രാഷ്ട്രീയ വിരോധത്താല്‍ ആക്രമണം നടത്തിയ പ്രതികള്‍ക്കു തടവും പിഴയും ശിക്ഷ വിധിച്ചു
ഇരിങ്ങാലക്കുട: രാഷ്ട്രീയ വിരോധത്താല്‍ അക്രമണം നടത്തിയ പ്രതികള്‍ക്കു തടവും പിഴയും ശിക്ഷ വിധിച്ചു. പൂമംഗലം വില്ലേജ് എടക്കുളം ആയിരംകോള്‍ ദേശത്ത് തലാപ്പിള്ളി വീട്ടില്‍ കുഞ്ഞിപ്പേങ്ങന്‍ മകന് ഉണ്ണികൃഷ്ണന് എന്നയാളെ മര്‍ദിച്ച കേസില്‍ പ്രതികളായ പൂമംഗലം വില്ലേജ് എടക്കുളം ദേശത്ത് പള്ളത്ത് വീട്ടില്‍ മനീഷ് (29), മനവലശേരി വില്ലേജ് എടക്കുളം ദേശത്ത് ഇടത്തട്ടില്‍ വീട്ടില്‍ ചനുല് എന്ന ചനു (26), എറവ് വില്ലേജ് മങ്ങാട്ട് വീട്ടില്‍ വിഷ്ണു (30) എന്നിവരെയാണു കുറ്റക്കാരെന്നു കണ്ട് ഇരിങ്ങാലക്കുട അഡീഷണല്‍ അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജ് ജോമോന് ജോണ്‍ ഇന്ത്യന്‍ ശിക്ഷാനിയമം വിവിധ വകുപ്പുകള്‍ പ്രകാരം ഏഴു വര്‍ഷം കഠിനതടവിനും 10,000 രൂപ പിഴയടയ്ക്കുവാനും ശിക്ഷിച്ചത്. 2016 ഓഗസ്റ്റ് 31 നാണ് സംഭവം. കനാല്‍പ്പാലത്തിനു സമീപത്ത് വെച്ചു പ്രതികള്‍ കമ്പിവടി കൊണ്ടും പട്ടിക വടികൊണ്ടും പരാതിക്കാരനെ മര്‍ദിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. കാട്ടൂര്‍ പോലീസ് എസ്ഐ ആയിരുന്ന മനു വി. നായരാണു കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കേസില്‍ പ്രോസിക്യൂഷന് ഭാഗത്തു നിന്നും 10 സാക്ഷികളെ വിസ്തരിക്കുകയും 13 രേഖകള്‍ ഹാജരാക്കുകയും ചെയ്തിരുന്നു. കേസില്‍ പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.ജെ. ജോബി, അഡ്വക്കേറ്റുമാരായ ജിഷ ജോബി, അല്‍ജോ പി. ആന്റണി, വി.എസ്. ദിനല്‍, അര്ജുന് രവി എന്നിവര്‍ ഹാജരായി.