പ്രേതാലയം പോലെ ഈ കെട്ടിടം; വേണ്ടെങ്കില്‍ ഇതൊന്നു ഇടിച്ചു നിരത്തിക്കൂടെ……
ഗാന്ധിഗ്രാമിലുള്ള കെഎസ്ഇബി സ്റ്റോര്‍ കാലപഴക്കത്താല്‍ ജീര്ണാവസ്ഥയില്
ഇരിങ്ങാലക്കുട: ഗാന്ധിഗ്രാമിലുള്ള കെഎസ്ഇബിയുടെ സ്റ്റോര്‍ കെട്ടിടം കാലപഴക്കത്താല്‍ അപകട ഭീഷണിയില്‍. വൈദ്യുതി ഓഫീസ് പ്രവര്‍ത്തിക്കുന്ന മുനിസിപ്പല്‍ ഉടമസ്ഥതിയിലുള്ള രണ്ടു കെട്ടിടങ്ങളില്‍ ഈ പഴയ കെട്ടിടത്തിനു നഗരസഭയുടെ ഫിറ്റ്നസ് പോലും ഇല്ല. കെട്ടിടത്തിനു 50 വര്‍ഷത്തിലേറെ പഴക്കമുണ്ട്. ജീവനക്കാരുടെ വിശ്രമമുറിയും ഈ കെട്ടിടത്തിലായിരുന്നു. കെട്ടിടത്തിന്റെ ഉള്‍ഭാഗത്തു കട്ടിളയും വാര്‍ക്കയും ഭിത്തിയുമെല്ലാം തകര്‍ന്ന അവസ്ഥയിലാണ്. കാടുപിടിച്ചുകിടക്കുന്ന ഓഫീസ് കോമ്പൗണ്ടിലെ ഇഴജന്തുക്കള്‍ പണമടയ്ക്കാനെത്തുന്ന പൊതുജനങ്ങള്‍ക്കും ജീവനക്കാര്‍ക്കും ഒരുപോലെ ഭീഷണി ഉയര്‍ത്തുകയാണ്. കെട്ടിടത്തിന്റെ ദയനീയാവസ്ഥ നഗരസഭയെ ബോധ്യപ്പെടുത്തിയിട്ടുണ്ടെങ്കിലും യാതൊരു ഫലവും ഉണ്ടായിട്ടില്ലെന്നു ജീവനക്കാര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ നഗരസഭ അധികൃതര്‍ അടിയന്തിരമായി ഇടപെടണമെന്നാണു നാട്ടുകാരുടെ ആവശ്യം. പൊതുജനങ്ങളുടെയും ജീവനക്കാരുടെയും സുരക്ഷ മുന്നില്‍ കണ്ട് കെട്ടിടം പൊളിച്ചുനീക്കി പുതിയ കെട്ടിടം നിര്‍മിക്കണമെന്നു ജീവനക്കാരുടെ സംഘടനകള്‍ നിരവധി തവണ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഏതു സമയവും നിലംപൊത്താവുന്ന നിലയില്‍ നില്ക്കുന്ന ഈ കെട്ടിടത്തിനോടു ചേര്‍ന്നു കിഴക്കുവശത്ത് നിരവധി വീടുകളുമുണ്ട്. കെട്ടിടം പൊളിച്ച് പുതിയ കെട്ടിടം നിര്‍മിക്കുന്നതിനായി പലതവണ ഇവിടെ ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിക്കുകയല്ലാതെ പിന്നീട് യാതൊരു നടപടികളും ഉണ്ടായിട്ടില്ലെന്നാണു ജീവനക്കാര്‍ ആരോപിക്കുന്നത്.