ക്രൈസ്റ്റ് കോളജ് ഗവേഷകര്‍ക്ക് അന്താരാഷ്ട്ര അംഗീകാരം, ഇന്ത്യയില്‍ നിന്നും ആറ് പുതിയ ഇനം കുയില്‍ കടന്നലുകള്‍

ഇരിങ്ങാലക്കുട: ഷഡ്പദങ്ങളിലെ ക്രൈസിഡിഡേ (കുയില്‍ കടന്നല്) വിഭാഗത്തെപറ്റിയുള്ള പഠനത്തിനു ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ഗവേഷകര്‍ക്കു അന്താരാഷ്ട്ര അംഗീകാരം. ക്രൈസ്റ്റ് കോളജ് ജന്തുശാസ്ത്ര വിഭാഗം ഷഡ്പദ എന്റമോളജി ഗവേഷണ കേന്ദ്രത്തിലെ (എസ്ഇആര്‍എല്‍) ഗവേഷകയായ പി.ജി. അശ്വതി, ഗവേഷണ വിഭാഗ മേധാവിയായ ഡോ. സി. ബിജോയ്, ഇറ്റാലിയന്‍ ഗവേഷകനായ പൗലോ റോസ എന്നിവര്‍ ചേര്‍ന്നു നടത്തിയ പഠനത്തിനാണു അംഗീകാരം.

1903 ല്‍ നടന്ന ബ്രിട്ടീഷ് പഠനത്തിനു ശേഷം ഈ വിഭാഗത്തില്‍ ഇതാദ്യമായാണു ഇത്രയും ആഴത്തിലുള്ള ഗവേഷണം ഇന്ത്യയില്‍ നടക്കുന്നത്. ഇന്ത്യയില്‍ നിന്നും ഇതുവരെ ഈ വിഭാഗത്തില്‍ വരുന്ന 105 ഇനം കടന്നലുകളെയാണു കണ്ടെത്തിയിട്ടുള്ളത്. ഇവരുടെ പഠനത്തിലൂടെ ആറു പുതിയ ഇനം കുയില്‍ കടന്നലുകളെ കണ്ടെത്തി.

ഇതില്‍ ഒന്നിനെ മുഖ്യ ഗവേഷകയായ പി.ജി. അശ്വതിയുടെ പേരിലാണു നാമകരണം ചെയ്തിരിക്കുന്നത്. കുയില്‍ കടന്നലുകളെ പറ്റി പഠിക്കുന്ന ഇന്ത്യയിലെ ഏക ഗവേഷണ കേന്ദ്രമാണു ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലേത്. കടന്നലുകളെ കൂടാതെ തേനീച്ചകളിലും കുഴിയാനകളിലും പുല്ച്ചാടികളിലും ഇവിടെ ഗവേഷണം നടക്കുന്നുണ്ട്. കുയിലുകള്‍ കാക്കകളുടെ കൂട്ടില്‍ ഒളിച്ചുകടന്ന് മുട്ടയിട്ട് വിരിയിക്കുന്നതുപോലെ ഇവ കടന്നലുകളുടെ കൂട്ടില്‍ ഒളിച്ചുകടന്നു മുട്ടയിട്ടു പ്രജനനം നടത്തുന്നതുകൊണ്ടാണു ഇവയെ കുയില്‍ കടന്നലുകളെന്നു വിളിക്കുന്നത്.

കേന്ദ്ര ശാസ്ത്ര വ്യാവസായിക ഗവേഷണ കൗണ്‍സിലിന്റെ സാമ്പത്തിക സഹായത്തോടെയാണു ഗവേഷണ പഠനങ്ങള്‍ നടക്കുന്നത്. ഇവരുടെ പഠനം അന്താരാഷ്ട്ര ശാസ്ത്ര മാസികയായ ‘സൂടാക്സ’യുടെ ഏറ്റവും പുതിയ ലക്കത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.