ഠാണാ-ചന്തക്കുന്ന് വികസനം: ഭൂമി ഏറ്റെടുക്കല്‍ നടപടിക്ക് ആരംഭം കുറിച്ചു
ഇരിങ്ങാലക്കുട: ഠാണാ-ചന്തക്കുന്ന് പാത വികസനത്തിനായി ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്ക് ആരംഭം കുറിച്ചു. ഏറ്റെടുക്കേണ്ട ഭൂമികളുടെ സര്‍വേ നമ്പറുകളും അലൈമെന്റ് പ്ലാനും അടങ്ങിയ രേഖകള്‍ സ്പെഷല്‍ തഹസില്‍ദാര്‍ പവിത്രനു കൈമാറി. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു ഏറ്റെടുക്കല്‍ നടപടികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. പാത വികസനത്തിനായി 160 സെന്റ് ഭൂമിയാണ് ഏറ്റെടുക്കേണ്ടി വരുന്നത്. സ്ഥലമേറ്റെടുക്കുന്നതിനും നിലവിലെ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റുന്നതിനുമായി 28.28 കോടി രൂപയും റോഡ് വികസനത്തിനു പശ്ചാത്തലമൊരുക്കുന്നതിനു 3.72 കോടി രൂപയുമുള്‍പ്പെടെ 32 കോടി രൂപയുടെ വികസന പ്രവര്‍ത്തികളാണു നടപ്പിലാക്കുന്നത്. നിലവില്‍ ഏഴു മീറ്റര്‍ ടാറിംഗ് ഉള്‍പ്പെടെ 11 മീറ്റര്‍ വീതിയുള്ള പ്രസ്തുത റോഡ് 17 മീറ്ററാക്കിയാണു വികസിപ്പിക്കുന്നത്. ഇതില്‍ 13.8 മീറ്റര്‍ ബിഎംബിസി നിലവാരത്തില്‍ മെക്കാഡം ടാറിംഗ് റോഡും ബാക്കി ഇരുവശത്തും നടപ്പാതകളോടു കൂടിയ കാനകളുമാണ് ഉണ്ടായിരിക്കുക. കൂടാതെ ട്രാഫിക് സേഫ്റ്റിക്കു വേണ്ടിയുള്ള ലൈന്‍ മാര്‍ക്കിംഗ്, റിഫ്ളക്ടറുകള്‍, ദിശാ ബോര്‍ഡുകള്‍, സൂചനാ ബോര്‍ഡുകള്‍ എന്നിവ സ്ഥാപിക്കും. കെഎസ്ഇബി, ബിഎസ്എന്‍എല്‍ പോസ്റ്റുകള്‍, വാട്ടര്‍ അഥോറിറ്റി പൈപ്പുകള്‍ എന്നിവയെല്ലാം മാറ്റി സ്ഥാപിക്കുന്നതിനു വേണ്ടിയുള്ള തുക കൂടി വകയിരുത്തിയിട്ടുണ്ട്. ഇരിങ്ങാലക്കുട ഠാണാവില്‍ വെച്ച് നടന്ന ഏറ്റെടുക്കല്‍ ചടങ്ങില്‍ മുന്‍ എംഎല്‍എ പ്രഫ. കെ.യു. അരുണന് മാസ്റ്റര്‍ സ്പെഷല്‍ തഹസില്‍ദാര്‍ പവിത്രന് പിഡബ്ല്യുഡി അസിസ്റ്റന്റ് എന്‍ജിനീയര്‍ മിനിമോള്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖര്‍ എന്നിവര്‍ പങ്കെടുത്തു