വോട്ടവകാശം വിനിയോഗിക്കാന്‍ അവസരം നിഷേധിച്ചതിനെ തുടര്‍ന്ന് സംഘര്‍ഷം
ഇരിങ്ങാലക്കുട: നഗരസഭാ മുന്‍ കൗണ്‍സിലറും കോവിഡ് രോഗിയുമായ ആശാപ്രവര്‍ത്തകയ്ക്ക് വോട്ടവകാശം വിനിയോഗിക്കാന്‍ അവസരം നിഷേധിച്ചതിനെ തുടര്‍ന്ന് സംഘര്‍ഷം. നഗരസഭാ 33-ാം വാര്‍ഡില്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ബൂത്തിലാണ് ഇവര്‍ക്ക് വോട്ട് രേഖപ്പെടുത്തേണ്ടിയിരുന്നത്. ഡിസംബര്‍ നാലിന് വൈകീട്ട് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തന്നെ പോസ്റ്റല്‍ ബാലറ്റിനുള്ള നടപടിക്രമങ്ങള്‍ സ്വീകരിച്ചിരുന്നതാണെന്നും ഇക്കാര്യം നഗരസഭാ ആരോഗ്യവിഭാഗം റിപ്പോര്‍ട്ട് ചെയ്തതായും മുന്‍ കൗണ്‍സിലര്‍ പ്രജിത സുനില്‍കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രതിഷേധവുമായി പൊറത്തിശേരി സിപിഎം സൗത്ത് ലോക്കല്‍ സെക്രട്ടറി എം.ബി. രാജുമാസ്റ്ററുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ എത്തിയതോടെ സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു. സ്പെഷല്‍ പോസ്റ്റല്‍ ബാലറ്റ് പട്ടികയില്‍ ഇവരുടെ പേര് ഉള്‍പ്പെട്ടിട്ടില്ലെന്ന് പ്രിസൈഡിംഗ് ഓഫീസര്‍ പ്രതിഷേധക്കാരോട് പറഞ്ഞു. തുടര്‍ന്ന് പ്രതിഷേധക്കാര്‍ റിട്ടേണിംഗ് ഓഫീസറുമായി ബന്ധപ്പെടുകയും ജില്ലാ കളക്ടര്‍ വിഷയത്തില്‍ ഇടപെടുകയും മുന്‍ കൗണ്‍സിലര്‍ക്ക് സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ പ്രത്യേക അനുമതി നല്‍കുകയുമായിരുന്നു. തുടര്‍ന്ന് പിപിഇ കിറ്റ് ധരിച്ചുവന്ന മുന്‍ കൗണ്‍സിലര്‍ ഏഴുമണിയോടെ വോട്ട് രേഖപ്പെടുത്തി. നടപടിക്രമങ്ങള്‍ പാലിക്കാത്ത പ്രിസൈഡിംഗ് ഓഫീസറുടെ രീതി ശരിയല്ലെന്ന് എം.ബി. രാജുമാസ്റ്റര്‍ പറഞ്ഞു. എന്നാല്‍ മുന്‍ കൗണ്‍സിലര്‍ക്ക് വോട്ട് ചെയ്യാന്‍ അനുമതി നല്കിയ നടപടി നിയമവിരുദ്ധമാണെന്നും കളക്ടറുടെ സ്പെഷല്‍ ഓര്‍ഡര്‍ ശരിയല്ലെന്നും നടപടിക്രമങ്ങള്‍ പാലിച്ചിട്ടില്ലെന്നും ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട, ജനറല്‍ സെക്രട്ടറി ഷൈജു കുറ്റിക്കാട്ട് എന്നിവര്‍ കുറ്റപ്പെടുത്തി. സംഘര്‍ഷത്തെ തുടര്‍ന്ന് സിഐ അനീഷ് കരീമിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തിയിരുന്നു.