കരുവന്നൂര്‍ പുഴയിലെ കുത്തൊഴുക്കിക്കില് ഒലിച്ചുപോയി മത്സ്യകൃഷി കൂട്
കാറളം: കരുവന്നൂര്‍ പുഴയില്‍ വെള്ളാനി നന്തി പ്രദേശത്ത് മത്സ്യകൂട് കൃഷി നടത്തിയ കര്‍ഷകരുടെ കൂടുകള്‍ കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ മഴവെള്ള കുത്തൊഴുക്കില്‍ ഒലിച്ചുപോയി. മീനുകള്‍ക്ക് രാവിലെ തീറ്റ നല്‍കുന്നതിന് എത്തിയപ്പോഴാണ് കൂട് നഷ്ടപ്പെട്ടത് കര്‍ഷകര്‍ അറിഞ്ഞത്. നന്തി കൊറ്റംകോട് പാലത്തില്‍ കൂടുകള്‍ രാവിലെ തടഞ്ഞുകിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഈ വിവരം മത്സ്യ കര്‍ഷകരായ അഖില്‍ ലക്ഷ്മണന്, സിജോ ഫ്രാന്‍സിസ് എന്നിവര്‍ അറിഞ്ഞത്. പുഴയില്‍ വലിയ മുളകള്‍ താഴ്ത്തികെട്ടിയും, വലിയ കരിങ്കല്ലുകളിലും, ചുറ്റുമുള്ള മരങ്ങളിലുമായി കയര്‍ കെട്ടി കൂടിന് സംരക്ഷണം നല്‍കിയിരുന്നു. എന്നാല്‍ രണ്ടു ദിവസമായി പെയ്ത കനത്ത മഴയുടെ കുത്തൊഴുക്കിലും കൂടാതെ പുഴയിലൂടെ രാത്രി വന്ന വലിയ മരങ്ങളുടെ ഇടിയുടെ ഭാഗമായി കൂടില്‍ കെട്ടിയ കയറുകള്‍ പൊട്ടിപോയതാവാം എന്നാണ് കര്‍ഷകര്‍ കരുതുന്നത്. ഏകദേശം ഒരു കൂടിന് ഒന്നര ലക്ഷം രൂപ ചിലവ് വരുന്നുണ്ട്, നാല് കൂടുകള്‍ക്കാണ് നാശനഷ്ടം സംഭവിച്ചത്, ഏകദേശം അയ്യായിരം തിലോപിയ മീനുകളും നാലായിരം കരിമീന്‍ കുഞ്ഞുങ്ങളും കൂടുകളില്‍ ഉണ്ടായിരുന്നു. പന്ത്രണ്ട് ലക്ഷം രൂപയുടെ നഷ്ടമാണ് മഴവെള്ള പാച്ചിലില്‍ മത്സ്യകൂട് കര്‍ഷകര്‍ക്ക് നേരിടേണ്ടി വന്നത്. സംഭവസ്ഥലത്ത് കാറളം പഞ്ചായത്ത് പ്രസിഡന്റ്് സീമ പ്രേംരാജ്, മെമ്പര്‍മാരായ അമ്പിളി റെനില്‍, സുനില്‍ മാലാന്ത്ര, ഫിഷറീസ് അക്കോ കള്‍ച്ചര്‍ പഞ്ചായത്ത് പ്രമോട്ടര്‍ അനില്‍കുമാര്‍ മംഗലത്ത്, ഇരിങ്ങാലക്കുട ഫയര്‍ഫോഴ്സ് സ്റ്റേഷന് ഓഫീസര്‍ ഗോപാലകൃഷ്ണന് മാവിലയുടെ നേതൃത്വത്തിലുള്ള ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു.