സർക്കാരിന്റെ മദ്യനയം തിരുത്തുക-ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ഇരിങ്ങാലക്കുട: മദ്യവര്‍ജനത്തിലൂടെ ഘട്ടംഘട്ടമായി കേരളത്തില്‍ മദ്യം നിര്ത്തലാക്കാമെന്നു പറഞ്ഞു അധികാരത്തിലേറിയ സര്‍ക്കാരാണ് ഇപ്പോള്‍ കേരളത്തെ മദ്യത്തില്‍ മുക്കി കൊല്ലുന്നതെന്ന് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ പറഞ്ഞു. രൂപത മദ്യവിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുടയില്‍ നടത്തിയ ലഹരി വിമുക്ത റാലിയും ജാഗ്രത സദസും ഉദ്ഘാടനം കൊണ്ട് ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ബിഷപ്. സര്‍ക്കാരിന്റെ വികലമായ മദ്യനയം തിരുത്തുക തന്നെ വേണം. വിമുക്തിയെന്ന പേരില്‍ കപടപ്രചരണത്തിലൂടെ മദ്യത്തില്‍ നിന്നും ജനങ്ങളെ പിന്തിരിപ്പിക്കുവാന് ശ്രമിക്കുന്നുണ്ടെന്നു പ്രചരണം നടത്തിയവരെ ഏറെ വേദനയോടെയാണ് ജനം ഇപ്പോള്‍ കാണുന്നത്. എടത്തിരുത്തി, കല്പറമ്പ്, ഇരിങ്ങാലക്കുട, പറപ്പൂക്കര ഫൊറോനകളില്‍ നിന്നുള്ള വിശ്വാസികളും സെന്റ് ജോസഫ്, ക്രൈസ്റ്റ് കോളജുകളിലെ വിദ്യാര്‍ഥികളുമടക്കം ആയിരത്തോളം പേര് പങ്കെടുത്ത ലഹരി വിമുക്ത റാലി കത്തീഡ്രല്‍ വികാരി ഫാ. പയസ് ചെറപ്പണത്ത് ഫഌഗ് ഓഫ് ചെയ്തു. തുടര്‍ന്ന് കത്തീഡ്രല്‍ ദേവാലയ അങ്കണത്തില്‍ നിന്നും ആരംഭിച്ച റാലി ഇരിങ്ങാലക്കുട ആല്ത്തറക്കല് സമാപിച്ചു.
കത്തീഡ്രല്‍ സിഎല്‍സി യുടെ നേതൃത്വത്തില്‍ നടത്തിയ ഫഌഷ് മോബും ടാബ്ലോയും ഏറെ ശ്രദ്ധേയമായി. രൂപത വികാരി ജനറാള്‍ മോണ്‍ ജോസ് മാളിയേക്കല്‍ അധ്യക്ഷത വഹിച്ചു. കെസിവൈഎം മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ജെറി പൗലോസ് മുഖ്യ പ്രഭാഷണം നടത്തി. രൂപതാ മദ്യവിരുദ്ധസമിതി ഡയറക്ടര്‍ ഫാ. ജോണ്‍ പോള്‍ ഇയ്യന്നം ലഹരി വിമുക്ത പ്രതിജ്ഞ ചൊല്ലി കൊടുത്തു. രൂപതാ മുഖ്യ വികാരി ജനറാള്‍ മോണ്‍ ജോയി പാലിയേക്കര, പ്രോഗ്രാം ഡയറക്ടര്‍ ഫാ. മെഫിന്‍ തെക്കേക്കര, രൂപതാ മദ്യവിരുദ്ധ സമിതി പ്രസിഡന്റ് ബാബു മൂത്തേടന്, അന്തര്‍ദേശീയ മാതൃവേദി ജനറല്‍ സെക്രട്ടറി റോസിലി പോള്‍ തട്ടില്‍, എകെസിസി രൂപത ജനറല്‍ സെക്രട്ടറി ഡേവീസ് ഊക്കന്‍, രൂപതാ മദ്യവിരുദ്ധ സമിതി ട്രഷറര്‍ ജോളി തോമസ്, മേഖലാ കണ്‍വീനര്‍ ആന്റണി ഡേവിസ്, സെക്രട്ടറി ജസ്റ്റിന്, ട്രഷറര്‍ സിജോ ആലപ്പാട്ട് എന്നിവര്‍ യോഗത്തില്‍ പ്രസംഗിച്ചു.