ആസാദ് റോഡിലെ ഇരുപത്തിനാല് വീട് കോളനിയില്‍ ബാലവേദി രൂപീകരിച്ചു
ഇരിങ്ങാലക്കുട: ആസാദ് റോഡിലെ ഇരുപത്തിനാല് വീട് കോളനിയില്‍ ബാലവേദി രൂപീകരണത്തിന്റെ ഉദ്ഘാടനം കഥാകൃത്തും സാംസ്കാരിക പ്രവര്‍ത്തകനുമായ റഷീദ് കാറളം ഉദ്ഘാടനം ചെയ്തു. എഐവൈഎഫ് യൂണിറ്റ് സെക്രട്ടറി വിന്ധ്യ വിജീഷ് അധ്യക്ഷത വഹിച്ചു. ബാലവേദി കുട്ടികള്‍ക്ക് സ്വന്തം ജീവിതത്തില്‍ മാത്രമല്ല, സാമൂഹ്യപരമായ പരിവര്‍ത്തനങ്ങള്‍ക്കും മാതൃകാപരമായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് റഷീദ് കാറളം അഭിപ്രായപ്പെട്ടു. പ്രകൃതിയെ, ശുദ്ധജലത്തെ, കാര്‍ഷിക മേഖലയിലെ മാറ്റങ്ങളെയെല്ലാം കണ്ടറിഞ്ഞും പഠിച്ചും മുന്നോട്ട് പോകണം. സ്കൂള്‍ ചുവരുകള്‍ക്കുള്ളിലുള്ള വിദ്യാഭ്യാസം മാത്രമല്ല നമ്മുടെ അറിവും പരിജ്ഞാനവും. പുറംലോകം എന്നത് വലിയൊരു സര്‍വകലാശാലയും ഗ്രന്ഥശാലയുമാണ്. ഏതൊരറിവും ചെറുതല്ല. അറിയാന്‍ ശ്രമിക്കുംതോറും നമ്മളുടെ മാനസികവും ബുദ്ധിവികാസവും വളരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാര്‍ഡ് കൗണ്‍സിലര്‍മാരായ അഡ്വ. ജിഷ ജോബി, ഷെല്ലി വിന്‍സന്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി ശ്രുതി ധര്മ്മന് (പ്രസിഡന്റ്), വി.ബി. ആതിര (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു. സിജു പുത്തന്‍പുരയ്ക്കല്‍ സ്വാഗതവും വി.ബി. ആതിര നന്ദിയും പറഞ്ഞു.