നാഷണല്‍ സര്‍വീസ് സ്കീം പ്രവര്‍ത്തനങ്ങള്‍ സമൂഹ നന്മക്ക്: മന്ത്രി ഡോ. ആര്. ബിന്ദു
ഇരിങ്ങാലക്കുട: നാഷണല്‍ സര്‍വീസ് സ്കീം സംഘടന സമൂഹ നന്മക്ക് ഊര്‍ജം പകരുന്നതാണെന്നും അതിലെ പൂര്‍വ വിദ്യാര്‍ഥികളുടെ കൂട്ടായ്മയായ നോവ സ്നേഹസംഗമം അതിന്റെ തെളിവാണെന്നും നോവയുടെ പ്രവര്‍ത്തനങ്ങള്‍ മറ്റുള്ള സാമൂഹ്യ സംഘടനകള്‍ക്കു മാതൃകയാക്കാമെന്നും ഉന്നത വിദ്യാദ്യാസ വകുഷ് മന്ത്രി ഡോ. ആര്. ബിന്ദു അഭിപ്രായപെട്ടു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ നാഷണല്‍ സര്‍വീസ് സ്കീം പൂര്‍വ വിദ്യാര്‍ഥികള്‍ക്കായി രൂപീകരിച്ച നോവയുടെ 14-ാം വാര്‍ഷികം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. ഇന്ത്യയിലെ നാഷ്ണല്‍ സര്‍വീസ് സ്കീം പൂര്‍വ വിദ്യാര്‍ഥികളുടെ പ്രഥമ സംഘടനയായ നോവയുടെ സ്നേഹ സംഗമത്തില്‍ ഡോ. ആര്. ബിന്ദുവിനെ തെയ്യം കലാരൂപത്തിന്റെ അകമ്പടിയോടെ ആവേശോജ്വലമായ സ്വീകരണം നല്കി. നോവ അംഗങ്ങള്‍ക്കു സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും അംഗീകാരം ലഭിച്ചവര്‍ക്ക് ഉപഹാരങ്ങള്‍ നല്കി ആദരിച്ചു. നോവയുടെ ആശയം മറ്റു പല വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രാവര്‍ത്തികമാക്കുവാനും പ്രകൃതിയുടെ ജൈവ വൈവിധ്യ സംരക്ഷണം ലക്ഷ്യമാക്കി ചിത്രശലഭോദ്യാനങ്ങള്‍, മിയാവാക്കി വനങ്ങള്‍, പച്ചതുരുത്തുകള്‍ എന്നീ പ്രവര്‍ത്തനങ്ങള്‍ മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വ്യാപിപ്പിക്കുവാനുമായിട്ടുളള പദ്ധതി സ്നേഹസംഗമം കണ്‍വീനര്‍ അഭി തുമ്പൂര്‍ മന്ത്രിക്കു കൈമാറി. പ്രിന്‍സിപ്പല്‍ ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ നോവ ചെയര്മാന് പി.എ. ബാബു, അജിത്ത്കുമാര്‍, വൈസ് പ്രിന്‍സിപ്പല്‍ ഫാ. പി.ടി. ജോയ്, മുന്‍ തൃശൂര്‍ ജില്ലാ എന്‍എസ്എസ് പ്രോഗ്രാം കോ-ഓഡിനേറ്ററും നോവ രക്ഷാധികാരിയുമായ പ്രഫ.കെ.ജെ. ജോസഫ്, മുന്‍ എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ പ്രഫ. വി.പി.ആന്റോ (നോവ രക്ഷാധികാരി), ഡോ. സെബാസ്റ്റ്യന്‍ ജോസഫ്, കൊടുങ്ങല്ലൂര്‍ കെകെടിഎം കോളജ് മുന്‍ എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഡോ. അനന്തപത്മനാദന് എന്നിവര്‍ പ്രസംഗിച്ചു. നോവ സംഘാടക സമിതി അംഗങ്ങളായ ഡോ. എ.കെ. മനോജ്, ലാലു അയപ്പന്‍കാവ്, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. ആര്. തരുണ്‍, പ്രഫ. ജോമേഷ് ജോസ് എന്നിവര്‍ സ്നേഹസംഗമത്തിനു നേതൃത്വം നല്കി. നോവ അംഗങ്ങള്‍ അവതരിപ്പിച്ച നാടന്‍ പാട്ടുകളും മറ്റു കലാപരിപാടികളും സ്നേഹവിരുന്നും സംഗമത്തിന് ആവേശം പകര്‍ന്നു.