മത സംഘര്‍ഷം ആളിക്കത്തിക്കാനുള്ള നീക്കങ്ങള്‍ ചെറുക്കണം
ഇരിങ്ങാലക്കുട: നവോഥാന മൂല്യങ്ങള്‍ കുഴിച്ചു മൂടിയ മനുഷ്യ വിരുദ്ധമായ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും തിരിച്ചെത്തുന്ന കാഴ്ചകള്‍ക്കു നാമിന്നു സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോണ്‍ അഭിപ്രായപ്പെട്ടു. നവോഥാന സമരങ്ങള്‍ വിജയക്കൊടി പാറിച്ച മലയാള മണ്ണില്‍ ഭിന്നതയുടെ കരിങ്കൊടികള്‍ ഉയര്‍ന്നു പറക്കാന്‍ ആരംഭിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മതശത്രുതയുടെ, മത വര്‍ഗീയതയുടെ, മനുഷ്യ കുരുതിയുടെ കൊടികളാണു പറത്താന്‍ ശ്രമിക്കുന്നത്. ഇതു ചെറുത്തു തോല്പിക്കാന് കഴിയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ‘സാമൂഹ്യ നവോഥാനത്തിന്റെ സമകാലിക പ്രസക്തി’ എന്ന വിഷയത്തില്‍ ഇരിങ്ങാലക്കുട നഗരസഭ ടൗണ്‍ ഹാളില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ കടന്നുപോയ തെരഞ്ഞെടുപ്പുകളില്‍ രേഖപ്പെടുത്തിയ വോട്ടിന്റെ അഞ്ചിലൊന്നു ഭാഗം ഭൂരിപക്ഷ വര്‍ഗീയതയുടെ പെട്ടിയിലാക്കാന്‍ കഴിഞ്ഞുവെന്നത് അപായ സൂചനയാണ്. ഇന്ത്യയുടെ വിഭജന കാലത്തു പോലും കേരളത്തില്‍ ചോര വീണിട്ടില്ല. ആ മണ്ണില്‍ മതത്തിന്റെ പേരിലുള്ള തീവ്ര സംഘര്‍ഷങ്ങള്‍ ആളിക്കത്തിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുകയാണ്. ഇതിനെതിരെ ജാഗ്രത പാലിക്കാന്‍ കഴിയണം. കണ്മുന്നില് കാണുന്ന സാമൂഹ്യ തിന്മകള്ക്കെതിരെ പോരാട്ടം നടത്തുവാനും പുതിയ ഐക്യ പ്രസ്ഥാനങ്ങളിലേക്കു മുന്നേറാനും എല്ലാവരും രംഗത്തിറങ്ങണമെന്നും ബേബി ജോണ്‍ അഭ്യര്‍ഥിച്ചു. ചടങ്ങില്‍ സംസ്ഥാന കമ്മിറ്റിയംഗം എന്‍.ആര്. ബാലന് അധ്യക്ഷത വഹിച്ചു. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി അശോകന് ചരുവില്‍, എം.എന്‍. വിനയകുമാര്‍, പാര്‍ട്ടി ഏരിയ സെക്രട്ടറി വി.എ. മനോജ് കുമാര്‍, ഉല്ലാസ് കളക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു. സെമിനാറിനു ശേഷം സാമൂഹിക പരിഷ്കര്‍ത്താവും സ്വാതന്ത്ര്യസമര സേനാനിയും നാടകകൃത്തുമായ വി.ടി. ഭട്ടതിരിപ്പാടിന്റെ ജീവിതം ആവിഷ്കരിക്കുന്ന ഇ.ഡി. ഡേവിസ് രചന നിര്‍വഹിച്ച ‘കരിവീട്ടി’ എന്ന ഒറ്റയാള്‍ നാടകം പി.ഡി. പൗലോസ് അരങ്ങില്‍ അവതരിപ്പിച്ചു.