ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസി വികസനത്തിനായി മാസ്റ്റര്‍ പ്ലാന്‍
കൂടുതല്‍ സര്‍വീസുകള്‍ വേണമെന്ന് ആവശ്യം
ഇരിങ്ങാലക്കുട: കെഎസ്ആര്‍ടിസി സബ് ഡിപോ വികസനത്തിനായി മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നു. മന്ത്രി ഡോ. ആര്. ബിന്ദുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകനയോഗത്തിലാണു കെഎസ്ആര്‍ടിസി ഡിപോയുടെ സമഗ്രവികസനത്തിനായി മാസ്റ്റര്‍ പ്ലാന്‍ തയാറാക്കാന്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി മന്ത്രി ഡോ.ആര്. ബിന്ദു, നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയഗിരി, വാര്‍ഡ് കൗണ്‍സിലര്‍ അമ്പിളി ജയന്, ദേവസ്വം ചെയര്മാന് യു. പ്രദീപ് മേനോന് എന്നിവരെ രക്ഷാധികാരികളാക്കി വികസന സമിതി രൂപവത്കരിച്ചു. ഇരിങ്ങാലക്കുടയില്‍ നിന്ന് ഇപ്പോള്‍ 14 സര്‍വീസുകളാണു നടത്തുന്നത്. നേരത്തെ 27 സര്‍വീസുകള്‍ വരെ ഉണ്ടായിരുന്നു. ഇരിങ്ങാലക്കുട ഡിപോയുടെ വികസനം മുന്നില്‍ കണ്ട് അന്തര്‍സംസ്ഥാന സര്‍വീസുകളടക്കം 40 സര്‍വീസുകളാക്കി ഉയര്‍ത്താനുള്ള പദ്ധതി സര്‍ക്കാരിനു സമര്‍പ്പിക്കും. ഇതിനു പുറമെ ഇരിങ്ങാലക്കുടയുമായി ബന്ധിപ്പിച്ചു കൊണ്ടു കൂടുതല്‍ ലോക്കല്‍ സര്‍വീസുകള്‍ ആരംഭിക്കാനും പദ്ധതി തയാറാക്കുന്നുണ്ട്. ഗ്രൗണ്ട് ക്ലിയര്‍, ഡീസല്‍ പമ്പ്, പുതിയ കെട്ടിടങ്ങള്‍, ഷോപ്പിംഗ് കോംപ്ലക്സ് പ്രധാന കേന്ദ്രമാക്കി ഉയര്‍ത്തി ബസുകളുടെ സര്‍വീസ് ഇതുവഴി നല്‍കുക എന്നിവയാണ് ഉയര്‍ന്നുവന്ന നിര്‍ദേശങ്ങള്‍. അടുത്ത യോഗത്തില്‍ മാസ്റ്റര്‍ പ്ലാന്‍ അവതരിപ്പിക്കാനും അതിന്റെ തുടര്‍നടപടികള്‍ വിലയിരുത്താനും യോഗം തീരുമാനിച്ചു.