ഇരിങ്ങാലക്കുടയിലെ വനിതാ കൂട്ടായ്മ സ്ത്രീ സുരക്ഷാ ബോധവത്ക്കരണ പരിപാടി നടത്തി
സ്ത്രീകളുടെ സുരക്ഷ ഉറപ്പു വരുത്താന്‍ സര്‍ക്കാരുകള്‍ക്കും വനിതാ കമ്മീഷനും എജന്സികള്ക്കും കഴിയില്ല: ജേക്കബ് തോമസ്
ഇരിങ്ങാലക്കുട: സ്ത്രീകളുടെ സുരക്ഷ ഉറപ്പു വരുത്താന്‍ സര്‍ക്കാരുകള്‍ക്കും വനിതാ കമ്മീഷനും എജന്സികള്ക്കും കഴിയില്ലെന്നു മുന്‍ ഡിജിപി ജേക്കബ് തോമസ്. വനിതാദിനത്തില്‍ ഇരിങ്ങാലക്കുടയിലെ വനിതാ കൂട്ടായ്മ സംഘടിപ്പിച്ച സ്ത്രീ സുരക്ഷാ ബോധവത്ക്കരണ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീ സുരക്ഷ ഉറപ്പുവരുത്താന്‍ നിയമങ്ങള്‍ ഏറെ ഉണ്ടെങ്കിലും ഇവയെ ആശ്രയിക്കാതെ, സുരക്ഷിതരാകാനുള്ള പരിശീലനം നേടുകയാണു വേണ്ടത്. ഇത്തരം പരിശീലനം വീടുകളില്‍ നിന്നുതന്നെ ആരംഭിക്കേണ്ടതുണ്ട്. വനിതാ കമ്മീഷന് നിലവില്‍ വന്നിട്ട് വര്‍ഷങ്ങള്‍ എറെയായെങ്കിലും കേരളത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ വര്‍ധിച്ചു വരികയാണ്. പ്രത്യേകിച്ച് ഒരു സുരക്ഷയും ഒരുക്കാന്‍ സംവിധാനങ്ങള്‍ക്കു കഴിഞ്ഞിട്ടില്ല. പാലക്കാട് ജില്ലയില്‍ പാര്‍ട്ടി നേതാവില്‍ നിന്നു തന്നെ രാഷ്ട്രീയ പ്രവര്‍ത്തകയ്ക്കു മോശമായ അനുഭവം ഉണ്ടായെന്നും സംസ്കാരമില്ലാത്ത പ്രദേശമായി കേരളം മാറിയെന്നും മുന്‍ പോലീസ് മേധാവി പറഞ്ഞു. കലാക്ഷേത്ര ഹാളില്‍ നടന്ന പരിപാടിയില്‍ കൗണ്‍സിലര്‍ അമ്പിളി ജയന് അധ്യക്ഷത വഹിച്ചു. ക്രിമിറ്റോറിയം ജീവനക്കാരി സുബീന റഹ്മാനെ ചടങ്ങില്‍ ആദരിച്ചു. സിന്ധു സതീഷ്, കവിത ബിജു, സുബിത ജയകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.