സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ സംയുക്ത പ്രക്ഷോഭത്തിന് ഇരിങ്ങാലക്കുട രൂപത
ഇരിങ്ങാലക്കുട: സംസ്ഥാന സര്‍ക്കാരിന്റെ വികലമായ മദ്യനയത്തിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികള്‍ നടത്താന്‍ രൂപത കാര്യാലയത്തില്‍ നടന്ന വിവിധ സമിതികളുടെയും സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും നേതൃയോഗം തീരുമാനിച്ചു. മദ്യത്തിന്റെ ലഭ്യത കുറയ്ക്കുക, ഉപയോഗം കുറയ്ക്കുക, മദ്യത്തിനും ലഹരിമരുന്നിനും എതിരെ ബോധവല്‍ക്കരണം നടത്തുക എന്നിവയാണ് ലക്ഷ്യങ്ങള്‍.
ഇതനുസരിച്ച് രൂപത, ഫൊറോന, ഇടവക തലങ്ങളില്‍ ആക്ഷന്‍ സമിതികള്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. ഇതിന്റെ ഭാഗമായി ഇരിങ്ങാലക്കുട, ചാലക്കുടി, മാള എന്നീ മൂന്നു മേഖലകളില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുമ്പില്‍ ധര്‍ണ ഉള്‍പ്പെടെയുള്ള പ്രതിഷേധ പ്രകടനങ്ങള്‍ നടത്തും. ഓരോ സ്ഥലത്തും വിശ്വാസികള്‍ ഈ പ്രതിഷേധ പരിപാടികളില്‍ പങ്കെടുക്കും. ജൂണ്‍ 26 ന് ലോക ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി ബോധവല്‍ക്കരണ റാലികള്‍ നടത്താനും പ്രതിഷേധ സദസുകള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചു. ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്കി. ഘട്ടംഘട്ടമായി മദ്യലഭ്യത കുറയ്ക്കുമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയവര്‍ ഇപ്പോള്‍ ഘട്ടംഘട്ടമായി മദ്യത്തിന്റെ ലഭ്യത വര്‍ധിപ്പിക്കുകയാണെന്ന് ബിഷപ് കുറ്റപ്പെടുത്തി. ഇതിനെതിരെ പൊതുസമൂഹത്തിന്റെകൂടി പങ്കാളിത്തത്തോടെ ഇനിയുള്ള നാളുകളില്‍ പ്രതിഷേധം ശക്തിപ്പെടുത്തുമെന്ന് ബിഷപ് അറിയിച്ചു. വികാരി ജനറാള്‍മാരായ മോണ്‍ ജോയ് പാലിയേക്കര, മോണ്‍ ജോസ് മഞ്ഞളി, മോണ്‍ ജോസ് മാളിയേക്കല്‍, രൂപത മദ്യവിരുദ്ധ സമിതി ഡയറക്ടര്‍ ഫാ. ജോണ്‍പോള്‍ ഇയ്യന്നം, പ്രസിഡന്റ് ബാബു മൂത്തേടന്, സെക്രട്ടറി സാബു എടാട്ടുകാരന് തുടങ്ങിയവര്‍ പ്രസംഗിച്ചു.