ഇന്ധനവില വര്‍ധന; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒത്തുകളിക്കുന്നു-അഡ്വ.തോമസ് ഉണ്ണിയാടന്
ഇരിങ്ങാലക്കുട: ഇന്ധനവിലയുടെ കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒത്തുകളിക്കുകയാണെന്നു കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്മാന് തോമസ് ഉണ്ണിയാടന് പറഞ്ഞു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ ഭരണത്തിനെതിരെ യുഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പെട്രോളിയം ഉത്പന്നങ്ങളുടെ നികുതിയും തിരുവയും എടുക്കുന്ന കാര്യത്തില്‍ കേന്ദ്രവും സംസ്ഥാനവും മത്സരിക്കുകയാണ്. നികുതിയിനത്തില്‍ ലഭിക്കുന്ന സംഖ്യയില്‍ നിന്ന് അല്പമെങ്കിലും കുറവു വരുത്തി ജനങ്ങള്‍ക്ക് ആശ്വാസം നല്കുന്നതിനു സര്‍ക്കാരുകള്‍ തയാറാകണം. പെട്രോള്‍ വിലവര്‍ധനയുടെ പേരില്‍ സമരം നടത്തി എല്‍ഡിഎഫ് സ്വയം അപഹാസ്യരാവുകയാണെന്നും ജനസേവനകാര്യത്തില് തമിഴ്നാടിനെ മാതൃകയാക്കാന്‍ പിണറായി തയാറാവണമെന്നും ഉണ്ണിയാടന് പറഞ്ഞു. കണ്‍വീനര്‍ എം.പി. ജാക്സണ് അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍പേഴ്സണ്‍ സോണിയഗിരി, ഡിസിസി സെക്രട്ടറിമാരായ കെ.കെ. ശോഭനന്, ആന്റോ പെരുമ്പുള്ളി, സോമന് ചിറ്റേത്ത്, സതീഷ് വിമലന്, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ടി.വി. ചാര്‍ളി, മിനി മോഹന്‍ദാസ്, കെ.എ. റിയാസുദ്ധീന്‍, റോക്കി ആളൂക്കാരന്‍, പി.ബി. മനോജ്, എ.പി. ആന്റണി, ലോനപ്പന്, റൈജു പൊന്നച്ചന്, പി.ടി. ജോര്‍ജ്, രഞ്ജിനി എന്നിവര്‍ പ്രസംഗിച്ചു.