കൂടിയാട്ട മഹോത്സവത്തില്‍ തോരണയുദ്ധം ഒന്നാം ദിവസം കൂടിയാട്ടം
ഇരിങ്ങാലക്കുട: അമ്മന്നൂര്‍ ഗുരുകുലത്തില്‍ നടക്കുന്ന കൂടിയാട്ട മഹോത്സവത്തില്‍ ഒമ്പതാം ദിവസം തോരണയുദ്ധം കൂടിയാട്ടം അരങ്ങേറി. രാവണന് രാക്ഷസ സൈന്യങ്ങളോടു കൂടി സ്വര്‍ഗത്തില്‍ ചെന്നു ദേവകളെ ജയിച്ചു നന്ദനോദ്യാനത്തില്‍ നിന്നു വൃക്ഷത്തൈകള്‍ കൊണ്ടു വന്നു നട്ടു വളര്‍ത്തിയ അശോകവനികോദ്യാനം ഒരു കുരങ്ങന് നശിപ്പിച്ചു എന്നു പറയുവാന്‍ വിജയ എന്ന കാവല്ക്കാരിയോടു പറയുന്നതും വൃത്താന്തം അറിഞ്ഞു കോപത്തോടെ രാവണന് കുരങ്ങനെ ബന്ധിക്കുവാന്‍ അനേകം രാക്ഷസരെ പറഞ്ഞയക്കുന്നതുമാണു കഥാഭാഗം. രാവണനായി ഗുരുകുലം തരുണ്‍, ശങ്കു കര്‍ണ്ണനായി ഗുരുകുലം കൃഷ്ണദേവ് വിജയയായി ഗുരുകുലം അഞ്ജന എന്നിവര്‍ രംഗത്തെത്തി. മിഴാവില്‍ കലാമണ്ഡലം രാജീവ്, കലാമണ്ഡലം ഹരിഹരന്, കലാമണ്ഡലം നാരായണന് നമ്പ്യാര്‍, കലാമണ്ഡലം രാഹുല്‍ എന്നിവരും ഇടക്കയില്‍ കലാനിലയം ഉണ്ണികൃഷ്ണന്, മൂര്‍ക്കനാട് ദിനേശ് വാര്യര്‍ എന്നിവരും താളത്തിനു അതുല്ല്യ, ആദിത്യ, ഗോപിക, ശ്രുതി എന്നിവരും ചമയം കലാനിലയം ഹരിദാസ്, കലാനിലയം പ്രശാന്ത് എന്നിവരും പങ്കെടുത്തു.