എയര്‍പോര്‍ട്ടില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ പ്രതികള്‍ പിടിയില്‍
ഇരിങ്ങാലക്കുട: എയര്‍പോര്‍ട്ടുകളില്‍ ജോലി വാഗ്ദാനം നടത്തി 25 ലക്ഷം രൂപയോളം തട്ടിയെടുത്ത കേസിലെ പ്രതികളെ ഇരിങ്ങാലക്കുട പോലീസ് തന്ത്രപൂര്‍വ്വം പിടികൂടി. പ്രതികള്‍ കൊട്ടാരക്കരയില്‍ തമ്പടിച്ച് സമാന രീതിയില്‍ തട്ടിപ്പിന് ആസൂത്രണം നടത്തുന്നതായി തൃശൂര്‍ റൂറല്‍ എസ്പി ജി. പൂങ്കുഴലിക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇരിങ്ങാലക്കുട ഡിവൈഎസ്പി ടി.ആര്. രാജേഷിന്റെ നിര്‍ദ്ദേശ പ്രകാരം ഇരിങ്ങാലക്കുട ഇന്‍സ്പെക്ടര്‍ അനീഷ് കരീമിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. കൊട്ടാരക്കര പനവേലി സ്വദേശി അഖില്‍ (35), ഇരിങ്ങാലക്കുട എടതിരിഞ്ഞി ചെട്ടിയാല്‍ സ്വദേശി നിഖില്‍ (33) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. നിഖിലാണ് അഖിലിന് ആവശ്യക്കാരെ ബന്ധപ്പെടുത്തി കൊടുക്കുന്നത്. പോലീസ് പ്രതികളെ സമീപിച്ചത് എയര്‍പോര്‍ട്ടില്‍ ജോലി ശരിയാക്കി തരാമോ എന്ന് പറഞ്ഞാണ്. പോലീസിനോടും പണം ആവശ്യപ്പെട്ടപ്പോള്‍ പണം നേരിട്ട് നല്‍കാം എന്നു പറഞ്ഞ് പോലീസ് കൊട്ടാരക്കരയില്‍ എത്തുകയായിരുന്നു. കൊട്ടാരക്കര പനവേലിയില്‍ വച്ച് പണം നല്കിയാല് മതിയെന്ന് പ്രതി അഖില്‍ പോലീസിനോട് പറഞ്ഞു. പോലീസ് പണവുമായി പനവേലിയില്‍ എത്തി പണം നല്കാന് അഖിലിനെ സമീപിച്ചപ്പോള്‍ പോലീസാണെന്ന് മനസിലാക്കിയ പ്രതി പോലീസിനെ തള്ളിയിട്ട് ഓടുകയായിരുന്നു. ഒന്നര കിലോമീറ്ററോളം ഓടിച്ചിട്ടാണ് പോലീസ് പ്രതിയെ കീഴടക്കിയത്. മറ്റൊരു പ്രതി നിഖിലിനെയും സമാന രീതിയില്‍ തന്ത്രപൂര്‍വ്വം പോലീസ് വലയിലാക്കുകയായിരുന്നു. അഡീഷ്ണല്‍ എസ്ഐ ക്ലീറ്റസ്, എഎസ്ഐ സലീം, സിപിഒ വൈശാഖ് മംഗലന്‍ എന്നിവരാണ് പ്രതിയെ പിടികൂടിയ പ്രത്യേക അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.