വാക്സിന് ക്ഷാമം,………. ക്യാമ്പുകള്‍ നിര്‍ത്തി………പരാതികളേറെ
ഇരിങ്ങാലക്കുട: കോവിഡ് വ്യാപനം രൂക്ഷമായതോടെ പ്രതിരോധ കുത്തിവെപ്പിനു തിരക്കേറിയെങ്കിലും വാക്സിന് ക്ഷാമം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു തിരിച്ചടിയായി. വാക്സിനു ക്ഷാമം നേരിട്ടതോടെ നഗരസഭയുടെ നേതൃത്വത്തിലുള്ള വാക്സിനേഷന് ക്യാമ്പുകള്‍ നിര്‍ത്തി. ചുരുക്കം ചില വാര്‍ഡുകളില്‍ മാത്രമാണു ക്യാമ്പുകള്‍ നടന്നത്. 200 പേര്‍ക്കു മാത്രമാണു ദിവസവും ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ വാക്സിനേഷന് നല്‍കുന്നത്. വാക്സിന്റെ ലഭ്യതക്കുറവും ആളുകള്‍ തിങ്ങി കൂടുന്നതും രോഗവ്യാപനത്തിനു സാധ്യത വര്‍ധിക്കുമെന്ന സാഹചര്യമാണിപ്പോഴുള്ളത്. ക്യാമ്പുകള്‍ നിര്‍ത്തിവെച്ചതോടെ ദിവസവും നൂറുകണത്തിനു ആളുകളാണു ആശുപത്രിയില്‍ എത്തുന്നത്. തിരക്ക് കൂടുന്നതു വലിയ പ്രതിസന്ധി സൃഷ്ടിക്കുകയാണെന്നു ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആദ്യ ഡോസ് എടുക്കുന്നവരും കോവിഡ് രോഗികളുമായി സമ്പര്‍ക്കമുള്ളവരും ഒരുപോലെ ആശുപത്രിയില്‍ എത്തുന്നതാണു രോഗവ്യാപന സാധ്യത വര്‍ധിപ്പിക്കുന്നത്. പടിയൂര്‍, കാറളം, മുരിയാട്, വേളൂക്കര, കാട്ടൂര്‍, ആളൂര്‍, പൂമംഗലം എന്നീ പഞ്ചായത്തുകളിലും വാക്സിനേഷന് ക്യാമ്പുകള്‍ നടത്താനായിട്ടില്ല. ഈ പഞ്ചായത്തുകളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ വാക്സിനുകളുടെ ലഭ്യത കുറവു മൂലം പല ദിവസങ്ങളിലും വാക്സിനേഷന് നടത്താനായിട്ടില്ല. ഇന്ന് രാവിലെ ജനറല്‍ ആശുപത്രിയിലെത്തിയ പലര്‍ക്കും വാക്സിനേഷന് ലഭിച്ചില്ല. ഇതു സംബന്ധിച്ച് പരാതികള്‍ ഏറെയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ രജിസ്ട്രേഷന് ലഭിച്ച പലരും ഇന്ന് വാക്സിനേഷന് എടുക്കുവാന്‍ എത്തിയിരുന്നുവെങ്കിലും ഇന്ന് രജിസ്ട്രേഷന് ലഭിച്ചവര്‍ക്കു മാത്രമേ വാക്സിനേഷന് ലഭിക്കുകയുള്ളൂവെന്നാണു ആശുപത്രിയില്‍ നിന്നും അറിയിച്ചത്. ഇത് പലര്‍ക്കും പരാതികള്‍ക്കിടയാക്കി. സ്പോട്ട് രജിസ്ട്രേഷനായി എത്തിയവരും നിരാശരായി മടങ്ങേണ്ടി വന്നു.