ഇരിങ്ങാലക്കുടയ്ക്ക് അഭിമാനമായി ആര്യ പി.രാജും അഖില്‍ വി. മേനോനും
ദീപിക ബാലജനസഖ്യം മുന്‍ സംസ്ഥാന സെക്രട്ടറിയാണ് ആര്യ പി. രാജ്
ഇരിങ്ങാലക്കുട: കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോള്‍ ഇരിങ്ങാലക്കുടയ്ക്ക് അഭിമാനിക്കാവുന്ന രണ്ടു നേട്ടങ്ങളാണ് ലഭിച്ചത്. ഒന്നാം സ്ട്രീമില്‍ ആറാം റാങ്കു നേടിയ അഖില്‍ വി. മേനോന്, 55-ാം റാങ്കു നേടിയ ആര്യ പി. രാജ് എന്നിവരാണ് നാടിന് അഭിമാനകരമായ നേട്ടം കൈവരിച്ചത്. ഇരിങ്ങാലക്കുട മണ്ണാത്തിക്കുളം റോഡ് ഗോവിന്ദ് നിവാസില്‍ പ്രവാസിയായിരുന്ന വിപിന്‍ മേനോന്റെയും ഇരിങ്ങാലക്കുട നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീച്ചര്‍ ബിന്ദുവിന്റേയും മകനാണ് അഖില്‍. ഇരിങ്ങാലക്കുട ചുങ്കത്തിനു സമീപം പുഷ്പാഞ്ജലിയില്‍ റിട്ട. ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ പുഷ്പരാജിന്റെയും ബിഎസ്എന്‍എല്‍ മുന്‍ ജീവനക്കാരി ജിജോയുടെയും മകളാണ് ആര്യ പി. രാജ്. ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനിലെ പഠനത്തിനുശേഷം കൊച്ചിയിലെ ദേശീയ നിയമ സര്‍വകലാശാലയില്‍ (നുവാസ്) നിന്നും നിയമവിരുദം നേടിയ ശേഷം തിരുവനന്തപുരം ഫോര്‍ച്യൂന്‍ അക്കാഡമിയില്‍ സിവില്‍ സര്‍വീസ് പരീക്ഷ എഴുതുവാനുള്ള പരിശീലനത്തിനായി അഖില്‍ ചേര്‍ന്നിരുന്നു. തുടര്‍ന്ന് അതെ സ്ഥാപനത്തില്‍ മെന്റോര്‍ ആയി പ്രവര്‍ത്തിച്ചു. ഇതേ കാലയളവില്‍ സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് ഒരുങ്ങുന്ന വിദ്യാര്‍ഥികളുമായി വിവിധ വിഷയങ്ങളില്‍ സംവദിക്കാന്‍ കഴിഞ്ഞതും വളരെ പ്രയോജനകരമായിയെന്നും അഖില്‍ പറഞ്ഞു. അഖിലിന്റെ മുത്തശ്ശി സി. ഭാനുമതി ടീച്ചര്‍ ഇരിങ്ങാലക്കുട നഗരസഭയുടെ മുന്‍ ചെയര്‍പേഴ്സണ്‍ ആയിരുന്നു. 55-ാം റാങ്കുകാരിയായ ആര്യ പി. രാജ് കഴിഞ്ഞ അഞ്ചുതവണ സിവില്‍ സര്‍വീസ് പ്രിലിമനറി പരീക്ഷയെഴുതിയിട്ടും പാസാവാന്‍ കഴിയാത്തതിന്റെ വിഷമത്തിലായിരുന്നു. സിവില്‍ സര്‍വീസിനു തയാറെടുപ്പ് നടത്തിയതുകൊണ്ടാണ് തനിക്ക് കെഎഎസ് നേടാന്‍ കഴിഞ്ഞതെന്ന് ആര്യ ഉറച്ചു വിശ്വസിക്കുന്നു. ഇന്നു നടക്കുന്ന സിവില്‍ സര്‍വീസ് പരീക്ഷ എഴുതാന്‍ തയാറെടുക്കുകയാണ് ആര്യ. സഹോദരി ഡോ. രശ്മിയുടെയും ബന്ധുക്കളുടെയും പ്രോത്സാഹനം തനിക്ക് ഉണ്ടായിരുന്നതായും ആര്യ പറഞ്ഞു. പത്താം ക്ലാസുവരെ ഇരിങ്ങാലക്കുട ലിറ്റില്‍ ഫഌവര്‍ സ്കൂളിലും പ്ലസ്ടു നാഷ്ണല്‍ ഹൈസ്കൂളിലും പൂര്‍ത്തിയാക്കിയ ശേഷം ക്രൈസ്റ്റ് കോളജില്‍ നിന്ന് ഫിസിക്സില്‍ ബിരുദം നേടുകയും തുടര്‍ന്ന് മുംബൈയിലെ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ഡെവലപ്പ്മെന്റ് സ്റ്റഡീസില്‍ മാസ്റ്റര്‍ ബിരുദവും കരസ്ഥമാക്കിയ ശേഷമാണ് ആര്യ സിവില്‍ സര്‍വീസ് പഠനത്തിനു തുനിഞ്ഞിറങ്ങിയത്. ലിറ്റില്‍ ഫഌവര്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ ദീപിക ബാലജന സഖ്യം (ഡിസിഎല്‍) സംഘടനയുടെ സംസ്ഥാന സെക്രട്ടറിയായിരുന്നു. കെഎസ് ലിമിറ്റഡ് കമ്പനിയുടെ കീഴിലുള്ള കര്‍ത്തവ്യ സംഘടനയുടെ രണ്ടു വര്‍ഷം പ്രസിഡന്റും ക്രൈസ്റ്റ് കോളജില്‍ മാഗസിന് എഡിറ്റോറിയല്‍ കമ്മിറ്റിയംഗവുമായിരുന്നു ആര്യ.