ഇരിങ്ങാലക്കുട നഗരസഭ വികസന സെമിനാർ 15 കോടിയുടെ പദ്ധതികള്‍ക്ക് അംഗീകാരം
ഇരിങ്ങാലക്കുട: നഗരസഭ വികസന സെമിനാറില്‍ 15 കോടി രൂപയുടെ പദ്ധതികള്‍ക്കു അംഗീകാരം നല്കി. ലയണ്‍സ് ക്ലബ് ഹാളില്‍ നടന്ന വികസന സെമിനാര്‍ ചെയര്‍പേഴ്സണ്‍ സോണിയഗിരി ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്മാന് പി.ടി. ജോര്‍ജ് അധ്യക്ഷത വഹിച്ചു. ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ പ്രഫ. വി.കെ. ലക്ഷ്മണന്‍നായര്‍ മുഖ്യാതിഥിയായിരുന്നു. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ് കുമാര്‍ പദ്ധതി വിവരണം നടത്തി. വികസന സെമിനാറില്‍ ജനറല്‍ വിഹിതത്തില്‍ 5,48,02,000, എസ്സിപി വിഹിതത്തില്‍ 2,52,82,000, നോണ്‍ റോഡ് വിഹിതത്തില്‍ 1,52,22,000, റോഡ് വിഹിതത്തില്‍ 5,20,24,000 രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായിട്ടുള്ള തുകയില്‍ നിന്ന് വനിത പദ്ധതിക്കു 70 ലക്ഷം രൂപയും ഉല്പാദന മേഖലയ്ക്ക് 45 ലക്ഷം രൂപയും കുട്ടികള്‍, ഭിന്നശേഷി, ഭിന്ന ലിംഗക്കാര്‍ എന്നിവര്‍ക്കു 35 ലക്ഷം രൂപയും വയോജനങ്ങള്‍ക്കും പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്കു 35 ലക്ഷം രൂപയും പിഎംഎവൈ ലൈഫ് പദ്ധതികള്‍ക്കു ഒരു കോടി 61 ലക്ഷം രൂപയും വകയിരുത്തി. കൂടാതെ അങ്കണവാടി പോഷകാഹാരത്തിനു 50 ലക്ഷം രൂപയും ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്കു സ്കോളര്‍ഷിപ്പിനു 32 ലക്ഷം രൂപയും എസ്എസ്എയ്ക്ക് 15 ലക്ഷം രൂപയും ആശ്രയ പദ്ധതിയ്ക്ക് 50,000 രൂപയും ജലസമൃദ്ധി ജലാശയ പുനരുജീവനത്തിനു മൂന്നു ലക്ഷം രൂപയും ഐകെഎം വിഹിതമായി നാലു ലക്ഷം രൂപയും നിലാവ് പദ്ധതിക്ക് 15 ലക്ഷം രൂപയും ദുരന്ത നിവാരണ പ്രൊജക്ടുകള്‍ക്കു 5,50,000 രൂപയും ഓരോ വാര്‍ഡിലെയും റോഡ് മെയിന്റനന്‍സിനായി 10 ലക്ഷം രൂപ വീതം ആകെ 4.1 കോടി രൂപയും വകയിരുത്തി പദ്ധതികള്‍ക്കു രൂപം കൊടുത്തു. മുനിസിപ്പല്‍ സെക്രട്ടറി കെ.എം. മുഹമ്മദ് അനസ്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് സി.സി. ഷിബിന്‍, ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് അംബിക പള്ളിപ്പുറത്ത്, പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജെയ്സണ്‍ പാറേയ്ക്കാടന്‍, വിദ്യാഭ്യാസകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. ജിഷ ജോബി, വാര്‍ഡ് കൗണ്‍സിലര്‍ ഒ.എസ്. അവിനാഷ്, കൗണ്‍സിലര്‍മാരായ ടി.വി. ചാര്‍ളി, അഡ്വ. കെ.ആര്. വിജയ, അല്‍ഫോന്‍സ തോമസ്, സന്തോഷ് ബോബന്, പ്ലാനിംഗ് സൂപ്രണ്ട് മേരി സിബില്‍ എന്നിവര്‍ പ്രസംഗിച്ചു. വികസന സെമിനാറില്‍ ആസൂത്രണ സമിതി അംഗങ്ങള്‍, കൗണ്‍സിലര്‍മാര്‍, വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങള്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍, വകുപ്പ് തലമേധാവികള് എന്നിവര്‍ പങ്കെടുത്തു. വികസന സെമിനാറിനു പ്ലാനിംഗ് ഉദ്യോഗസ്ഥന്മാരായ കെ.ആര്. റെനീഷ്, സി.എസ്. സുനിത, പി.ആര്. രഞ്ജിനി എന്നിവര്‍ നേതൃത്വം നല്കി.