ഹാക്കത്തോണ്‍ ജേതാക്കളുടെ ഭാഗമായി ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗ് വിദ്യാര്‍ഥികള്‍
ഇരിങ്ങാലക്കുട: കേരള പോലീസ് സൈബര്‍ഡോം കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളായി നടത്തി വരുന്ന ഹാ’ക്ക്പി’ ഹാക്കത്തോണ്‍ 2021 വര്‍ഷത്തെ വിജയികളുടെ ഭാഗമായി ക്രൈസ്റ്റ് കോളജ് ഓഫ് എന്ജിനീറിംഗിലെ വിദ്യാര്‍ഥികള്‍. പോലീസിനെ സൈബര്‍ ഇടങ്ങളില്‍ സഹായിക്കാന്‍ സാധിക്കുന്ന ഗ്രേപ്നെല്‍ 1.0 എന്ന ഡാര്‍ക്ക് വെബ് നിരീക്ഷണ സോഫ്റ്റ്വെയര് ആണ് കേരള പോലീസിന്റെ ഹാ’ക്ക്പി’ യിലൂടെ ഇന്ത്യയ്ക്ക് സ്വന്തമായത്. അതത് സെര്‍ച്ച് എന്‍ജിനുകള്‍ക്ക് ഇന്‍ഡെക്സിംഗ് ലഭിക്കാത്ത എന്‍ക്രിപ്റ്റ് ചെയ്ത വെബ് ഉള്ളടക്കമാണ് ഡാര്‍ക്ക് വെബ്. ഇത്തരത്തിലുള്ള ഡാര്‍ക്ക് വെബ് നിരീക്ഷണ സോഫ്റ്റ്വെയര് ഇസ്രായേലിലും യുഎസിലും മാത്രമായിരുന്നു ഉപയോഗിച്ചിരുന്നത്. പോലീസിനെ സൈബര്‍ കുറ്റകൃത്യങ്ങള്‍ വളരെ എളുപ്പത്തിലും മികവേറിയ രീതിയിലും കണ്ടുപിടിക്കുന്നതിനു സഹായിക്കാന്‍ ഗ്രേപ്നെല്‍ 1.0 നു സാധിക്കും. തിരുവനന്തപുരം പോലീസ് ട്രെയിനിംഗ് കോളജില്‍ വെച്ചു നടന്ന ഹാ’ക്ക്പി’ സമ്മിറ്റ് 2021 മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം നിര്‍വഹിച്ചു. ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗ് കംപ്യൂട്ടര്‍ സയന്‍സ് രണ്ടാം വര്‍ഷ വിദ്യാര്‍ഥികളായ അദിത് പി. ആനന്തന്, ആദിത്യ കൃഷ്ണന്, അനൂപ് സിദ്ധന്, അരുണ്‍ ജോസഫ് എന്നീ വിദ്യാര്‍ഥികളാണു ഗ്രേപ്നെല്‍ 1.0 ന്റെ 24 പേരടങ്ങുന്ന ടീമില്‍ എഐ-എന്‍എല്‍പി, യുഐ/യുഎക്സ് വിഭാഗങ്ങളിലായി പങ്കെടുത്തതും 10 ലക്ഷം രൂപ ഗ്രാന്റ് നേടി സമ്മാനര്‍ഹരാവുകയും ചെയ്തത്. സ്റ്റേറ്റ് പോലീസ് ചീഫ് അനില്‍ കാന്ത് ഐപിഎസ്, സൈബര്‍ഡോം നോഡല്‍ ഓഫീസര്‍ മനോജ് എബ്രഹാം ഐപിഎസ് എന്നിവര്‍ ചേര്‍ന്ന് വിജയികളെ അനുമോദിച്ചു.