വധശ്രമക്കേസ് പ്രതികളെ വെറുതെ വിട്ടു
ഇരിങ്ങാലക്കുട: വധശ്രമക്കേസ് പ്രതികളെ വെറുതെ വിട്ട് ഉത്തരവായി. വധശ്രമക്കേസിലെ പ്രതികളായ വരന്തരപ്പിള്ളി സനോജ് എന്ന പുപ്പറ സനോജ്, കല്ലൂര്‍ ചിറ്റിയത്ത് ബിഥുന്‍ എന്ന മിഥുന് എന്നിവരെയാണു ഇരിങ്ങാലക്കുട പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് കെ. ഷൈന്‍ വെറുതെ വിട്ട് ഉത്തരവായത്. 2013 മാര്‍ച്ച് 28 നാണ് സംഭവം. 28 നു രാത്രിയില്‍ ആമ്പല്ലൂര്‍ മണലിപ്പുഴയുടെ തീരത്തുവെച്ച് സംഘം ചേര്‍ന്ന് ഊരകം മാനങ്കരത്ത് വീട്ടില്‍ ലത്തീഫ് എന്നയാളെ ഇരുമ്പ് പൈപ്പ് കൊണ്ടും കത്തികൊണ്ടും ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും 4000 രൂപ കവര്‍ച്ച ചെയ്തു കൊണ്ടുപോയി എന്നായിരുന്നു പരാതി. എന്നാല്‍ പരിക്കു പറ്റിയ ലത്തീഫ് ആദ്യം ചികിത്സിച്ച ഡോക്ടറോടു വാഹനാപകടത്തിലാണു പരിക്ക് പറ്റിയതെന്നും പറഞ്ഞു ചികിത്സ തേടിയിരുന്നു. ആറു ദിവസത്തിനുശേഷം പ്രതികളാണു ആക്രമിച്ച് പരിക്കേല്‍പ്പിച്ചതെന്നു പറഞ്ഞു കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ലത്തീഫ് നിരവധി കേസുകളില്‍ പ്രതിയാണ്. സാക്ഷിമൊഴികള്‍ വിശ്വസനീയം അല്ലെന്നും പ്രതിഭാഗം പുതുക്കാട് ആശുപത്രിയില്‍ നിന്നും വരുത്തിയ രേഖ വാഹനാപകടത്തിലാണു പരിക്ക് പറ്റിയതെന്നും കോടതി കണ്ട് ബോധ്യം വന്നശേഷമാണു പ്രതികളെ വെറുതെവിട്ട് ഉത്തരവായത്. പ്രോസിക്യൂഷന് ഭാഗത്തു നിന്നും ഒമ്പതു സാക്ഷികളെ വിസ്തരിക്കുകയും 12 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പ്രതികള്‍ക്കുവേണ്ടി അഡ്വക്കേറ്റുമാരായ പി.വി. ഗോപകുമാര്‍ മാമ്പുഴ, അക്ഷയ് പവന്, ജി. നിധിന് എന്നിവര്‍ ഹാജരായി.