ഹരിതകര്‍മ സേനയ്ക്ക് മാലിന്യങ്ങള്‍ കൈമാറാതിരിക്കുന്നവര്ക്കെതിരെ കര്‍ശന നടപടികള്‍
കാട്ടൂര്‍: മാലിന്യങ്ങള്‍ ജൈവം, അജൈവം, അപകടകരമായ ഗാര്‍ഹിക മാലിന്യം എന്നിങ്ങനെ തരംതിരിച്ച് ഹരിത കര്‍മ സേനയ്ക്ക് കൈമാറാതിരുന്ന കുടുംബത്തിന്റെ വീട്ടില്‍ പഞ്ചായത്തും ആരോഗ്യ വിഭാഗവും സംയുക്തമായുള്ള പരിശോധനയില്‍ വീടിനു പുറക് വശത്ത് കുഴി കുഴിച്ച് മാലിന്യം നിക്ഷേപിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് 10000 രൂപ വീതം പിഴ ചുമത്തി. നിരോധിച്ച പ്ലാസ്റ്റിക് ഉപയോഗിക്കുന്നവരെ കണ്ടെത്തുന്നതിനുള്ള പരിശോധനയില്‍ ലംഘനം കണ്ടെത്തിയ ഫൈവ് സ്റ്റാര്‍ ബേക്കറി, കെവിആര്‍ വെജിറ്റബിള്‍സ് എന്നീ രണ്ടു വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെയും 10000 രൂപ പിഴ ചുമത്തി. പരിശോധനയ്ക്ക് കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം.എച്ച്. ഷാജിക്, അസിസ്റ്റന്റ് സെക്രട്ടറി രാജേഷ് ചന്ദ്രന്, ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ. നീതുമോള്‍, പഞ്ചായത്ത് സെക്ഷന്‍ ക്ലര്‍ക്ക് ഇ.എസ്. അമല്‍ എന്നിവര്‍ നേതൃത്വം നല്കി. നിരോധിച്ച പ്ലാസ്റ്റിക് ഉപയോഗിക്കുന്നവര്‍ക്കെതിരെയും ഹരിതകര്‍മ സേനയ്ക്ക് മാലിന്യങ്ങള്‍ കൈമാറാതിരിക്കുന്നവര്ക്കെതിരെയും കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതായിരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.