താമസം നഗരമധ്യത്തില്‍….. ജീവിതം മാലിന്യദ്വീപിനു നടുവില്‍……ഇതാണ് ജവഹര്‍ കോളനി നിവാസികളുടെ നിലവിലെ അവസ്ഥ
ഇരിങ്ങാലക്കുട: രൂക്ഷമായ ദുര്‍ഗന്ധവും രോഗാതുരമായ അന്തരീക്ഷവും ജവഹര്‍ കോളനി നിവാസികളുടെ ജീവിതം ദുസഹമാക്കുകയാണ്. നഗരസഭ 14-ാം വാര്‍ഡിലെ ജവഹര്‍ നഗര്‍ കോളനി പരിസരത്തെ മലിനമായ തോടുകള്‍ പകര്‍ച്ചവ്യാധി ആശങ്കയുണര്‍ത്തുന്നു. തോടുകളില്‍ മാലിന്യം നിറഞ്ഞും കാടു പിടിച്ചും മലിനജലം കെട്ടികിടക്കുകയാണ്. നഗരസഭ നിര്‍മിച്ചു നല്കിയ ഫഌറ്റുകളിലും വീടുകളിലുമായി 24 കുടുംബങ്ങളാണു ഇവിടെ കഴിയുന്നത്. തോടുകള്‍ ശുചീകരിക്കണമെന്നാവശ്യം ഇതുവരെ നടപ്പിലായില്ലെന്നു കോളനി നിവാസികള്‍ പറയുന്നു. വീടിനു പിന്നില്‍ അഴുക്കുചാലില്‍ കെട്ടിക്കിടക്കുന്ന മലിനജലം പിഞ്ചുകുട്ടികളടക്കമുള്ള കോളനി നിവാസികളെയാണു ദുരിതത്തിലാക്കുന്നത്. തോട്ടിലെ വെള്ളം പൊതുജനാരോഗ്യത്തിനു ഭീഷണിയാകുന്നു. തോടിന്റെ പരിസരത്ത് താമസിക്കുന്ന 24 ഓളം വീടുകളിലുള്ളവര്‍ ഉറങ്ങാനും ഭക്ഷണം കഴിക്കാനുമാകാത്ത അവസ്ഥയിലാണ്. തോട്ടില്‍ കെട്ടിക്കിടക്കുന്ന മാലിന്യത്തിനു രൂക്ഷഗന്ധമാണ്. വീടുകളുടെ വാതിലും ജനലും തുറക്കാനാവാത്ത സ്ഥിതിയാണ്. മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ നടത്താത്തതും കൊതുകുനിവാരണ പ്രവര്‍ത്തനങ്ങളുടെ അഭാവവുമാണ് കോളനി നിവാസികളെ രോഗഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നത്. കൊതുകുകള്‍ പെരുകുന്നതിനാല്‍ കുട്ടികളില്‍ നിരവധി രോഗങ്ങള്‍ കണ്ടുതുടങ്ങിയതായി കോളനി നിവാസികള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അലര്‍ജിയടക്കമുള്ള രോഗങ്ങളും പടര്‍ന്നുപിടിക്കുവാനുള്ള സാധ്യതയുമുണ്ട്. കുട്ടികള്‍ മുഴുവന്‍ സമയവും കോളനിയില്‍ തന്നെയുള്ളതിനാല്‍ രോഗബാധ്യത വളരെയേറെയാണെന്നു മാതാപിതാക്കള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം എലിപ്പനി ബാധിച്ചു ഒരാള്‍ ഇവിടെ മരിച്ചുവെന്നും കോളനി പരിസരവും തോടുകളും എത്രയും വേഗം ശുചീകരിക്കണമെന്നും കോളനി നിവാസികള്‍ ആവശ്യപ്പെട്ടു.