നിര്‍ത്തലാക്കിയ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ഈ മാസം 25 നു പുനരാരംഭിക്കും
തിരുവനന്തപുരം, കോട്ടയം സര്‍വീസുകളാണ് പുനരാരംഭിക്കുന്നത്
ഇരിങ്ങാലക്കുട: കെഎസ്ആര്‍ടിസിയുടെ ഇരിങ്ങാലക്കുട ഓപ്പറേറ്റിംഗ് സെന്ററില്‍ നിന്നും നിറുത്തലാക്കിയ തിരുവനന്തപുരം, കോട്ടയം സര്‍വീസുകള്‍ ഈ മാസം 25 നു പുനരാരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു. ഇരിങ്ങാലക്കുടയില്‍ നിന്നു നടത്തിയിരുന്ന സര്‍വീസുകള്‍ നിറുത്തലാക്കിയെന്ന പ്രചരണം ശരിയല്ല. കോവിഡിന്റെ പശ്ചാത്തലത്തില്‍ യാത്രക്കാര്‍ കുറഞ്ഞപ്പോള്‍ താത്കാലികമായി നിറുത്തിവച്ച സര്‍വീസുകള്‍ പുനരാരംഭിക്കുന്നതു സംബന്ധിച്ച് വകുപ്പ് മന്ത്രിക്കു കത്ത് നല്‍കിയിട്ടുണ്ട്. മറ്റു പട്ടണങ്ങളിലേക്കു സര്‍വീസുകള്‍ ആരംഭിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അവധി ദിനങ്ങളില്‍ ഇരിങ്ങാലക്കുടയില്‍ നിന്നു മലക്കപ്പാറയിലേക്ക് ആരംഭിച്ച രണ്ടു സ്പെഷല്‍ സര്‍വീസുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഓപ്പറേറ്റിംഗ് സെന്ററിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. എടിഒ ടി.കെ. സന്തോഷ് അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ അമ്പിളി ജയന്, കൂടല്‍മാണിക്യം ദേവസ്വം ചെയര്മാന് യു. പ്രദീപ് മേനോന്, ഇന്‍സ്പെക്ടര്‍ ഇന്‍ ചാര്‍ജ് പി. അജിത്കുമാര്‍, സിപിഎം ഏരിയ സെക്രട്ടറി വി.എ. മനോജ്കുമാര്‍, കെഎസ്ആര്‍ടിസി ഇന്‍സ്പെക്ടര്‍ ടി.കെ. കൃഷ്ണകുമാര്‍, സംഘടനാ പ്രതിനിധികളായ വി.എം. വിനുമോന്, എഡ്വിന് പെരേര, ടി.വി. നോഹ്, ജി.ബി. സന്തോഷ് എന്നിവര്‍ പങ്കെടുത്തു.