ഇരിങ്ങാലക്കുടയില്‍ വ്യാജ വിദേശ മദ്യം നിര്‍മിക്കുന്ന കേന്ദ്രം എക്സൈസ് സംഘം കണ്ടെത്തി
വീട്ടുടമസ്ഥനടക്കം രണ്ടുപേര്‍ അറസ്റ്റില്‍
ഇരിങ്ങാലക്കുട: നഗരമധ്യത്തില്‍ വ്യാജ വിദേശ മദ്യം നിര്‍മിക്കുന്ന കേന്ദ്രം എക്സൈസ് സംഘം കണ്ടെത്തി. വീട്ടുടമസ്ഥനടക്കം രണ്ടുപേര്‍ അറസ്റ്റില്‍. മുഖ്യസൂത്രധാരനെ കണ്ടെത്താനുള്ള ശ്രമം നടക്കുകയാണ്. വീടിന്റെ ഉടമസ്ഥനായ ഇരിങ്ങാലക്കുട കണക്കപറമ്പില്‍ വീട്ടില്‍ രഘുനാഥന് (62), വാടകക്കാരനായ കൊടുങ്ങല്ലൂര്‍ ലോകമല്ലേശ്വരം സ്വദേശി കുന്നുംപുറത്ത് വീട്ടില്‍ വിനു (37) എന്നിവരാണ് പിടിയിലായിട്ടുള്ളത്. ഇരിങ്ങാലക്കുട ആല്‍ത്തറക്കു സമീപം വില്ലേജാഫീസിനു അടുത്തുള്ള വീട് വാടകയ്ക്ക് എടുത്താണ് ഇവര്‍ വ്യാജ വിദേശ മദ്യം നിര്‍മിച്ചിരുന്നത്. 585 ലിറ്റര്‍ വ്യാജ വിദേശ മദ്യം, 60 ലിറ്റര്‍ വാഷ്, ഒരു കുപ്പി ഗ്ലിസറിന്‍, മൂന്ന് പ്ലാസ്റ്റിക് ടാങ്കുകള്‍, ലേബലുകള്‍, സീല്‍ ചെയ്യുന്നതിനുള്ള മെഷീന്, മദ്യനിര്‍മാണത്തിനായി ഉപയോഗിക്കുന്ന കളര്‍ കൊടുക്കുന്ന കാരമെല്‍, എന്നിവയാണ് എക്സൈസ് സംഘം വീട്ടില്‍ നിന്നും കണ്ടെത്തിയത്. കൂടാതെ പ്ലാസ്റ്റിക് ടാങ്കില്‍ കുറച്ചുമദ്യം വേറെയുണ്ടായിരുന്നു. 800 അര ലിറ്റര്‍ കുപ്പികളിലായി മദ്യം നിറച്ച നിലയിലായിരുന്നു. ലിറ്റര്‍ കണക്കിന് തേനും പാക്ക് ചെയ്യാനുള്ള ബോട്ടിലുകളും എക്സൈസ് കണ്ടെത്തി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തൃശൂര്‍ എക്സൈസ്, ഇന്റലിജന്‍സ് വിഭാഗവും ഇരിങ്ങാലക്കുട എക്സൈസ് സംഘവും നടത്തിയ പരിശോധനയിലാണ് വ്യാജമദ്യനിര്‍മാണ യൂണിറ്റ് കണ്ടെത്തിയത്. ഒന്നര മാസം മുമ്പാണ് വീട് വാടകയ്ക്ക് നല്‍കിയതെന്ന് അറസ്റ്റിലായ വീട്ടുടമ രഘുനാഥന് പറഞ്ഞു. കുറച്ചു ദിവസങ്ങളായി വീടും പരിസരവും എക്സൈസ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് വ്യാജമദ്യനിര്‍മാണ യൂണിറ്റ് പ്രവര്‍ത്തിച്ചിരുന്നത്. സീല്‍ പതിപ്പിക്കുന്നതിനും മിക്സിംഗ് നടത്തുന്നതിനും എല്ലാം പ്രത്യേക യന്ത്ര സംവിധാനവും ഇവിടെ ഒരുക്കിയിരിക്കുന്നു. കൂടുതല്‍ പേര് സംഘത്തിലുണ്ടാകാന്‍ സാധ്യതയുണ്ടെന്നും ഇവരെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. സ്പിരിറ്റിന്റെ ഉറവിടത്തെ കുറിച്ചും, വ്യാജ മദ്യം വില്‍പ്പന നടത്തുന്ന കേന്ദ്രങ്ങളെ കുറിച്ചും തുടരന്വേഷണത്തിനു ശേഷമെ വ്യക്തമാകുകയുള്ളൂവെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ പ്രേംകൃഷ്ണ പറഞ്ഞു. എറണാകുളം ഇന്റലിജന്‍സ് ബ്യൂറോ അസിസ്റ്റന്റ് കമ്മീഷണര്‍ എസ്. ഷാനവാസ്, എക്സൈസ് ഇന്റലിജന്‍സ് ഇന്‍സ്പെക്ടര്‍ എസ്. മനോജ്കുമാര്‍, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ ഡി. ശ്രീകുമാര്‍, എക്സൈസ് ഇരിങ്ങാലക്കുട റേഞ്ച് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം. റിയാസ്, ഇരിങ്ങാലക്കുട റേഞ്ച് ഇന്‍സ്പെക്ടര്‍ കെ.എ. അനീഷ് എന്നിവരും ഇന്റലിജന്‍സ് പ്രിവന്റീവ് ഓഫീസര്‍മാരായ കെ.എസ്. ഷിബു, പി. ആര്. സുരേന്ദ്രന്, കെ.ജെ. ലോനപ്പന്, പി.ആര്. സുനില്‍കുമാര്‍, ഇരിങ്ങാലക്കുട എക്സൈസ് റേഞ്ച് പ്രിവന്റീവ് ഓഫീസര്‍മാരായ ജോഷി, പി.ഒ. ബാബു, പി.ഒ. വത്സന്, വനിത സിപിഒ ജയശ്രീ എന്നിവരും റെയ്ഡ് നടത്തിയ എക്സൈസ് സംഘത്തിലുണ്ടായിരുന്നു.
വ്യാജ മദ്യ നിര്‍മാണ കേന്ദ്രം പേ ആന്‍ഡ് പാര്‍ക്ക് സംവിധാനത്തിന്റെ മറവില്‍
വീടിനു മുന്നില്‍ പേ ആന്‍ഡ് പാര്‍ക്ക് സംവിധാനം ഒരുക്കിയിരിക്കുന്നതിനാല് നിരന്തരം ഇവിടെ വാഹനങ്ങള്‍ വന്നുപോകുന്നത് പ്രദേശവാസികള്‍ കാര്യമായി എടുക്കാറുണ്ടായിരുന്നില്ല. ഇതിന്റെ മറവിലാണ് പ്രതികള്‍ വ്യാജമദ്യനിര്മാണത്തിനുവേണ്ട അസംസ്കൃത വസ്തുക്കള്‍ എത്തിച്ചിരുന്നതും മദ്യം കടത്തി കൊണ്ടുപോയിരുന്നതും. ഒറ്റക്കു താമസിച്ചിരുന്ന രഘുനാഥനാണ് പേ ആന്‍ഡ് പാര്‍ക്ക് നടത്തിയിരുന്നത്. വീട്ടുടമ താമസിച്ചിരുന്ന വീടിന്റെ ഉള്‍വശത്തു കൂടി മാത്രമാണ് മുകള്‍ നിലയിലേക്ക് പ്രവേശനം ഉണ്ടായിരുന്നത്. ഇതുകൊണ്ടു തന്നെ വീട്ടുടമയുടെ വ്യക്തമായ അറിവോടെയാണ് വ്യാജ മദ്യ നിര്‍മാണ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പേ ആന്‍ഡ് പാര്‍ക്ക് നടത്തിയിരുന്നതു മൂലം ഇവിടേക്ക് വാഹനങ്ങള്‍ വരുന്നതും പോകുന്നതും സമീപവാസികള്‍ പോലും ശ്രദ്ധിക്കാതിരുന്നതും സംഘത്തിനു തുണയായി. ഒന്നര മാസത്തോളമായി വീടിന്റെ മുകള്‍ ഭാഗം വാടകയ്ക്ക് നല്‍കിയിട്ടെന്നാണ് വീട്ടുടമ പറയുന്നതെങ്കിലും ഇതു സംബന്ധിച്ച് വ്യക്തമായ രേഖകളില്ല. എക്സൈസ് സംഘം നടത്തിയ റെയ്ഡിനു ശേഷമാണ് തിരക്കേറിയ റവന്യു ഓഫീസ് ലൈനില്‍ ഇത്തരമൊരു വ്യാജമദ്യ നിര്‍മാണ കേന്ദ്രം പ്രവര്‍ത്തിച്ചത് നാട്ടുകാര്‍ പോലും അറിയുന്നത്. നഗരമധ്യത്തിലാണെങ്കിലും റവന്യു ഓഫീസ് ലൈനിന്റെ അവസാന ഭാഗത്താണ് വീട് എന്നുള്ളതും പെട്ടെന്ന് മറ്റുള്ളവരുടെ ശ്രദ്ധ ഇവിടേക്ക് വരില്ലെന്നതും സംഘത്തിനു തുണയായിട്ടുണ്ട്. വ്യാജ മദ്യലോബിയുമായി സംഘത്തിനു ബന്ധമുണ്ടോയെന്നതും, ഇവര്‍ക്ക് സ്പിരിറ്റ് ലഭിക്കുന്നതിന്റെ ഉറവിടവും കൂടുതല്‍ അന്വേഷണത്തിലൂടെ മാത്രമെ വ്യക്തമാകൂ.
ഒറിജിനലിനെ വെല്ലും വ്യാജന്
ഒറിജിനലിനെ പോലും വെല്ലുന്ന വിധത്തില്‍ സ്റ്റിക്കര്‍ ഒട്ടിച്ചാണ് മദ്യത്തിന്റെ പാക്കിംഗ്. മാക്ഡോള് മദ്യത്തിന്റെ ലേബലുകളാണ് കണ്ടെത്തിയിരിക്കുന്നത്. നിരവധി സ്റ്റിക്കറുകളാണ് ഇവിടെ നിന്നും ലഭിച്ചിരിക്കുന്നത്. കുപ്പിയുടെ അടപ്പിനു പോലും പേരെഴുതിയിട്ടുണ്ട്. ഇത്രയും അധികം നിര്‍മിക്കുന്ന മദ്യം എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്നു പരിശോധിക്കുന്നുണ്ട്. ഉത്സവകാലം അടുത്തു വരുന്നതിനാല്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ പരിശോധനകള്‍ ശക്തമാക്കുമെന്നും എക്സൈസ് സംഘം പറഞ്ഞു. കഴിഞ്ഞ 10, 11 തിയതികളില്‍ വാടാനപ്പിള്ളി റേഞ്ചില്‍ വ്യാജ മദ്യം പിടിച്ചെടുത്തിരുന്നു. ഇതിന്റെ ഗോഡൗണ്‍ പെരുമ്പാവൂരില്‍ നിന്നുമാണ് കണ്ടെത്തിയത്. ഇവ രണ്ടും തമ്മില്‍ ബന്ധമുണ്ടോയെന്നും അന്വേഷണം നടത്തി വരികയാണ്.