ആഗോള സാമ്പത്തികരംഗത്തെ നൂതന പ്രവണതകള്‍: സെമിനാര്‍ നടത്തി
ഇരിങ്ങാലക്കുട: വികസിത രാജ്യങ്ങളിലെ വിദേശ സര്‍വകലാശാലകളില്‍ ഗവേഷണം പൂര്‍ത്തിയാക്കിയാല്‍ അമേരിക്ക, യൂറോപ്പ് തുടങ്ങി രാജ്യങ്ങളില്‍ പ്രഫസര്‍ തസ്തികയിലുള്ള ജോലികള്‍ ലഭിക്കാന്‍ അവസരമുണ്ടെന്നും അത്തരം ജോലികള്‍ ഇന്ത്യയിലെ സിവില്‍ സര്‍വീസ് പോലുള്ള ജോലികളെക്കാള്‍ മികച്ചതാണെന്നും ഇംഗ്ലണ്ടിലെ യൂണിവേഴ്സിറ്റി ഓഫ് റീഡിങ്ങിലെയും അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് പ്യുര്ട്ടോറിക്കോയിലെയും പ്രഫസറായ ഡോ. ജസ്റ്റിന് പോള്‍ അവിട്ടപ്പിള്ളി പറഞ്ഞു. ആഗോള സാമ്പത്തികരംഗത്തെ നൂതന പ്രവണതകള്‍ എന്ന വിഷയത്തില്‍ ക്രൈസ്റ്റ് കോളജില്‍ നടന്ന സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജന് ഇപ്പോള്‍ യൂണിവേഴ്സിറ്റി ഓഫ് ചിക്കാഗോയില്‍ പ്രഫസറായി ജോലി ചെയ്യുന്നത് ഇതിനുദാഹരണമാണെന്നും ഡോ. ജസ്റ്റിന് ചൂണ്ടിക്കാട്ടി.
വെബ് ഓഫ് സയന്‍സ് സൈറ്റേഷന്‍സ് അനുസരിച്ചുള്ള ലോകത്തിലെ മികച്ച ഗവേഷകരില്‍ ഒരാളായി തെരഞ്ഞെടുക്കപെട്ട ക്രൈസ്റ്റ് കോളജിലെ പൂര്‍വ വിദ്യാര്‍ഥി കൂടിയായ ഡോ. ജസ്റ്റിന് പോളിനെ സെമിനാറില്‍ അഭിനന്ദിച്ചു. പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് ഉദ്ഘാടനം ചെയ്തു.