ജല സംരക്ഷണം ദിനചര്യയാക്കി കാവല്ലൂര്‍ ഗംഗാധരന്
ഇരിങ്ങാലക്കുട: ഭൂജല സംരക്ഷണം ദിനചര്യയാക്കുകയാണ് ഇരിങ്ങാലക്കുട സ്വദേശി കാവല്ലൂര്‍ ഗംഗാധരന്. വായുമണ്ഡലം ചൂടുപിടിച്ച് ജനം വലയുന്നതിന്റെ കാരണം ഭൂമി വറ്റിവരണ്ട് ഭൂമി ചൂട് അന്തരീക്ഷത്തിലേക്ക് വിടുന്നതാണ്. ഭൂമിക്ക് മഴവെള്ളം കൊടുത്താലെ ഈ ദുര്യോഗത്തിന് പരിഹാരമാകു.കേരളത്തില്‍ നാലഞ്ചു മാസം തരക്കേടില്ലാത്ത മഴ കിട്ടുന്നുണ്ട്. അതില്‍ രണ്ടു മാസത്തോളം പേമാരിയും ശക്തമായ മഴയും. മഴ മാറി മാസങ്ങള്‍ക്കകം വരള്‍ച്ചയും കുടിവെള്ള ക്ഷാമവും വരുന്നു. കാരണം മഴവെള്ളം സംരക്ഷിക്കപ്പെടുന്നില്ല. വെള്ളം ഭരണകൂടത്തിന്റെ മാത്രം പ്രശ്നമായി കാണരുത്. സാധാരണക്കാരും ഉദ്യോഗസ്ഥരും ഭരണാധിപരും വ്യവസായികളും കര്‍ഷകരുമെല്ലാം ഒത്തൊരുമിച്ച് ജലസ്രോതസുകള്‍ നിലനിര്‍ത്തിയെ പറ്റൂ എന്ന് കാവല്ലൂര്‍ ഗംഗാധരന് പറയുന്നു. ഭൂജലസംരക്ഷണ പ്രക്രിയ ഓരോരുത്തരും ഏറ്റെടുക്കണം.അതില്‍ ലളിതമായതൊന്ന് നമ്മള്‍ക്ക് ഏറ്റെടുക്കാം. എന്റെ വീട്ടില്‍ ചെയ്തിട്ടുള്ളത്. സൗകര്യത്തിനുസരിച്ച് ഗതാഗതം കുറഞ്ഞ സ്ഥലത്തെ മുറ്റത്ത് ആവശ്യത്തിന് കുഴിയെടുക്കുക.വശങ്ങളില് ദ്വാരമുള്ള ഒരു പി.വി.സി പൈപ്പ് നിലസമം വരുന്ന തരത്തില്‍ കുഴിയുടെ നടുവില്‍ വയ്ക്കുക. പിന്നീട് ചിരട്ടകള്‍ മലര്‍ത്തിയും അതിനു മുകളില്‍ കമഴ്ത്തിയും പല നിരകളായി അട്ടിവെയ്ക്കുക.നിലസമം എത്തുന്നതിന് മുമ്പായി നേരിയ കോണ്‍ക്രീറ്റ് സ്ലാബ് ഇട്ട് മുകളില്‍ മണ്ണിടുക. പൈപ്പ് അടഞ്ഞുപോകാതിരിക്കാന്‍ 19 എംഎം മെറ്റല്‍ ഇട്ട് പൈപ്പ് നിറക്കുക. മുകളില്‍ ഒരു നെറ്റും. മഴവെള്ളം ഈ പൈപ്പ് വഴി കുഴിയില്‍ നിറയുന്നു. അധികജലം ഭൂജലമായി മാറുന്നു. മലര്‍ത്തിവെച്ചിരിക്കുന്ന ചിരട്ടയില്‍ വര്‍ഷം മുഴുവന്‍ വെള്ളം കെട്ടി നില്ക്കുന്നതിനാല് ഭൂതാപനം കുറച്ച് അന്തരീക്ഷത്തിലെ ചൂട് കുറയ്ക്കും. ഭൂമിക്കടിയിലെ ജലനിരപ്പ് കൂട്ടി ഭൂജലം ഇത് വര്‍ദ്ധിപ്പിക്കുന്നു. വരള്‍ച്ചക്ക് പരിഹാരവുമാകും. മഴവെള്ള സംരക്ഷണം ഒരു തുടര്പ്രവര്ത്തനമാക്കിയാല് കുടിവെള്ള ക്ഷാമത്തിന് ഒരു പരിധി വരെ പരിഹാരമാകും. മഴവെള്ള സംരക്ഷണത്തിന് സര്‍ക്കാര്‍ നേതൃത്വം നല്‍കുകയും സമൂഹം അത് ഏറ്റെടുത്ത് നടപ്പിലാക്കുകയും വേണമെന്ന് ദേശീയ ജലപുരസ്കാര ജേതാവു കൂടിയായ കാവല്ലൂര്‍ ഗംഗാധരന്റെ അഭിപ്രായം.