വയോധികനെ സംരക്ഷിക്കാൻ സാമൂഹ്യനീതി വകുപ്പും മെയിന്റനന്‍സ് ട്രൈബ്യൂണലും
ഇരിങ്ങാലക്കുട: ചെങ്ങാലൂര്‍ വില്ലേജില്‍ മറവഞ്ചേരി തലക്കാട്ടില് വയോധികനായ മണി എന്ന സുബ്രഹ്മണ്യന് (70) ഏക്കറുകള്‍ വരുന്ന ആളൊഴിഞ്ഞ പറമ്പില്‍ ശോചനീയാവസ്ഥയിലുള്ള ഷീറ്റിട്ടുമൂടിയ ഷെഡില്‍ ഒറ്റയ്ക്കു താമസിക്കുകയും അനാരോഗ്യത്താല്‍ ദുരിതമനുഭവിക്കുകയുമാണ്. ബലൂണ്‍ കച്ചവടക്കാരനായിരുന്ന മണിയുടെ ജീവിതത്തെ കോവിഡ് കാലവും ലോക്ക്ഡൗണും തൊഴിലില്ലായ്മയും ഏറെ പ്രതിസന്ധിയിലാഴ്ത്തി. ഒരു വര്‍ഷം മുന്നേ സ്വയം ഭക്ഷണം പാകം ചെയ്തു കഴിച്ചിരുന്നെങ്കിലും അവശതമൂലം ഇന്നു ഒന്നിനുമാകാത്ത അവസ്ഥയിലാണ്. നിലവില്‍ നാട്ടുകാരോ പഞ്ചായത്തോ എത്തിക്കുന്ന ഭക്ഷണമാണ് ഏക ആശ്രയം. ഒരു മഴ പെയ്താല്‍ താമസിക്കുന്ന ഷെഡില്‍ വെള്ളം കയറും. പിന്നെ പഞ്ചായത്തിന്റെ ക്യാമ്പിലാണ് അഭയം തേടാറുള്ളത്. നിലവില്‍ ഇരുട്ടിയാല്‍ കുറുക്കനും തെരുവു നായ്ക്കളും കയറിയിറങ്ങുന്ന അടച്ചുറപ്പില്ലാത്ത ഷെഡില്‍ ഭയത്തോടെ കഴിഞ്ഞു വരികയാണ് ഈ വയോധികന്. 300 മീറ്ററോളം പറമ്പിലൂടെ നടന്നു മണ്ണെടുത്ത കുഴിയില്‍ നിന്നാണു കുടിവെള്ളം പോലും എടുക്കുന്നത്. കാലിനു ശോഷണം സംഭവിച്ചതിനാല്‍ ക്രച്ചസിന്റെ സഹായത്താലാണു നടക്കുന്നത്. വിവരം ശ്രദ്ധയില്‍പ്പെട്ട ഇരിങ്ങാലക്കുട മെയിന്റനന്‍സ് ട്രൈബ്യൂണലും സാമൂഹ്യനീതി വകുപ്പും അടിയന്തിരമായി ഇടപെടുകയും സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തു. ഇരിങ്ങാലക്കുട ആര്‍ഡിഒ ആന്‍ഡ് മെയിന്റനന്‍സ് ട്രൈബ്യൂണല്‍ എം.എച്ച്. ഹരീഷ്, മെയിന്റനന്‍സ് ട്രൈബ്യൂണല്‍ ടെക്നിക്കല്‍ അസിസ്റ്റന്റ് മാര്‍ഷല്‍ സി. രാധാകൃഷ്ണന്, സാമൂഹ്യനീതി വകുപ്പ് ഓര്‍ഫനേജ് കൗണ്‍സിലര്‍ കൃപ മൂത്തേടത്ത് എന്നിവരുള്‍പ്പെട്ട സംഘം നേരിട്ടു സ്ഥലത്തെത്തി മണിയെ കണ്ടു സ്ഥിതിഗതികള്‍ വിലയിരുത്തി. വൈസ് പ്രസിഡന്റ് ഷൈനി ജോജു, വില്ലേജ് ഓഫീസര്‍ വി.കെ. ശാന്തകുമാരി, വാര്‍ഡ് മെമ്പര്‍ ഹിമ ദാസന് എന്നിവരും സന്ദര്‍ശനവേളയില്‍ സ്ഥലത്തെത്തിയിരുന്നു. നിലവിലെ ജീവിത സാഹചര്യമനുസരിച്ചു പുനരധിവാസ കേന്ദ്രത്തിലേക്കു മാറുന്നതിനു മണി സന്നദ്ധത അറിയിച്ച സാഹചര്യത്തില്‍ ഇയാളെ ചെന്നായ്പാറയിലുള്ള ദിവ്യഹൃദയാശ്രമത്തിലേയ്ക്കു കോവിഡ് പരിശോധനയ്ക്കു ശേഷം മാറ്റുമെന്നു ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ ഇന്‍ ചാര്‍ജ് കെ.ജി. രാഗപ്രിയ അറിയിച്ചു. ടെക്നിക്കല്‍ അസിസ്റ്റന്റ് മാര്‍ഷല്‍ സി. രാധാകൃഷ്ണന്, സാമൂഹ്യനീതി വകുപ്പ് ഓര്‍ഫനേജ് കൗണ്‍സിലര്‍ കൃപ മൂത്തേടത്ത് എന്നിവര്‍ വിശദമായ റിപ്പോര്‍ട്ട് ഇരിങ്ങാലക്കുട ആര്‍ഡിഒക്കും ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ക്കും നല്കി. 25 വര്‍ഷം മുന്നേ ഭാര്യ ഉപേക്ഷിച്ചതായും ഒരു മകന് ഉള്ളതായും പറയുന്നു. എന്നാല്‍ ഇവരുമായി ബന്ധമില്ലെന്നും ഇവരുടെ വിലാസം ലഭ്യമല്ലെന്നും മണി അറിയിച്ചു. വാര്‍ദ്ധക്യ പെന്ഷന് മാത്രമാണ് ഏക വരുമാനമാര്‍ഗം. കോവിഡ് പരിശോധനഫലം ലഭിക്കുന്ന മുറയ്ക്കു വയോധികനെ സംരക്ഷണകേന്ദ്രത്തില്‍ പുനരധിവസിപ്പിക്കും.