കൃഷിക്കു വെള്ളം കിട്ടാതെ അമ്പതോളം ഹെക്ടര്‍ പുഞ്ചനിലങ്ങളിലെ കര്‍ഷകര്‍ ദുരിതത്തില്‍
പടിയൂര്‍: കൃഷിക്കു വെള്ളം കിട്ടാതെ അമ്പതോളം ഹെക്ടര്‍ പുഞ്ചനിലങ്ങളിലെ കര്‍ഷകര്‍ ദുരിതത്തില്‍. പടിയൂര്‍ ഗ്രാമപഞ്ചായത്തിലെ അവുണ്ടര്ചാലിനു സമീപമുള്ള ഓരികോള്, എടപ്പാടം കോള്‍, 160 കോള്‍, മനയ്ക്കല കോള്‍, കോരംകോള്, വില്ലാറ്റുചിറ തുടങ്ങിയ പാടശേഖരങ്ങളിലാണു ഇതുമായി ബന്ധപ്പെട്ട തോടുകളില്‍ കുളവാഴകള്‍ നിറഞ്ഞ് വെള്ളംകിട്ടാതെ കര്‍ഷകര്‍ ബുദ്ധിമുട്ടുന്നത്. ഇവിടത്തെ പ്രധാന ജലസംഭരണിയായ അവുണ്ടര്‍ചാലില്‍ വെളളമുണ്ടെങ്കിലും അനുബന്ധ തോടുകളില്‍ ചണ്ടിയും കുളവാഴയും വളര്‍ന്നുകിടക്കുകയാണ്. മോട്ടറുകള്‍ പ്രവര്‍ത്തിപ്പിച്ചാലും ആവശ്യത്തിനു വെള്ളം കിട്ടാറില്ല. 15 മുതല്‍ 70 ദിവസം വരെ പ്രായമായ നെല്‍ച്ചെടികളാണു പാടശേഖരങ്ങളിലുള്ളത്. വെള്ളം ഏറ്റവും കൂടുതല്‍ ആവശ്യമായ ഘട്ടത്തിലാണു കര്‍ഷകര്‍ പ്രതിസന്ധിയിലായിരിക്കുന്നത്. മുന്‍വര്‍ഷങ്ങളില്‍ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി തോടുകള്‍ വൃത്തിയാക്കിയിരുന്നു. എന്നാല്‍ ഈ വര്‍ഷം വൃത്തിയാക്കല്‍ നടന്നിട്ടില്ലെന്നും സഹായധനമില്ലെന്നും കര്‍ഷകര്‍ ചൂണ്ടിക്കാട്ടി. വെള്ളാങ്കല്ലൂര്‍, പൂമംഗലം, പടിയൂര്‍ പഞ്ചായത്ത് അധികാരികള്‍ വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജനുവരിയില്‍ ചേര്‍ന്ന യോഗത്തില്‍ പാടശേഖരങ്ങളിലെ തോടുകളിലെ ചണ്ടി, കുളവാഴ എന്നിവ നീക്കി നീരൊഴുക്ക് സുഗമമാക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ധനസഹായത്തിനായി ജില്ലാ പഞ്ചായത്തിനേയും ജില്ലാ കളക്ടറേയും സമീപിച്ചെങ്കിലും അനുകൂല നടപടിയുണ്ടായില്ലെന്നും കര്‍ഷകര്‍ പറഞ്ഞു. സാമ്പത്തിക വര്‍ഷാവസാനമായതിനാല്‍ ഗ്രാമപഞ്ചായത്തുകള്‍ക്കും തനത് ഫണ്ടുകളോ പദ്ധതി വിഹിതങ്ങളോ നീക്കിയിരിപ്പില്ലാത്ത സ്ഥിതിയാണ്. ഇക്കാര്യത്തില്‍ എംഎല്‍എ ഇടപെടണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു. കൃഷിക്കാവശ്യമായ അടിസ്ഥാനസൗകര്യങ്ങളോ ബണ്ടുകളോ മറ്റു സൗകര്യങ്ങളോ ഇല്ലാത്ത ഈ പ്രദേശത്ത് ഒട്ടേറെ യാതന സഹിച്ചാണു കൃഷിയിറക്കുന്നത്. ജില്ലയിലെ മറ്റു കോള്പ്രദേശങ്ങള്ക്കു നല്‍കിവരുന്ന പരിഗണനയും സഹായവും ഇവിടത്തെ കര്‍ഷകര്‍ക്കില്ല. കാടുപിടിച്ചുകിടക്കുന്ന തോടുകള്‍ അടിയന്തിരമായി വൃത്തിയാക്കി കൃഷി രക്ഷിക്കാനുള്ള നടപടികള്‍ കൃഷിവകുപ്പും ജില്ലാ ഭരണകൂടവും കൈക്കൊള്ളണമെന്നാണു കര്‍ഷകരുടെ ആവശ്യം. ദുരന്ത നിവാരണ ഫണ്ടില്‍ നിന്നും തുക അനുവദിക്കുമെന്നാണു പ്രതീക്ഷയെന്നു പടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത സഹദേവന് പറഞ്ഞു. തനത് വരുമാനമില്ലാത്ത പഞ്ചായത്താണു പടിയൂര്‍. അതുകൊണ്ടാണു തോടുകളില്‍ നിന്നും ചണ്ടിയും കുളവാഴയും നീക്കാന്‍ ദുരന്ത നിവാരണ ഫണ്ടില്‍ നിന്നു തുക അനുവദിക്കണമെന്നാവശ്യപ്പെട്ടു കളക്ടറെ സമീപിച്ചത്. എന്നാല്‍ അത് ലഭ്യമായിട്ടില്ല. ഈ പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അംഗീകാരം ലഭിക്കാന്‍ വൈകും. കര്‍ഷകരുടെ ആവശ്യപ്രകാരം ധനസഹായത്തിനു കളക്ടര്‍ക്കു കഴിഞ്ഞദിവസം വീണ്ടും അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഫണ്ട് ലഭിക്കുമെന്നാണു പ്രതീക്ഷ.