വിശ്വാസപരിശീലനത്തിന്റെ പുതിയ അധ്യയന വര്‍ഷത്തിന് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ തുടക്കം കുറിച്ചു
ക്രിസ്തുവിന്റെ മിഴികളിലേക്കു നോക്കി, അവിടുത്തെ മൊഴികളില്‍ ആശ്രയിച്ച് അവിടുത്തെ വഴികളിലൂടെ നടക്കുന്നതിനുള്ള പരിശീലനമാണ് വിശ്വാസപരിശീലനം- ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ഇരിങ്ങാലക്കുട: ക്രിസ്തുവിന്റെ മിഴികളിലേക്കു നോക്കി, അവിടുത്തെ മൊഴികളില്‍ ആശ്രയിച്ച് അവിടുത്തെ വഴികളിലൂടെ നടക്കുന്നതിനുള്ള പരിശീലനമാണ് വിശ്വാസപരിശീലനമെന്ന് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ പറഞ്ഞു. 2021-22 അധ്യയന വര്‍ഷത്തിലെ വിശ്വാസപരിശീലനത്തിനു തുടക്കം കുറിച്ചു കൊണ്ടു പ്രസംഗിക്കുകയായിരുന്നു ബിഷപ്. ക്രിസ്തുവിനെ അറിയുക, ക്രിസ്തുവിനെ സ്നേഹിക്കുക, ക്രിസ്തുവിനെ അനുഭവിയ്ക്കാന്‍ സാധിക്കുക എന്നതാണ് വിശ്വാസപരിശീലനത്തിന്റെ ലക്ഷ്യം. ക്രിസ്തുവിന്റെ ജീവിതശൈലി നമ്മുടെ ജീവിതത്തിലേയ്ക്ക് പകര്‍ത്താനുള്ള പരിശീലനമാണ് വിശ്വാസപരിശീലനത്തിലൂടെ സാധിതമാകുന്നതെന്നും ബിഷപ് കൂട്ടിചേര്‍ത്തു. 2021-22 അധ്യായനവര്‍ഷം ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍, രൂപത മതബോധന ഡയറക്ടര്‍ റവ. ഡോ. റിജോയ് പഴയാറ്റില്‍, ഇരിങ്ങാലക്കുട കത്തീഡ്രല്‍ വികാരി ഫാ. പയസ് ചിറപ്പണത്ത്, ഇരിങ്ങാലക്കുട ഫൊറോന ഡയറക്ടര്‍ ഫാ. ബെന്നി ചെറുവത്തൂര്‍, അധ്യാപക പ്രതിനിധി ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ യൂണിറ്റ് ഹെഡ്മാസ്റ്റര് ആന്റപ്പന് മാസ്റ്റര്‍, മാതാപിതാക്കളുടെ പ്രതിനിധി ബിനി ടെല്‍സന്‍-ടെല്‍സന്‍ കോട്ടോളി, മതബോധന വിദ്യാര്‍ഥി പ്രതിനിധികളായ ജിയന്ന അലക്സ്, ജാക്സന് ഷാജി, രൂപത ആനിമേറ്റേഴ്സ് പ്രതിനിധി അഡ്വ. ജോര്‍ഫിന്‍ മാസ്റ്റര്‍, രൂപത മതബോധന സെക്രട്ടറി സിസ്റ്റര്‍ ലിസ്യുമരിയ എന്നിവര്‍ ചേര്‍ന്ന് തിരി തെളിയിച്ചു. തുടര്‍ന്ന് ‘ക്രിസ്തു ദര്‍ശനം മാതാപിതാക്കളിലൂടെ’ എന്ന ഈ വര്‍ഷത്തെ ലോഗോ പ്രകാശനവും ലോഗോയില്‍ കാണുന്ന പ്രതീകങ്ങളുടെ അര്‍ഥമെന്താണെന്നു വ്യക്തമാക്കികൊണ്ടുള്ള കുട്ടികളുടെ വിശദീകരണവും നടന്നു.