കര്‍ഷകരെ സംരക്ഷിക്കാന്‍ പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കണം’-മാര്‍ പോളി കണ്ണൂക്കാടന്‍
ഇരിങ്ങാലക്കുട: പ്രളയവും കോവിഡും തീര്‍ത്ത ദുരിതങ്ങളില്‍ പെട്ട് ഉഴലുന്ന മലയോര കര്‍ഷകരെ സംരക്ഷിക്കാന്‍ ദീര്‍ഘകാല സംരക്ഷണം ഒരുക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടു വരണമെന്ന് നാല്‍പ്പത്തി നാലാം രൂപതാ ദിനാഘോഷത്തിന്റെ ഭാഗമായ ദിവ്യബലി മധ്യേ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍. 1978 സെപ്റ്റംബര്‍ 10 ന് രൂപീകൃതമായ ഇരിങ്ങാലക്കുട രൂപതയുടെ നാല്പത്തിനാലാമത് രൂപതാദിനം സമുചിതമായി ആഘോഷിച്ചു. രാവിലെ 10.30 ന് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് ക്ഷണിക്കപ്പെട്ട നിയന്ത്രിത പ്രതിനിധികളോടൊപ്പം ബിഷപ് ദിവ്യബലി അര്‍പ്പിച്ചു. വികാരി ജനറല്‍മാര്‍, മേഖലാ ഫൊറോന വികാരിയച്ചന്മാര്, സമര്‍പ്പിത സമൂഹത്തിന്റെ പ്രൊവിന്‍ഷ്യല്‍സ്, വൈദികര്‍, സമര്‍പ്പിതര്‍, ഭക്തസംഘടനകളുടെ പ്രസിഡന്റുമാര്‍, പ്രത്യേകം ക്ഷണിക്കപ്പെട്ട മറ്റു അല്മായ പ്രതിനിധികള്‍ എന്നിവരും സന്നിഹിതരായിരുന്നു. രൂപതയുടെ പ്രാരംഭകാലഘട്ടത്തില്‍ 32 വര്‍ഷക്കാലം ദൈവപരിപാലനയില്‍ ആശ്രയിച്ച് രൂപതയെ ദീര്‍ഘവീക്ഷണത്തോടെ നയിച്ച പ്രഥമ രൂപതാധ്യക്ഷന്‍ മാര്‍ ജെയിംസ് പഴയാറ്റിലിനെ നന്ദിയോടെ അനുസ്മരിച്ചു. ഇരിങ്ങാലക്കുട രൂപതയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന സാമൂഹ്യ സേവന മേഖലകളിലെ ശുശ്രൂഷകള്‍ വഴി ആയിരങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന അനുഗ്രഹങ്ങളെ ബിഷപ് ഓര്‍മപ്പെടുത്തി. ആത്മഹത്യ പ്രതിരോധ ദിനമായ ഈ ദിനത്തില്‍ മരണസംസ്കാരമല്ല ജീവന്റെ സംസ്കാരമാണ് നാം പ്രചരിപ്പിക്കേണ്ടത്. കുടുംബങ്ങളില്‍ കുറഞ്ഞുവരുന്ന കുഞ്ഞുങ്ങളുടെ ജനനനിരക്ക് ആശങ്കയുണര്‍ത്തുന്നുവെന്നും ഒരു കുടുംബത്തില്‍ നാലു മക്കളെങ്കിലും വളര്‍ന്നുവരാനുള്ള സാഹചര്യം യുവദമ്പതിമാര്‍ തീരുമാനിക്കണമെന്നും ആ കുടുംബങ്ങളെ സഹായിക്കാന്‍ പ്രോലൈഫ് ചാരിറ്റബിള്‍ ട്രസറ്റ് പ്രവര്‍ത്തിച്ചു വരുന്ന കാര്യവും സൂചിപ്പിച്ചു. സമൂഹത്തെ അപകടത്തിലേക്ക് നയിക്കുന്ന ലൗജിഹാദ്, ലഹരിജിഹാദ് പോലെയുള്ള ആസൂത്രിതമായ ശ്രമങ്ങള്‍ക്കെതിരെ മാതാപിതാക്കളും സമൂഹവും അതീവജാഗ്രത പുലര്‍ത്തണമെന്ന് ബിഷപ് ഉദ്ബോധിപ്പിച്ചു. കൂട്ടായ്മയാണ് ഇരിങ്ങാലക്കുട രൂപതയുടെ കരുത്തെന്നും ഈ കൂട്ടായ്മ എന്നും കാത്തു സൂക്ഷിക്കണമെന്നും തന്റെ പ്രസംഗത്തിനിടെ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ സൂചിപ്പിച്ചു. രൂപതയില്‍ നിന്ന് സമര്‍പ്പിത ജീവിതത്തിലേക്ക് ദൈവവിളി സ്വീകരിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശുശ്രൂഷ ചെയ്യുന്നവരുടെ ഡയറക്ടറി പ്രകാശനം ചെയ്തു. കത്തീഡ്രല്‍ ഇടവക പള്ളിയുടെ നേതൃത്വത്തില്‍ കൃതജ്ഞതാ സ്തോത്രം പുതിയ ആലാപന രീതിയില്‍, 43 ഗായകര്‍ പാടുന്ന വീഡിയോ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ പ്രകാശനം ചെയ്തു.