ടാറിടല്‍ വൈകുന്നു, ചെളിനിറഞ്ഞ് റോഡ്
എടക്കുളം: പാലം നിര്‍മാണം പൂര്‍ത്തിയായിട്ടും അനുബന്ധ റോഡ് ടാറിടാത്തതിനാല് ചെളിനിറഞ്ഞ് ഇതുവഴിയുള്ള യാത്ര ദുരിതമാകുന്നു. പൂമംഗലം ഗ്രാമപഞ്ചായത്തില്‍ എടക്കുളത്തെ ഐക്കരക്കുന്നുമായി ബന്ധിപ്പിക്കുന്ന ആയിരംകോള്‍ പാലത്തിന്റെ അപ്രോച്ച് റോഡാണ് ടാറിടാന്‍ വൈകുന്നത്. 30 ലക്ഷം രൂപ ചെലവഴിച്ചാണ് പെരുംതോടിന്റെ അരിക് കെട്ടി പാലം നിര്‍മിച്ചിരിക്കുന്നത്. എന്നാല്‍ പാലം പണി പൂര്‍ത്തിയാക്കി മാസങ്ങള്‍ കഴിഞ്ഞിട്ടും അനുബന്ധറോഡ് ഇതുവരേയും നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടില്ലെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി. മഴ ശക്തമായതോടെ അപ്രോച്ച് റോഡിനായി മണ്ണിട്ടതിനു താഴെ ചെളിയും വെള്ളക്കെട്ടും മൂലം ഇതുവഴി യാത്രചെയ്യാന്‍ കഴിയാത്തതായി നാട്ടുകാര്‍ പരാതിപ്പെട്ടു. സമീപത്തെ സ്കൂളുകളിലേക്ക് ഒട്ടേറെ കുട്ടികളും ഇതുവഴി യാത്രചെയ്യുന്നുണ്ട്. ആയിരംകോള്‍ ക്ഷേത്രവും ഐക്കരക്കുന്ന് പാദുവാ നഗര്‍ പള്ളിയും സ്ഥിതിചെയ്യുന്നത് ഈ പാലത്തിനടുത്താണ്. പാലം പരിസരം എത്രയും വേഗം ടാറിട്ട് റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് ബിജെപി ബൂത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. നിധിന് പുത്തന്‍വീട്ടില്‍ അധ്യക്ഷത വഹിച്ചു.