നിയമസഭാ തെരഞ്ഞെടുപ്പ് സജ്ജമാണോ… കളക്ടര്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ സൗകര്യങ്ങള്‍ വിലയിരുത്തി
ഇരിങ്ങാലക്കുട: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ സൗകര്യങ്ങള്‍ വിലയിരുത്താന്‍ ജില്ലാ കളക്ടര്‍ എസ്. ഷാനവാസ് ഇരിങ്ങാലക്കുടയിലെത്തി. തെരഞ്ഞെടുപ്പ് സാമഗ്രികള്‍ സൂക്ഷിക്കുന്നതിനും മറ്റുമുള്ള സൗകര്യങ്ങള്‍ പരിശോധിക്കാനായിട്ടായിരുന്നു കളക്ടറുടെ സന്ദര്‍ശനം. ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിന്റെ വോട്ടെണ്ണല്‍ കേന്ദ്രം ക്രൈസ്റ്റ് കോളജും സെന്റ് ജോസഫ്സ് കോളജുമാണ്. വോട്ടിംഗ് മെഷീനുകള്‍ സൂക്ഷിക്കാനുള്ള സ്ട്രോംഗ് റൂം, മറ്റ് സൗകര്യങ്ങള്‍ എന്നിവ കളക്ടര്‍ വിലയിരുത്തി. മുകുന്ദപുരം തഹസില്‍ദാര്‍ കെ. ബാലകൃഷ്ണന്, ഡെപ്യൂട്ടി തഹസില്‍ദാര്‍ (തെരഞ്ഞെടുപ്പ്) ബിജു ജോസ്, മനവലശേരി വില്ലേജ് ഓഫീസര്‍ ടി.കെ. പ്രമോദ് എന്നിവരും കളക്ടറെ അനുഗമിച്ചിരുന്നു. അതേസമയം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് ഡ്യൂട്ടിക്കു നിയോഗിക്കേണ്ട ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ നല്കാന് ഞായറാഴ്ച തുറന്നു പ്രവര്‍ത്തിക്കണമെന്ന കളക്ടറുടെ ഉത്തരവ് പാലിക്കപ്പെട്ടില്ല. ഫോം വാങ്ങാന്‍ സന്നദ്ധമായതു പോലും നാമമാത്രമായ ഓഫീസുകള്‍. രാവിലെ ഒരു ഓഫീസും തുറന്നില്ല. ഉച്ചതിരിഞ്ഞ് പല ഓഫീസുകളിലേയും ഉദ്യോഗസ്ഥര്‍ അതത് വില്ലേജ് ഓഫീസുകളിലെത്തി ഫോമുകള്‍ വാങ്ങി. കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍, ബാങ്കുകള്‍, ഇന്‍ഷ്വറന്‍സ് കമ്പനികള്‍, കെഎസ്എഫ്ഇ, വൈദ്യുതി ഭവന് എന്നിവ ഒന്നും തന്നെ തുറന്നില്ല. സ്കൂളുകള്‍ ചിലത് തുറന്നിരുന്നതായി വില്ലേജ് ഓഫീസര്‍മാര്‍ പറഞ്ഞു. ഉച്ചയോടെ ചിലര്‍ തുറക്കുകയും നേരിട്ട് വന്നു ഫോമുകള്‍ വാങ്ങി പോകുകയും ചെയ്തു. എന്നാല്‍ സ്റ്റാഫ് ലിസ്റ്റ് ഒരു സ്ഥാപനവും നല്‍കിയിട്ടില്ലെന്നു റവന്യു ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജില്ലയിലെ എല്ലാ കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, സര്‍ക്കാര്‍-എയ്ഡഡ് സ്കൂളുകള്‍, കോളജുകള്‍ എന്നിവ ഞായറാഴ്ച തുറന്നു പ്രവര്‍ത്തിക്കണമെന്നും സ്റ്റാഫ് ലിസ്റ്റ് പ്രഫോര്‍മയില്‍ സര്‍ട്ടിഫിക്കറ്റ് സഹിതം അതത് ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫീസര്‍മാര്‍ മുഖേന കൈമാറണമെന്നുമായിരുന്നു കളക്ടറുടെ ഉത്തരവ്.