക്ക് എത്തിയത്. ദിവസവും ഉച്ചയ്ക്ക് നടക്കുന്ന അന്നദാനത്തില്‍ നൂറുകണക്കിനാളുകളാണ് പങ്കെടുക്കുന്നത്. ചുട്ടുപൊള്ളുന്ന വെയിലിലും ഇടതടവില്ലാതെയാണ് ആളുകള്‍ സംഗമസന്നിധിയിലേക്ക് പ്രവഹിച്ചുകൊണ്ടിരുന്നത്.
പകല്‍ ശീവേലി തുടങ്ങി പള്ളിവേട്ട ദിവസം വരെ ഒമ്പതു ദിവസങ്ങളിലും ഇരുപത്തിനാലുമണിക്കൂറും പരിപാടികളാണ് കൂടല്‍മാണിക്യം ക്ഷേത്രത്തിലെ തിരുവുത്സവത്തിന്റെ പ്രത്യേകത. എത്രകണ്ടാലും മതിവരാത്ത കാഴ്ചകള്‍ തേടി ദിവസേനയെത്തുന്ന ആസ്വാദകകൂട്ടങ്ങളാണ് സംഗമപുരിയെ സമ്പന്നമാക്കുന്നത്. രാവിലെ അഷ്ടപദിയോടെ തുടങ്ങി ശീവേലി. അതുകഴിഞ്ഞാല്‍ ക്ഷേത്രകലകള്‍, ഉച്ചതിരിഞ്ഞ് കലാപരിപാടികള്‍, വിളക്കെഴുന്നള്ളിപ്പ്, പുലരുംവരെ കഥകളി എന്നിങ്ങനെ അത് തുടരുന്നു. ശീവേലിയും കലാപരിപാടികളും മാത്രമല്ല, വിവിധ ക്ഷേത്രകലകളുടെയും സമന്വയമാണ് പത്തുദിവസം നീണ്ടുനില്‍ക്കുന്ന കൂടല്‍മാണിക്യം ക്ഷേത്രോത്സവം. ഓട്ടന്തുള്ളല്, ശീതങ്കന്‍തുള്ളല്‍, കുറത്തിയാട്ടം, പാഠകം, ചാക്യാര്‍കൂത്ത്, നങ്ങ്യാര്‍കൂത്ത്, ബ്രാഹ്മണിപ്പാട്ട് എന്നീ ക്ഷേത്രകലകളാണ് ഉത്സവത്തിന്റെ ഭാഗമായി അവതരിപ്പിക്കുന്നത്.
ശീവേലി ആരംഭിക്കുന്ന ദിവസം മുതല്‍ പള്ളിവേട്ട വരെ ഈ കലകള്‍ ആവര്‍ത്തിക്കും. ശീവേലിക്കുശേഷം കിഴക്കേ നടപ്പുരയിലാണ് ഓട്ടന്തുള്ളല്, ശീതങ്കന്‍തുള്ളല്‍ എന്നിവ നടക്കുക. പടിഞ്ഞാറെ പ്രദക്ഷിണ വഴിയില്‍ വൈകീട്ട് പാഠകം, പടിഞ്ഞാറെ നടപ്പുരയില്‍ കുറത്തിയാട്ടവും, സന്ധ്യക്ക് വാതില്‍മാടത്തില്‍ ചാക്യാര്‍കൂത്ത്, നങ്ങ്യാര്‍കൂത്ത് എന്നിവയും അരങ്ങേറും. രാത്രി വിളക്കെഴുന്നള്ളിപ്പ് തുടങ്ങിയാല്‍ ക്ഷേത്രവാതില്മാടത്തില് ബ്രാഹ്മണിപ്പാട്ട് നടക്കും. ഇതിനെല്ലാം പുറമെ കിഴക്കേ ഗോപുരനടയില്‍ തായമ്പക, സന്ധ്യാവേലപ്പന്തലില്‍ മദ്ദളപ്പറ്റ്, കുഴല്‍പറ്റ്, കൊമ്പുപറ്റ്, നാഗസ്വരം എന്നിവയും രാവിലെയും വൈകീട്ട് സോപാനത്ത് അഷ്ടപദിയും ഉത്സവദിനങ്ങളില്‍ നടക്കും. കാലങ്ങളായി അനുവര്‍ത്തിച്ചുവരുന്ന ആചാരത്തിന്റെ ഭാഗമായിട്ടാണ് ഈ കലകള്‍ ഉത്സവനാളുകളില്‍ അവതരിപ്പിക്കുന്നത് എന്നുള്ളതും പ്രത്യേകതയാണ്.
സംഗമേശ്വര സന്നിധിയില്‍ നൃത്തര്ച്ചനയുമായി ശിവനന്ദ സലില്‍
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം സംഗമേശ്വര സന്നിധിയില്‍ ഭരതനാട്യം അവതരിപ്പിച്ചു ശ്രദ്ധേയയായി കുമാരി ശിവനന്ദ സലില്‍. ബഹറിനിലെ പ്രവാസികളായ സലില്‍ വി. കൃഷ്ണയുടെയും ദീപശ്രീയുടെയും മകളാണ് ശിവനന്ദ.

ബഹറിന്‍ ന്യൂ ഹൊറൈസണ്‍ സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയായ ഈ കൊച്ചു കലാകാരി നാലു വയസ് മുതല്‍ നൃത്തം അഭ്യസിച്ചു വരുന്നു. ആര്.എല്‍.വി സന്ധ്യ പ്രജോദ് അധ്യാപികയുടെ ശിക്ഷണത്തില്‍ നൃത്തം അഭ്യസിക്കുന്ന ശിവനന്ദ, ഭരതനാട്യം കൂടാതെ കുച്ചിപ്പുടി, മോഹിനിയാട്ടം എന്നീ നൃത്തരൂപങ്ങളിലും പ്രാവീണ്യം നേടിയിട്ടുണ്ട്. ഗംഭീരനാട്ട രാഗത്തില്‍ ചണ്ട ചാപ്പ് താളത്തിലുള്ള ഗണപതി സ്തുതിയോടെയാണ് (ശ്രീ വിഘ്നരാജം ഭജേ) ശിവനന്ദ നൃത്തം ആരംഭിച്ചത്. തുടര്‍ന്ന് ഭൈരവി രാഗത്തില്‍ ആദി താളത്തിലുള്ള ശ്രീരാമ വര്‍ണ്ണം മനോഹരമായി അവതരിപ്പിച്ചു. പഠനത്തിനൊപ്പം കലയെയും നെഞ്ചിലേറ്റുന്ന ശിവനന്ദയ്ക്ക് സംഗമേശ്വര സന്നിധിയിലെ ഈ പ്രകടനം വലിയൊരു പുണ്യമായി. മംഗളത്തോടെയാണ് നൃത്താര്‍ച്ചന അവസാനിച്ചത്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കൂടല്‍മാണിക്യം; ചിരിമഴ പൊഴിയിച്ച് ഓട്ടന്തുള്ളല്
വീതി കൂട്ടി നിര്‍മിച്ച ആനവാതില്‍ തുറന്നു
കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഭഗവാന്റെ തിരുമുന്നില്‍ കുത്തുവിളക്കുപിടിയുടെ പാരമ്പര്യവുമായി 12 കുടുംബങ്ങള്‍
ഇരിങ്ങാലക്കുടയില്‍ വിജയ തിലകമണിഞ്ഞ് അഡ്വ. തോമസ് ഉണ്ണിയാടന്
കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ വീണ്ടും ആന ഇടഞ്ഞു
വിശുദ്ധ റപ്പായേല്‍ മാലാഖക്കു മുന്നില്‍ പ്രാര്‍ഥനയോടെ അഡ്വ. തോമസ് ഉണ്ണിയാടനും കുടുംബവും